ADVERTISEMENT

പത്തു വർഷം മുൻപ് അയർലൻഡിലെ എംബിഎ കാലത്ത്, ഒരു സൂപ്പർ സ്റ്റോറിൽ പാർട് ടൈം ജോലി ചെയ്തിരുന്നു. ചില ദിവസം ഓഫ് ലൈസൻസിൽ ആകും ഡ്യൂട്ടി. പബ്ബ് ഒഴികെയുള്ള മദ്യവിൽപന കേന്ദ്രങ്ങളാണ് ഓഫ് ലൈസൻസ്. അവിടെ വീഞ്ഞിന്റെ വൻശേഖരമുണ്ട്. അതിനു മുമ്പ് ലഹരി പാനീയവുമായുള്ള സഹവാസം കുറവ്. പള്ളിയിലെ വീഞ്ഞ് വല്ലപ്പോഴും ഓസ്തി മുക്കി കിട്ടിയാലായി. കല്യാണവീട്ടിൽ കേക്കും വൈനും - മുന്തിരിയോ ബീറ്റ്റൂട്ടോ കെട്ടിയത്– ചെറുഡപ്പിയിൽ കുടിച്ചിട്ട് എന്താകാനാണ്? ക്രിസ്മസിന് വീട്ടിൽ കെട്ടുന്ന വൈൻ, ഏറിവന്നാൽ മധുരം കൂടിയ മുന്തിരി ജൂസ്. ബവ്റിജിൽനിന്നു വാങ്ങുന്ന വീഞ്ഞിന്റെ പേര് പോർട്ട്. ഗോവയിൽ ഉണ്ടാക്കുന്ന പോർച്ചുഗീസ് വൈൻ. ഇന്ത്യൻ നിർമിത വിദേശമദ്യം എന്നു പറയുന്ന പോലെ ഒരു തമാശ. ഓസ്‌ട്രേലിയൻ ഇറക്കുമതിയായ വിൻധാം എസ്റ്റേറ്റ് ആകുന്നു ബവ്റിജിൽ കിട്ടുന്ന ഭേദപ്പെട്ട വീഞ്ഞ്. മധുരമുള്ള വീഞ്ഞ് മാത്രമായിരുന്നു പരിചിതം.

അയർലൻഡിലെ ആദ്യരാവിൽ അത്താഴ വേളയിൽ വെളുത്ത വീഞ്ഞിനെ അടുത്തറിഞ്ഞു. ചവർപ്പും കയ്പും അമ്ലതയും പഴരുചിയും മരരുചിയും മറ്റനേകം രസങ്ങളും വീഞ്ഞിലുണ്ടെന്ന് വഴിയേ അറിഞ്ഞു.

ഓഫ് ലൈസൻസ് മാനേജർ സ്റ്റീഫനുമായി ഞാൻ സൗഹൃദത്തിലായി. അയാളെന്നെ പഠിപ്പിച്ചു; വീഞ്ഞ് ഉണ്ടാക്കുന്ന കല, കുടിക്കുന്ന കല. ചെറിയ കളിയല്ല. ചുവന്ന മുന്തിരിയിൽനിന്നു റെഡ് വൈൻ. വെള്ള മുന്തിരിയിൽനിന്നു വൈറ്റ് വൈൻ. കേൾക്കുന്ന പോലെ ലളിതമല്ലിത്, വൈവിധ്യമേറെ. വൈറ്റ് വൈനിൽ സാവിഞ്ഞൺ ബ്ളാൻക് (Savignon blanc, അസിഡിറ്റി കൂടുതൽ), ഷാർഡണേ (Chardonnay, സ്മൂത്ത്), പിനോ ഗ്രിഷിയോ (Pinot grigio, അൽപം രൂക്ഷം), റീസ്‌ലിങ് (Riesling, അൽപം മധുരവും നുരയും) തുടങ്ങിയവ. ഓക്ക് ബാരലിൽ കെട്ടിയതും അല്ലാത്തതുമുണ്ട്. പഴക്കം കൂടുന്തോറും ഗ്ലാമർ കൂടും, വിലയും കൂടും. റെഡ് വൈനിൽ കബർനെ സാവിഞ്ഞൺ (Cabernet savingon), പിനോ നോയർ (Pinot noir), മെർല (Merlot), സിറാ (Syrah), ഷിറാസ് (Shiraz), മാൽബാക് (Malbec), ഗ്രെനാഷ് (Grenache) എന്നിങ്ങനെ. നിറം ഒരു പോലെയെന്നു തോന്നാം. പക്ഷേ അല്ല, നിറത്തിലും രുചിയിലും നേരിയ വ്യത്യാസം. ഫെർമെന്റേഷൻ, ഏജിങ് / ബോട്ട്ലിങ് പ്രോസസ്, ചേർക്കുന്ന മദ്യത്തിന്റെ അളവ് ഇതെല്ലാം മാറും. ഒരു വീഞ്ഞുകലാ പ്രേമിക്കല്ലാതെ അത് തിരിച്ചറിയാനാവില്ല. ഉൽപാദന സമയത്ത്, രാസപ്രവർത്തനം വഴിയുണ്ടാകുന്ന ആൽക്കഹോൾ കൂടാതെ ഫെർമെന്റേഷനു മുമ്പ് പുറത്തുനിന്ന് വേറേ ചേർക്കും. പോർട്ട് വൈനിലാണ് അളവ് കൂടുതൽ (20%).
ഫോർട്ടിഫിക്കേഷൻ എന്നു പറയും. ബലപ്പെടുത്തണമല്ലോ, കാശ് കൊടുത്ത് പച്ചവെള്ളം കുടിക്കാൻ പറ്റില്ല.

പച്ചവെള്ളം പോലുള്ള വീഞ്ഞുമുണ്ട്. വെറും നാല് ശതമാനം ആൽക്കഹോൾ. ആർക്കു വേണം? ലേഡീസ് വൈൻ എന്നു പേര്. തുടക്കക്കാർക്ക് ഉത്തമം; കുടിച്ചു പഠിക്കാൻ. അയർലൻഡിലെ പാർട്ടികളിൽ മലയാളി വനിതകൾക്ക് ഇത് പ്രിയം. ഐറിഷ് പെൺകൊടികൾക്ക് ഇതൊന്നും പോര. ഒരു ഫുൾ 40% ബോട്ടിൽ ഡെയ്‌ലി വാങ്ങുന്ന അമ്മാമ്മമാർ എന്റെ കസ്റ്റമർമാരാണ്. വീക്കെൻഡിൽ ബോയ് ഫ്രൻഡിനൊപ്പം ഹാർഡ് ലിക്കറുമായി സല്ലപിക്കുന്ന യുവതികളും ധാരാളം.

കച്ചവടം മെച്ചപ്പെടുത്താനാണ് സ്റ്റീഫൻ ഇതെല്ലാം എന്നെ പഠിപ്പിച്ചത്. വാങ്ങാൻ വരുന്നവർക്കു വേണ്ട ഉപദേശം നൽകണം. അവരുടെ അഭിരുചികൾക്കും വിശേഷ അവസരങ്ങൾക്കും ഇണങ്ങുന്നതേത്? സ്ഥിരക്കാരോടല്ല, വീഞ്ഞുപണ്ഡിതർ അല്ലാത്തവരോട്. ഇനി ചോയ്സ് തെറ്റിയാലും പ്രശ്നമില്ല, വൈൻ ഒരു കവിൾ കുടിച്ചിട്ട് ഇഷ്ടമായില്ലെങ്കിൽ കുപ്പിയോടെ തിരിച്ചു കൊണ്ടുവരാം. തിരിച്ചെടുത്ത് തൃപ്തികരമായ മറ്റൊന്നു കൊടുക്കും. കസ്റ്റമർ സർവീസ്, അതാണ്! ഉൽപാദകർക്കോ വിതരണക്കാർക്കോ നഷ്ടമില്ല. ആ നിലയിൽ വൈനിന്റെ വിലയും മാർജിനും നിശ്ചയിച്ചിരിക്കുന്നു. പക്ഷേ അപൂർവം പേരേ തിരികെ കൊണ്ടുവരാറുള്ളൂ.

wine-art
Image Credit : Manjula Prakash

 

 

വീഞ്ഞിന്റെ ഭൂമിശാസ്ത്രം 
 വീഞ്ഞിന്റെ ഭൂമിശാസ്ത്രം (എവിടെയുണ്ടാക്കുന്നു എന്നത് പ്രധാനം), കാലാവസ്ഥ (ചൂട്, തണുപ്പ്, മഞ്ഞ്), മണ്ണിന്റെ അമ്ലത, ക്ഷാരത, മുന്തിരിയുടെ മൂപ്പ്, ഉണ്ടാക്കുന്നവരുടെ പരിചയം, പാരമ്പര്യം- വീഞ്ഞിന്റെ നിലവാരം നിർണയിക്കുന്ന ഘടകങ്ങൾ ഏറെ. മദ്യമല്ല, കവിതയും സൗന്ദര്യവുമാണ് അവർ ക്യൂറേറ്റ് ചെയ്ത് കുപ്പിയിൽ നിറയ്ക്കുന്നത്. യൂറോപ്പിൽ നൂറ്റാണ്ടുകളായി വീഞ്ഞുണ്ടാക്കുന്ന കുടുംബങ്ങളുണ്ട്. അവർക്കറിയാം ഇതിന്റെ തുമ്പും വാലും. ഫസ്റ്റ് എഡിഷൻ ഇറങ്ങുന്നതിനു മുമ്പേ വൈൻ രുചിക്കുന്നവർ (ഇതൊരു ജോലിയാണ്) വിധി കൽപിക്കും, പരിഷ്കരിച്ച് വീണ്ടും ഇറക്കും. രണ്ടാം തവണ വിധിക്കാൻ വരുന്നത് യൂറോപ്പിലെ പേരെടുത്ത വീഞ്ഞ് നിരൂപകർ. അവരുടെ ചെലവ് വീഞ്ഞു നിർമാതാക്കൾ വഹിക്കും. സാധനം ഇഷ്ടപ്പെട്ടാൽ പ്രചാരമുള്ള ലൈഫ് സ്റ്റൈൽ മാഗസിനുകളിൽ ലഹരിപാനീയത്തെ പുകഴ്ത്തി എഴുതും. സീസണിന്റെ തുടക്കത്തിൽ പബ്ലിസിറ്റി ഗുണം ചെയ്യും.

പ്രശസ്തമായ വീഞ്ഞുതരങ്ങൾ അവ ഉണ്ടാക്കുന്ന സ്ഥലത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. ഫ്രാൻസിലെ ഒരു വീഞ്ഞുൽപാദന മേഖലയാണ് ഷാംപെയ്ൻ.
പോർട്ട് വൈൻ പോർച്ചുഗലിലെ പോർട്ടോ റീജനിൽ വിളയുന്നു.
ബോർദോ, ബർഗണ്ടി, ഫ്ളൂറി, ഷാബ്ളി- ഇവ ഫ്രാൻസിന്റെ രത്നങ്ങൾ. ഫ്രഞ്ച് വൈൻ കാൽപനികമാണ്.
ഇറ്റലിയിൽ വെനെറ്റോ, പീഡ്മണ്ട്, സിസിലി (അഗ്നിപർവത ലാവ കലർന്ന മണ്ണ് നൽകുന്ന സവിശേഷ രുചി), ടസ്കൻ റീജൻ (ഡാവിഞ്ചിയുടെ പേരിലുമുണ്ട് വൈൻ, വാൻഗോഗിനുമുണ്ട് സ്വന്തം പേരിൽ മദ്യം).
സ്പെയിൻ, ദക്ഷിണാഫ്രിക്ക, അമേരിക്ക (കലിഫോർണിയയിലെ നാപ താഴ്‌വര), ചിലെ, അർജന്റീന, ഓസ്‌ട്രേലിയ, ജർമനി- മേൽത്തരം വൈനിന്റെ കേദാരങ്ങൾ.
ക്ലാസ് കൂടുമ്പോൾ വിലയും കൂടും. ചീപ് വൈൻ തലവേദനയുണ്ടാക്കും. ഒന്നാംതരം വീഞ്ഞ് കുപ്പിയിൽനിന്ന് ചേതോഹരമായ ചഷകത്തിൽ പകരുമ്പോഴുള്ള ശബ്ദം, സംഗീതം, അത് നിർമിക്കുന്ന ചുവപ്പിന്റെ പല അടരുകൾ- ഒറ്റവാക്കിൽ സൗന്ദര്യാനുഭവം!

 

ഓൺ ദ റോക്ക്സ്

Image Credit :  Sajesh Mohan
Image Credit : Sajesh Mohan

‘‘ഭരത്, നോ സോഡ! ഓൺ ദ് റോക്സ് മതിയെനിക്ക്’’ (കമ്മീഷണിറലെ സോമൻ). പരിചയമുള്ള മദ്യാസ്വാദകരിൽനിന്ന് അർഥം മനസ്സിലാക്കി. ഗ്ലാസിൽ ഐസ്ക്യൂബ് ഇടുന്നു, മുകളിൽ മദ്യം ഒഴിക്കുന്നു. വെള്ളം വേറെ ചേർക്കരുത്.
ഐസ് ഇടുന്നതിന്റെ ഉദ്ദേശ്യം ഹോട്ട് ഡ്രിങ്കിനെ തണുപ്പിക്കൽ. നിലവാരമുള്ള ഹാർഡ് ലിക്കറിൽ വെള്ളമോ സോഡയോ കോളയോ ചേർക്കുന്നത് പൊറുക്കാനാവാത്ത തെറ്റ്. 500 വർഷം മുൻപ് സ്കോച്ച് വിസ്കിയുടെ സ്വന്തം സ്കോട്ട്ലൻഡിൽ വാറ്റിത്തുടങ്ങിയ കാലത്ത്, മലയടിവാരത്തിലെ തണുത്ത പാറക്കല്ലുകൾ പെറുക്കി മദ്യക്കോപ്പയിൽ (ഐസിനു പകരം) ഇടുമായിരുന്നു. അങ്ങനെ ഓൺ ദ് റോക്സ്.

വൈൻ ആസ്വദിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് രണ്ടു കാര്യം. ഒന്ന്: തണുപ്പിച്ചു കഴിക്കണം. രണ്ട്: കുപ്പിയുടെ മറുപുറത്തെ ലേബലിലെ
വിവരണം ശ്രദ്ധിക്കണം. ആര്, എവിടെ, എങ്ങനെയുണ്ടാക്കി; ഏതു സൈഡ് ഡിഷ്, ടച്ചിങ്സ് അനുയോജ്യം? ചില വീഞ്ഞിനു ചേരുന്നത് ഗ്രിൽഡ് മീറ്റ്; ചിലതിനു ചീസ്, ഫിഷ്, വെജിറ്റബിൾ, സീഫുഡ്. കോംബിനേഷൻ ശരിയാകുമ്പോൾ ആസ്വാദനം നന്നാവും. ഏതവസരത്തിൽ, ആരുടെ കൂടെ എന്നതും പ്രധാനം. ഗേൾ ഫ്രൻഡിനൊ ഭാര്യയ്ക്കോ ഒപ്പം റൊമാന്റിക് ഡിന്നറാകാം. സുഹൃത്തിന്റെ കൂടെ കൊച്ചു വർത്തമാനമാകാം. ഒരേ അഭിരുചിയുള്ള വ്യക്തിയോടൊപ്പം ആഴമുള്ള സംഭാഷണമാകാം- കായികമോ കലയോ സിനിമയോ സാഹിത്യമോ. പാർട്ടിയിലെ ആൾക്കൂട്ടത്തിൽ കലാസ്വാദനം നടക്കില്ല, വീഞ്ഞ് നൽകുന്ന ആഴമുള്ള അനുഭവമില്ല. കിട്ടുന്നതെല്ലാം വായിലേക്കു കമിഴ്ത്തും, പലതരുത് എന്ന പ്രമാണത്തിന്റെ ലംഘനം.

ബോർദോ വീഞ്ഞിന് ലോകം മുഴുവൻ ആരാധകരുണ്ട്

ഫ്രാൻസിലെ വൻകിട വീഞ്ഞു നിർമാണ കേന്ദ്രമാണ് ബോർദോ (Bordeaux).
റോമാക്കാരുടെ കാലം മുതൽ (ഒന്നാം നൂറ്റാണ്ടിന്റെ പകുതി) ഇവിടെ മുന്തിരിക്കൃഷിയും വീഞ്ഞു നിർമാണവുമുണ്ട്. ഭക്ഷണത്തിനൊപ്പം ദിവസേന ഉപയോഗിക്കുന്ന വീഞ്ഞ് മുതൽ, പൊള്ളുന്ന വിലയുള്ള ആഡംബര വീഞ്ഞു വരെ. മുന്തിരിത്തോട്ടങ്ങൾക്കു നടുവിൽ ഗ്രാമഗൃഹങ്ങൾ (Chateau). ഷാതോ എന്നാൽ കോട്ടേജ് അല്ല, യൂറോപ്യൻ ക്ലാസിക് രീതിയിൽ നിർമിച്ച ആഡംബര വീട്, അതിന് പരുക്കൻ സൗന്ദര്യം. ഗ്ലാഡിയേറ്ററിനു ശേഷം റസൽ ക്രോ നായകനായ ഒരു റൊമാന്റിക് കോമഡിയുണ്ട്– എ ഗുഡ് ഇയർ. (സംവിധായകൻ റിഡ്‌ലി സ്കോട്, 2006). ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ട്രേഡറായ ക്രോ ഫ്രാൻസിലെ അവധിക്കാലത്ത് ഒരു ഫ്രഞ്ച് യുവതിയുമായി പ്രണയത്തിലാകുന്നു. കാൽപനിക ഫ്രഞ്ച് സ്പർശം- വിനിയാർഡ്, കൺട്രി സൈഡ്, വൈൻ സെല്ലാർ, ബാക്ക് റോഡ്, ഷാതോ, വില്ല. വീഞ്ഞുപോലെ നുരയുന്ന പ്രണയം. ലഹരി കയറിയ റസൽ ക്രോ പിന്നീട് വീഞ്ഞ് പ്രമേയമായ ഒരു ഡോക്യുമെന്ററിക്കു വിവരണം നൽകി. ബോർദോയിൽ തുടങ്ങി ചൈനയിലെ ഷാങ്ഹായിൽ അവസാനിക്കുന്ന കഥ.

ബോർദോ വീഞ്ഞിന് ലോകം മുഴുവൻ ആരാധകരുണ്ട്. തെങ്ങിന്റെ അണുബാധ തടയാനുള്ള ബോർദോ മിശ്രിതം ആദ്യം നിർമിച്ച സ്ഥലം. കോപ്പർ സൾഫേറ്റും കാൽസ്യം ഹൈഡ്രോക്സൈഡും (തുരിശ്)- മുന്തിരിയിൽ ഫംഗസ് ബാധ തടയാൻ ഉണ്ടാക്കിയ പൊടിക്കൈ. ലണ്ടൻ സ്റ്റോക്ക് എക്സേഞ്ചിൽ ലിസ്റ്റ് ചെയ്ത അനേകം വൈൻ നിർമാതാക്കൾ ബോർദോയിലുണ്ട്. ഇത് കോടികളുടെ കളിയാണ്. പത്തു വർഷം മുൻപ് ഈ വീഞ്ഞിന്റെ വില ക്രമാതീതമായി വർധിച്ചു. യൂറോപ്പിലെയും അമേരിക്കയിലെയും ഉറച്ച ഉപഭോക്താക്കളെ അവർക്കു നഷ്ടമായി.
അപ്പോൾ അവർ പുതിയൊരു കര തേടി.

 

എന്റർ ദ ഡ്രാഗൺ 

കഴിഞ്ഞ മുപ്പത് വർഷം ചൈനയിലെ സമ്പദ് വ്യവസ്ഥയിൽ ഒരു വിപ്ലവം നടന്നു, വിപണി തുറന്നു. വ്യക്തികൾ സ്വത്ത് നേടുന്നതിലെ നിയന്ത്രണം കുറച്ചു. ലോകത്തെ ഏറ്റവും മികച്ച വളർച്ചാ നിരക്ക് (2000-2010). അവരുടെ ഫൈനാൻഷ്യൽ ക്ളൗട്ട് വളരെ വ്യക്തം. പടിഞ്ഞാറൻ രാജ്യങ്ങളും അംഗീകരിച്ച കാര്യം.
ഷാങ്ഹായിൽ മുപ്പതു നില കെട്ടിടം പണിയാൻ എടുത്തത് പതിനഞ്ചു ദിവസം. മുൻഗണന വളരെ വ്യക്തം. വ്യാപാരബോധം ഒരു ദിവസം പൊട്ടി മുളച്ചതല്ല, അവരുടെ ജനിതകത്തിലുണ്ട്. ആയിരം വർഷം മുൻപേ ദൂരദേശത്ത് പായ്ക്കപ്പലിൽ കച്ചവടം ചെയ്തവർ, കുടിയേറിയവർ. ഏഴാം നൂറ്റാണ്ടിൽ ബുദ്ധമതം പഠിക്കാൻ അവരുടെ Xuanzang (സുവാൻസാങ്, ഹുയാൻസാങ് എന്ന് പഴയ പാഠത്തിൽ) മംഗോളിയയും അഫ്ഗാനിസ്ഥാനും ചുറ്റി ഇന്ത്യയിൽ വന്നു.

സമ്പദ്ഘടനയിലെ മാറ്റങ്ങളോട് ചൈനീസ് വ്യവസായികളും സംരംഭകരും ആവേശത്തോടെ പ്രതികരിച്ചു. അങ്ങനെ ഒരു നവസമ്പന്ന വർഗം ഉണ്ടായി. അവർ പൊങ്ങച്ചവും അധികാരവും നിലവാരവും പ്രദർശിപ്പിക്കാൻ ബോർദോ റെഡ് വൈൻ ആരാധകരായി. ചരിത്രത്തിൽ ഉടനീളം വീഞ്ഞ് ഈ പ്രഭാവം കാണിച്ചിട്ടുണ്ട്. ഇതൊരു പ്രസ്റ്റീജിയസ് അസെറ്റ് ആണ് ചിലർക്ക്. ലക്ഷങ്ങൾ കൊടുത്ത് ലേലത്തിൽ പിടിക്കും. കുടിക്കണമെന്നു യാതൊരു നിർബന്ധവുമില്ല, ചിലപ്പോൾ ലാഭത്തിൽ വിൽക്കാനും പറ്റിയേക്കും. സെക്‌സ് ടോയ് വിറ്റ് കോടീശ്വരനായ ഒരു ചൈനക്കാരന് 16 മില്യൻ യുഎസ് ഡോളർ വിലമതിക്കുന്ന വൈൻ ശേഖരമുണ്ട്. അതിലൊരു കുപ്പിയുടെ വില വെറും 50000 ഡോളർ. ചൈനീസ് വ്യവസായ, കലാ, സിനിമ, മോഡലിങ്, രാഷ്ട്രീയ രംഗങ്ങളിൽ ബോർദോ വൈൻ വില കൂടിയ ആസ്വാദകരെ നേടി. പുതിയൊരു സ്വർണ ഖനി കണ്ടെത്തി എന്ന് ഫ്രഞ്ചുകാർ കരുതി.

nutmeg-wine

 

ചൈനക്കാരോടാ കളി!

ലഫി (Lafit) എന്ന ആഡംബര ബോർദോ വൈനിന്റെ 80 ബോട്ടിൽ ഒന്നര മില്യൻ ഡോളറിനു വാങ്ങിയ ചീനക്കാരുണ്ട്. ഇപ്പോൾ അതിനും ചൈനീസ് വ്യാജൻ എത്തി. ഡ്യുപ്ലിക്കേറ്റ് ഉണ്ടാക്കാൻ അവരെ ആരും പഠിപ്പിക്കണ്ട.
എന്നുവച്ചു ചൈനയിൽ വ്യാജൻ മാത്രമല്ല, ആ രാജ്യം ഇപ്പോൾ ലോകത്തിന്റെ ഫാക്ടറിയാണ്. മാനുഫാക്ചറിങ്ങിൽ വൻ പുരോഗതി. ഔട്ട് സോഴ്സ് ചെയ്ത് കിട്ടുന്ന പ്രോജക്ടുകൾ സമൃദ്ധം. ഇൻഫ്രാസ്ട്രക്ചർ രാജ്യത്ത് ഉടനീളം മെച്ചപ്പെടുന്നു. ലഫി വൈനിന്റെ കാലിക്കുപ്പി 500 ഡോളറിന് വാങ്ങാൻ ആളുണ്ട്, കാരണം പറയേണ്ടല്ലോ.

യൗവനത്തിൽ ബോർദോയിൽ സഞ്ചരിച്ച് ആ പ്രദേശത്തിന്റെ ആകർഷണ വലയത്തിൽ വീണ ചൈനീസ് സംരംഭകരുണ്ട്. അനുകൂല കാലാവസ്ഥയുള്ള ചൈനീസ് പ്രദേശത്ത് അവർ ബോർദോ രീതിയിൽ തോട്ടവും നിർമാണശാലയും സജ്ജമാക്കി. ഗോബി മരുഭൂമിയോടു ചേർന്നയിടത്ത് വൻതോതിൽ മുന്തിരിക്കൃഷി ആരംഭിച്ചു. ചൈനീസ് വൈൻ രാജ്യാന്തര വൈൻ അവാർഡുകൾ നേടാൻ തുടങ്ങി. വീഞ്ഞുൽപാദനത്തിൽ ചൈന വരും വർഷങ്ങളിൽ മേജർ പ്ലേയർ ആയാൽ അദ്ഭുതപ്പെടാനില്ല. അതേസമയം, കാലാവസ്ഥാ വ്യതിയാനം ഒറിജിനൽ ബോർദോ വീഞ്ഞിനു ഭീഷണിയാകുന്നുണ്ട്. യൂറോപിലെ പരമ്പരാഗത വീഞ്ഞു പ്രേമികൾ അസ്വസ്ഥരാണ്, ബോർദോയുടെ കട പൂട്ടുന്ന ലക്ഷണമാണ് കാണുന്നത്.

ഏറ്റവും മികച്ച വീഞ്ഞ് എവിടെ നിന്ന് വരുന്നു?

അനുബന്ധം:

1.

അയർലൻഡിലെ ഡബ്ലിനിൽ 12 യൂറോ വിലയുള്ള ഇറ്റാലിയൻ വൈൻ ഞാൻ റോമിൽ രണ്ടു ഡോളറിനു വാങ്ങിയിട്ടുണ്ട് -നികുതിയിളവ്. ലോകം മുഴുവൻ ഇങ്ങനെയാണ്. ആഡംബര നികുതി കൊടുത്ത് കുടിച്ചു തടി കേടാക്കിയാണ് കുടിയന്മാർ സർക്കാരിനെ സഹായിക്കുന്നത്. കേരളത്തിൽ ബവ്റിജ് ഐറ്റംസ് അഞ്ചിരട്ടി വിലയ്ക്കാണു വിൽക്കുന്നത്, അത്ര നികുതി. എന്നിട്ടും കിട്ടുന്നത് ചാത്തൻ. ഖജനാവിലേക്കു കോടികൾ സംഭാവന ചെയ്യുന്നവരെ പരിഗണിക്കുന്നത് കന്നുകാലികളെ പോലെ.

Red Wine
Image Credit : Ievgenii Meyer/shutterstock

2.
ഷിറാസ് ഒരു തരം റെഡ് വൈൻ. ഇറാനിലെ പഴയ പട്ടണത്തിന്റെ പേര്. പണ്ട് ധാരാളം മുന്തിരി തോപ്പുകൾ, ഹാഫിസ് ഉൾപ്പെടെയുള്ള സൂഫി കവികൾ ആ വീഞ്ഞിനാൽ പ്രചോദിതരായി. കാനഡയിലെ ടൊറന്റോയിൽ കണ്ട ഒരു ഇറാനിയൻ എൻജിനീയറോട് ഇതേപ്പറ്റി ചോദിച്ചു. വീഞ്ഞുൽപാദനം ഇപ്പോൾ ഇല്ല. എന്നാൽ ഹാഫിസും കവിതകളും സജീവം.

3.
എല്ലാ വീഞ്ഞും ഒരേ അനുഭവമല്ല തരിക. ഒരേ ബ്രാൻഡ് ആയാൽപോലും അപ്രവചനീയം. സാന്റാ റീത്ത എന്ന ചിലെയൻ വൈൻ ആദ്യമായി രുചിച്ചപ്പോൾ കുറേ നേരത്തേക്കു പുഞ്ചിരി നിർത്താൻ പറ്റിയില്ല. സന്തോഷം, ഒരു കാരണവുമില്ലാതെ. പിന്നീട് അതേ അനുഭവം ആ വീഞ്ഞ് നൽകിയതുമില്ല.
പല ഘടകങ്ങൾ ഒന്നുചേരണം. വൈനും അതിലെ ആൽക്കഹോളും, ചേരുവകളും ഭക്ഷണവും, മനോഭാവവും അഭിരുചികളും, സ്ഥലവും സഹയാത്രികരും ചേർന്നൊരുക്കുന്ന സവിശേഷമായ കോക്ടെയ്ൽ.

 

അവലംബം

Red obsession, Documentary, Warwick Ross, 2013

 

Content Summary : Are you a lover of wine? Know these incredible facts of the drink.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com