ADVERTISEMENT

ടൂറിസം വളരുന്നത് വമ്പൻ റിസോർട്ടുകളിലല്ല, വീടുകളിലാണ്. വില്ല ഹോം സ്റ്റേ, ഫാം സ്റ്റേ, പ്ളാന്റേഷൻ സ്റ്റേ, ഹെറിറ്റേജ് സ്റ്റേ... എന്നിങ്ങനെയാണു പോക്ക്. 3 മുതൽ 7 മുറികൾ വരെ മതി. മിക്കതും ഏതെങ്കിലും ആറിന്റേയോ കായലിന്റേയോ, റിസർവോയറിന്റേയോ, കടലിന്റേയോ തീരത്താണെന്നു മാത്രം.  

വിദേശ മലയാളികൾ നാട്ടിലെത്തിയാൽ പഴയ പോലെ സ്വന്തം വീടോ ബന്ധുക്കളുടെ വീടോ തപ്പി പോകുന്നില്ല. മിക്കവർക്കും ഇവിടെ വീടുമില്ല. പകരം മനോഹരമായൊരു ഹോം സ്റ്റേയിൽ താമസിക്കുന്നു. എന്നിട്ട് കാണാൻ ബന്ധുക്കളെ അങ്ങോട്ടു വരുത്തുകയാണ്. വരുത്തി കൊത്തിക്കുക എന്നു കേട്ടിട്ടേയുള്ളു, ടൂറിസത്തിലാണു കാണുന്നത്. 

മൂന്നോ,നാലോ മുറികളുള്ള ഹോംസ്റ്റേ മുഴുവനായി ഏറ്റെടുത്ത് എൻആർഐ അങ്കിളും ആന്റിയും ‘പത്തീസം’ താമസിക്കുകയാണെങ്കിൽ ബന്ധുക്കളെ അങ്ങോട്ടു ക്ഷണിക്കുന്നു. ബാക്കിയുള്ള മുറികളിൽ ക്ഷണിക്കപ്പെട്ട ബന്ധുക്കൾക്ക് സൗകര്യം പോലെ ‘ഒരീസം രണ്ടീസം’ താമസിക്കാം. നാട്ടുവർത്തമാനം പറയാം, പോത്തിനെ തിന്നാം, പായസം കുടിക്കാം. 

ഒരിടത്ത് മുറിക്ക് 5000 രൂപ. 4 മുറിയും ഒരുമിച്ചെടുത്താൽ 18000 മാത്രം. പല ഭാഗങ്ങളിൽ നിന്നുള്ള ബന്ധുക്കളും കൂട്ടുകാരും അലമ്നൈ അലമ്പുകാരും വന്നു താമസിക്കുന്നു. അലമ്പുണ്ടാക്കാതിരുന്നാൽ മതി. ഇടയ്ക്ക് കല്യാണം കൂടാൻ പോകാം. അടുത്ത് ആറോ കായലോ ഉണ്ടെങ്കിൽ ഹൗസ് ബോട്ട് യാത്രയുമുണ്ട്. അതാണ് മണിമലയാറിന്റേയും പൂക്കൈതയാറിന്റേയും കാളിയാറിന്റേയും പുളിങ്കുന്നാറ്റിന്റേയും മറ്റും പരിസരങ്ങളിൽ ഹോംസ്റ്റേകൾ പൊട്ടിമുളയ്ക്കുന്നതിന്റെ രഹസ്യം. 

രാത്രി നിലാക്കുളിരിൽ വിശാലമായ കായലിലേക്കോ കണ്ടത്തിലേക്കോ നോക്കിയിരിക്കുമ്പോൾ ‘നിലാവിന്റെ നാട്ടിൽ’ എന്നോ മറ്റോ പേരിട്ട് ആത്മകഥ എഴുതിയാലോന്ന് ഏത് എൻആർഐക്കും തോന്നും. എൻആർഐ ആത്മകഥകളിൽ നിലാവ് പ്രധാന ഐറ്റമാണല്ലോ യേത്..?? 

ഫാം സ്റ്റേയിൽ സായിപ്പും മദാമ്മയുമാണു വരുന്നതെങ്കിലോ? വന്നയുടൻ സായിപ്പേ ജിഞ്ചർ കാൻഡി എന്നു പറഞ്ഞ് വിശിഷ്ട ഭോജ്യം പോലെ ഇഞ്ചിമുട്ടായി കൊടുക്കും. ശേഷം പറമ്പ് കാണിക്കാൻ കൊണ്ടു പോകും. സകലമാന കൃഷികളുമുണ്ട്. പൈനാപ്പിൾ വെട്ടിക്കൊടുക്കും. സന്ധ്യ കഴിഞ്ഞാൽ ഡിന്നർ കുക്ക് ചെയ്യുന്നതു കാണിച്ചു കൊടുക്കും. 

നേരം വെളുത്താൽ യോഗ മസ്റ്റാണ്. റബർ വെട്ടും പുകപ്പുരയും ഷീറ്റടിക്കലും കാണാം. പിന്നെ പ്രൈവറ്റ് ബസിൽ കയറ്റി നാടുകാണിക്കും. വഴിയിലൊരു മുക്കിൽ നിറുത്തി ഓട്ടോ പിടിച്ച് അതിലൊരു യാത്ര. ചാഞ്ഞ മരത്തിന്റെ മേളിൽകേറി ആറ്റിലേക്കൊരു ഡൈവിംഗ്! സായിപ്പ് ഖുശി!

ഒടുവിലാൻ∙ പഴയ തറവാട് ഹോംസ്റ്റേകളുണ്ട്. ഇവിടെ പുരാവസ്തുക്കളുടെ ഡിസ്പ്ളേ. പനയോലയിലെഴുതിയ പ്രമാണം, നാലു തലമുറ മുമ്പത്തെ പെട്ടികൾ, മുറുക്കാൻ ചെല്ലം, കോളാമ്പി, വാർപ്പ്, പത്തായം, പറ, കിണ്ടി...!! പഴയ ബെഡ്പാനും കണ്ടേക്കും!

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com