ഇത്രയും വെറൈറ്റി കിട്ടുന്ന ഇടമോ? സ്റ്റാറായി സുഡ സുഡ ഇഡ്ഡലി

Mail This Article
നടനും അവതാരകനുമായ വെങ്കിടേഷും സുഹൃത്തുക്കളും ചേർന്ന് ആരംഭിച്ച ഇഡ്ഡലി കടയാണ് സുഡ സുഡ ഇഡ്ഡലി. ഇഡ്ഡലിയുടെ വൈവിധ്യം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യപൂർവം ഇവിടേക്ക് വരാം. നവംബർ 16ന് ആയിരുന്നു വെങ്കിടേഷും സുഹൃത്തുക്കളും ചേർന്ന് ഇഡ്ഡലി കട ആരംഭിച്ചത്. അമ്മമാർ ചേർന്ന് ആയിരുന്നു കട ഉദ്ഘാടനം ചെയ്തത്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് തെക്കേ നടയ്ക്ക് സമീപമാണ് വെങ്കിയുടെ സുഡ സുഡ ഇഡ്ഡലി കട.

വൈവിധ്യങ്ങളാണ് വെങ്കിയുടെ ഇഡ്ഡലി കടയുടെ പ്രത്യേകത. സോയ ഇഡ്ഡലി, ഹാർട്ട് പൊടി ഇഡ്ഡലി, മിനി പൊടി ഇഡ്ഡലി, ബട്ടർ ഇഡ്ഡലി എന്നിവയാണ് വെങ്കിയുടെയും കൂട്ടുകാരുടെയും കടയിൽ ഭക്ഷണപ്രിയരെ കാത്തിരിക്കുന്നത്. സാമ്പാർ, തക്കാളി ചട്ണി, കട്ടി ചമ്മന്തി, രണ്ട് തരത്തിലുള്ള പൊടികൾ (ദോശ പൊടി, കറിവേപ്പില പൊടി) എന്നിവയാണ് ഇഡ്ഡലിക്കൊപ്പം നൽകാറുള്ളത്.

കൂട്ടുകാർ എല്ലാവരും ചേർന്നിരുന്നപ്പോൾ അഞ്ചു മിനിറ്റിനുള്ളിൽ തോന്നിയ ഒരു ആശയമാണ് സുഡ സുഡ ഇഡ്ഡലിയുടേത്. സുഹൃത്തുക്കളായ അഞ്ചു പേർ ചേർന്നാണ് ഇഡ്ഡലിക്കട തുടങ്ങിയത്. സുപ്രഭാതം ഓൺ വീൽസ് എന്നായിരുന്നു ആദ്യം പേര് നൽകാൻ ഉദ്ദേശിച്ചതെങ്കിലും പിന്നീട് സുഡ സുഡ ഇഡ്ഡലി എന്ന് പേരു മാറ്റുകയായിരുന്നു. ഇഡ്ഡലി വേവാൻ കുറച്ച് സമയം എടുക്കുന്നതിനാൽ വരുന്ന കസ്റ്റമേഴ്സിൽ പലരും കൂടുതൽ സമയമെടുത്ത് കാത്തു നിന്നാണ് ഇഡ്ഡലി കഴിക്കുന്നത്. അതിൽ വളരെ സന്തോഷമുണ്ടെന്നും വെങ്കി മാധ്യമങ്ങളോട് വ്യക്തമാക്കി.

ആദ്യം ഒരു സ്റ്റീമറായിരുന്നു ഉപയോഗിച്ചിരുന്നെങ്കിൽ ഇപ്പോൾ രണ്ട് സ്റ്റീമറിലാണ് ഇഡ്ഡലി തയാറാക്കുന്നത്. മിനി പൊടി ഇഡ്ഡലി 60 രൂപ, ബട്ടർ ഇഡ്ഡലി 60 രൂപ, ഹാർട്ട് ഇഡ്ഡലി 60 രൂപ എന്നിങ്ങനെയാണ് വിലവിവര പട്ടിക. വെങ്കിടേഷിനൊപ്പം വിഘ്നേഷ്, അരുൺ കുമാർ, വിജയ് കുമാർ, ശ്രീറാം കൃഷ്ണ സ്വാമി എന്നിവർ ചേർന്നാണ് സുഡ സുഡ ഇഡ്ഡലി കട തുടങ്ങിയത്. മെയ് മാസത്തോടെ തിരുവനന്തപുരത്ത് തന്നെ കുറച്ച് കൂടി മെച്ചപ്പെട്ട സൗകര്യങ്ങളോട് കൂടിയ ഇഡ്ഡലി കട തുടങ്ങുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടെന്നും വെങ്കി വ്യക്തമാക്കി. ഹൈദരാബാദിൽ പോയപ്പോൾ കണ്ട വിഭവമായ ദം ഇഡ്ഡലിയും സുഡ സുഡ ഇഡ്ഡലി കടയിലുണ്ട്. ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെ വൈകുന്നേരം ഏഴുമണി മുതൽ 10 മണി വരെയാണ് കട തുറന്നു പ്രവർത്തിക്കുക. തിങ്കളാഴ്ച അവധിയാണ്.