വായനയ്ക്ക് ഒരു നാട്

Mail This Article
വായനശാലകളിലെ ചില്ലലമാരകളിൽക്കിടന്നു ശ്വാസംമുട്ടിയിരുന്ന പുസ്തകങ്ങൾ വീട്ടുമുറ്റങ്ങളിലേക്കു നടന്നെത്തുന്നു...അവിടെ കാത്തിരിക്കുന്ന നൂറിലേറെ അക്ഷരസ്നേഹികൾ അവരെ സ്വീകരിച്ചു പന്തലിലേക്ക് ആനയിക്കുന്നു. ഉള്ളിലെ വാക്കുകളെ വായനക്കാർ ഹൃദയം കൊണ്ടു ചർച്ച ചെയ്യുന്നതുകണ്ട് പുസ്തകങ്ങൾ നിർവൃതി കൊള്ളുന്നു. ഇത്രയും വലിയ ആശയങ്ങൾ പേറിയാണോ താൻ പൊടിപിടിച്ച് ഇരുന്നതെന്നോർത്ത് അമ്പരക്കുന്നു. ആ സന്തോഷത്തോടെ അവർ അടുത്ത ചർച്ചാവേദികളിലേക്കു യാത്ര തുടരുന്നു. അവിടെയും പുഞ്ചിരിയോടെ സ്വീകരിക്കാൻ നൂറുകണക്കിന് അക്ഷരസ്നേഹികൾ. എല്ലായിടത്തും വായനയുടെ വസന്തം... വാക്കുകളുടെ സുഗന്ധം..
ഇതൊരു കാൽപനികന്റെ സ്വപ്നമാണെന്നു തെറ്റിദ്ധരിക്കല്ലേ. വീട്ടുമുറ്റത്തിരുന്നു കുട്ടികളും യുവാക്കളും മുതിർന്നവരും പുസ്തകത്തെക്കുറിച്ചു സജീവമായി ചർച്ച ചെയ്യുന്ന, വായനയാണു ലഹരിയെന്നു തിരിച്ചറിഞ്ഞൊരു നാട്ടിലൂടെ പോയപ്പോഴുണ്ടായ അനുഭവമാണ് ഇത്. വായനയെന്ന ഊർജം നൽകുന്ന ആവേശത്തിൽ എല്ലാ ആഴ്ചയും അവർ പുസ്തകങ്ങളെ വിളിച്ചുവരുത്തുകയാണ്. ചില്ലലമാര തുറന്ന് അവിടേക്കെത്താൻ പുസ്തകങ്ങൾ വെമ്പൽക്കൊള്ളുന്നു.
കണ്ണൂരിലെ പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ നടപ്പാക്കുന്ന ‘വായനായനം’ പുസ്തകചർച്ചയിൽ ആറുമാസം കൊണ്ട് വായിച്ചത് 15,000 പുസ്തകങ്ങൾ... പങ്കാളികളായത് ആറു ലക്ഷം പേർ!. ഇത്രയധികം പേരെ കണ്ടാൽ ഏതു പുസ്തകമാണ് അലമാരകൾ കടന്ന് ഇഷ്ടപ്പെട്ടവരുടെ അടുത്തേക്ക് ഓടിയെത്താതിരിക്കുക.
അതുകൊണ്ടാണ് മലയാളത്തിലെ പ്രമുഖരായ എഴുത്തുകാരെല്ലാം ഈ കോലായ ചർച്ചയിലേക്ക് എത്തുന്നത്. വായിച്ച പുസ്തകങ്ങളെക്കുറിച്ചു കുറച്ചുപേർ അനുഭവങ്ങൾ പറയുന്നു. ആ അനുഭവത്തെ മറ്റു ചിലർ കൂടുതൽ വാക്കുകളിലൂടെ പുതിയ തലത്തിലേക്കു കൊണ്ടുപോകുന്നു. അവിടംകൊണ്ടും തീരുന്നില്ല. വായിക്കാത്തവർ അടുത്തദിവസം തന്നെ ആ പുസ്തകം വാങ്ങി വായിക്കുന്നു. ഇതിനെയല്ലേ വായനാവസന്തം എന്നു പറയുന്നത്.
വായിച്ചിട്ടെന്താ കാര്യം
പ്രഭാഷകനും എഴുത്തുകാരനുമായ സുനിൽ പി.ഇളയിടം പറയുന്നുണ്ട് ‘‘ നോവൽ വായിച്ചിട്ടെന്താ കാര്യം? കഥ വായിച്ചിട്ടെന്താ കാര്യം എന്നൊക്കെ ചോദിക്കാറുണ്ട്. പുസ്തകം വായിച്ചാൽ ഉപകരണപരമായ, ഉപയോഗപരമായ കാര്യങ്ങളൊന്നുമില്ല. മറിച്ച് നോവലും കഥയും നിങ്ങളെ നിങ്ങളിൽനിന്നു മോചിപ്പിക്കുന്നു.
നാമൊക്കെ സ്ഥലംകൊണ്ടും കാലംകൊണ്ടും പരിമിതപ്പെട്ട ജീവിതത്തിന്റെ ഉടമകളാണ്. എവിടെയെങ്കിലും ജനിച്ച്, എവിടെയെങ്കിലും കുറച്ചുകാലം ജീവിച്ചു മരിച്ചുപോകുന്നവർ. മനുഷ്യവംശത്തിന്റെ ജീവിതമാകട്ടെ അനന്തവിശാലവും. ഈ അനന്തവിശാല മനുഷ്യജീവിതത്തിലേക്കു നമ്മെ ഓരോരുത്തരെയും കൂട്ടിക്കൊണ്ടുപോകുന്ന ക്ഷണപത്രങ്ങളാണു പുസ്തകങ്ങൾ’’.
വായനയുടെ ഇത്തരം ധർമങ്ങൾ തിരിച്ചറിഞ്ഞതുകൊണ്ടാണ് 11 പഞ്ചായത്തുകളും ഒരു നഗരസഭയും ഉൾപ്പെടുന്ന പ്രദേശത്തെ ആറു ലക്ഷം പേർ പുസ്തകചർച്ചയ്ക്കായി മണിക്കൂറുകൾ മാറ്റിവയ്ക്കുന്നത്. മൊബൈൽ ഫോണുകൾ മാറ്റിവച്ച്, മറ്റൊരു കാര്യവും ചിന്തിക്കാതെ, ഇരുട്ടിനെ മുറിച്ചെത്തുന്ന അക്ഷരവെളിച്ചത്തിലിരുന്നാണ് അവർ ചർച്ച ചെയ്യുന്നത്. ആ വെളിച്ചം അവരുടെ തലച്ചോറിലേക്കാണു പ്രവേശിക്കുന്നത്.
സർക്കാർ നൽകുന്ന സാമ്പത്തിക സഹായം കൊണ്ട് കേരളത്തിലെ ലൈബ്രറികളെല്ലാം പുസ്തകങ്ങൾ വാങ്ങുന്നുണ്ടെങ്കിലും അവയ്ക്കു ചില്ലലമാരയിൽ അടങ്ങിയിരിക്കാനെ യോഗമുണ്ടാകാറുള്ളൂ. ലൈബ്രറികളിൽ അലമാരകളുടെ എണ്ണം കൂടുന്നുവെന്നല്ലാതെ വായനക്കാർ വരുന്നതു കുറവായിരുന്നു. ഇങ്ങനെ പോയാൽ കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനം തന്നെ തകർന്നുപോകുമെന്നു മനസ്സിലാക്കിയാണു പയ്യന്നൂരുകാർ ഉണർന്നു പ്രവർത്തിച്ചത്. കോവിഡ് കാലത്ത് റീഡേഴ്സ് ഫോറം രൂപീകരിച്ച് ഓൺലൈനായി പുസ്തക ചർച്ച നടത്തി. അതിലെ സജീവ പങ്കാളിത്തത്തിൽനിന്നാണ് വായനക്കൂട്ടത്തിലേക്കു കടന്നത്. തുടർന്നാണ് വായനായനം ആരംഭിക്കുന്നത്.
വീടൊരുങ്ങി വായനയ്ക്ക്
എരമം കുറ്റൂർ, കാങ്കോൽ ആലപ്പടമ്പ്, കരിവെള്ളൂർ പെരളം, രാമന്തളി, കുഞ്ഞിമംഗലം, മാടായി, ഏഴോം, ചെറുതാഴം, കടന്നപ്പള്ളി പാണപ്പുഴ, ചെറുപുഴ, പെരിങ്ങോം വയക്കര പഞ്ചായത്തുകളും പയ്യന്നൂർ നഗരസഭയുമാണ് കൗൺസിലിനു കീഴിലുള്ളത്. ഇവിടങ്ങളിലെ 250 ലൈബ്രറികൾക്കു കീഴിൽ 10 വീതം വായനാവീടുകൾ തിരഞ്ഞെടുത്തു. ഓരോ വായനാവീടിനും ഓരോ ചെയർമാനും കൺവീനറും. ഓരോ വായനാവീട്ടിലും മാസത്തിൽ ഒരു പുസ്തകം ചർച്ച ചെയ്യും. ഒരുമാസം 2500 വായനാവീടുകളിൽ 2500 പുസ്തകങ്ങളാണ് ചർച്ചയ്ക്കെടുക്കുന്നത്. അങ്ങനെ സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെ ആറുമാസം കൊണ്ട് 15,000 പുസ്തകങ്ങൾ ചർച്ച ചെയ്തു.
ചർച്ച ചെയ്യുന്ന പുസ്തകം ഏതാണെന്ന് 10 ദിവസം മുൻപേ എല്ലാവരെയും അറിയിക്കും. വായനാവീട് എന്നതു സ്ഥിരം ഒരു വീടാകണമെന്നില്ല. മാസാമാസം മാറിക്കൊണ്ടിരിക്കും. രാത്രി ഏഴിനാണ് ചർച്ച ആരംഭിക്കുക. വരുന്നവർക്ക് സ്വാഗതം പറയുക ആ വീട്ടിലെ ഗൃഹനാഥയായിരിക്കും. ഒരാൾ പുസ്തകം അവതരിപ്പിക്കും. വായിച്ചവർ പുസ്തകത്തെക്കുറിച്ച് അഭിപ്രായം പറയും. തുടർന്ന് ആ പുസ്തകത്തെക്കുറിച്ചോ അതുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചോ ചർച്ച. രാത്രി 11 വരെ ചർച്ച ചെയ്തിട്ടും മതിയാകാത്ത പുസ്തകങ്ങൾ ഉണ്ടായിട്ടുണ്ടെന്നു ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ശിവകുമാർ പറഞ്ഞു.
പയ്യന്നൂർ എംഎൽഎ ടി.ഐ.മധുസൂദനൻ ചെയർമാനും ശിവകുമാർ ജനറൽ കൺവീനറുമായ സംഘാടക സമിതിയാണ് എല്ലാം നിയന്ത്രിക്കുന്നത്. ചർച്ചയ്ക്കിടെ വീട്ടുകാർ നൽകുന്ന ലഘുഭക്ഷണവും ചായയും. എല്ലായിടത്തും നൂറിലധികം പേർ ചർച്ചയിൽ പങ്കെടുക്കും. കുറഞ്ഞത് 30 പേരെയാണ് സംഘാടകസമിതി പ്രതീക്ഷിച്ചിരുന്നതെങ്കിലും എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് നൂറിലേറെ പേർ പങ്കെടുത്തു. വിദ്യാർഥികൾ മുതൽ 80 വയസ്സായവർ വരെ അക്ഷരങ്ങളുടെ അദ്ഭുതലോകത്തെത്തി.
‘‘ എന്റെ അല്ലോഹലൻ എന്ന നോവൽചർച്ചയുമായി ബന്ധപ്പെട്ട് കരിവെള്ളൂർ പാലത്തെ ഒരു വായനായനത്തിൽ പങ്കെടുത്തിരുന്നു. 80 വയസ്സുള്ള ഒരമ്മയെ ഞാൻ കണ്ടു. രണ്ടര മണിക്കൂർ ചർച്ച തീരുന്നതുവരെ അവർ സജീവമായി നിന്നു. ശരിക്കും ഞാൻ അദ്ഭുതപ്പെട്ടുപോയി’’– എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് പറഞ്ഞു. 12 വായനായനങ്ങളിലാണ് അംബികാസുതൻ പങ്കെടുത്തത്. എല്ലാം നിറഞ്ഞ സദസ്സിലെ ചർച്ചകൾ. കുട്ടികളും മുതിർന്നവരും ഒരുപോലെ പുസ്തകത്തെ പ്രണയിക്കുന്നതു കണ്ട് കണ്ണുനിറഞ്ഞു പോയെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
‘‘ ഒരിടത്തു ചർച്ച നടക്കുമ്പോൾ പെട്ടെന്നു മഴ പെയ്തു. അന്നേരം എല്ലാവരും ആ വീടിന്റെ അകത്തേക്കു കയറിയിരുന്നു ചർച്ച തുടർന്നു. പുറത്തെ പെരുമഴയുടെ ശബ്ദമൊന്നും കേൾക്കാനുണ്ടായിരുന്നില്ല. അത്രയ്ക്കായിരുന്നു ആ വായനക്കൂട്ടത്തിന്റെ ആവേശം. ഈ വായനാലഹരി കേരളം മുഴുവൻ പരക്കണമെന്നാണ് എന്റെ അഭിപ്രായം.
പ്രത്യേകിച്ചു ചെറുപ്പക്കാർക്കിടയിൽ. വായനയോളം ലഹരിതരുന്ന മറ്റൊന്നില്ല എന്നു ബോധ്യമായാൽ എല്ലാവരും ഇങ്ങോട്ടുവരും. പുസ്തകം വായിക്കുന്നൊരാൾക്ക് അക്രമം നടത്താൻ കഴിയില്ല. അപരന്റെ ശബ്ദം സംഗീതമായി കേൾക്കാനേ കഴിയൂ. കേരളം ഇപ്പോൾ അകപ്പെട്ട ചുഴിയിൽനിന്നു രക്ഷപ്പെടാൻ വായന പ്രോത്സാഹിപ്പിക്കുകയാണു വേണ്ടതെന്നാണ് എന്റെ അഭിപ്രായം’’– അംബികാസുതൻ മാങ്ങാട് പറയുന്നു.
കേരളത്തിലെ ഒട്ടുമിക്ക എഴുത്തുകാരെയും ഈ പരിപാടിയിലേക്കു കൊണ്ടുവരാൻ സാധിച്ചുവെന്നതാണ് വായനായനത്തിന്റെ മറ്റൊരു നേട്ടം. സി.വി.ബാലകൃഷ്ണൻ, അംബികാസുതൻ മാങ്ങാട്, കൽപറ്റ നാരായണൻ, സുനിൽ പി.ഇളയിടം, ഇ.പി.രാജഗോപാലൻ തുടങ്ങിയവരൊക്കെ പല തവണ പങ്കെടുത്തു. ‘ലോകമുദ്രകൾ’ എന്ന ക്ലാസിക് കൃതികളെ പരിചയപ്പെടുത്തുന്ന പരിപാടി നടത്തിയപ്പോൾ 25 പ്രമുഖ എഴുത്തുകാരാണ് 25 ക്ലാസിക് പുസ്തകങ്ങൾ പരിചയപ്പെടുത്തിയത്.
ഉരിയാട്ടം എന്ന പരിപാടി ഉദ്ഘാടനം ചെയ്തത് എൻ.എസ്.മാധവനായിരുന്നു. വായനക്കാരുടെ വീട്ടുമുറ്റത്തുവന്ന് എഴുത്തുകാരൻ സ്വന്തം പുസ്തകത്തെക്കുറിച്ചു പറയുമ്പോൾ ഇല്ലാതാകുന്നത് വായനക്കാരനും എഴുത്തുകാരനും തമ്മിലുള്ള അകലമാണ്.
പയ്യന്നൂർ ഷേണായി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വായനായനത്തോടനുബന്ധിച്ച് 1500 പുസ്തകങ്ങളാണ് കുട്ടികൾ അവതരിപ്പിച്ചത്. 31 വേദികളിലായിരുന്നു പുസ്തകാവതരണം ക്രിസ്മസ് അവധിക്കാലത്ത് വായിച്ച പുസ്തകങ്ങളായിരുന്നു ഇതെല്ലാം.
അക്ഷരവെളിച്ചത്തിൽ കുളിച്ചു നിൽക്കുകയാണ് പയ്യന്നൂരിലെ ലൈബ്രറികൾ. ഇഷ്ടപ്പെടുന്ന ആളുകൾ നിറഞ്ഞ സ്ഥലത്തെത്തിയ പുസ്തകങ്ങളുടെ സന്തോഷത്തിനും അതിരില്ല. കേരളമാകെ ഈ പ്രകാശം പരക്കാനായാൽ ഇപ്പോഴത്തെ ആകുലതകൾ ഒരുപരിധിവരെ ഇല്ലാതാകുമെന്നതിൽ സംശയമില്ല.