കായ വറുത്തതിന് ഒരു പുത്തൻ മേക്കോവർ; ഇത് വെറൈറ്റി തന്നെ!
Mail This Article
ഓണസദ്യയ്ക്കും പായസത്തിനും മാറ്റുകൂട്ടുന്നതാണ് ഉപ്പേരി. ചിപ്സും ശർക്കരവരട്ടിയും ഇല്ലാതെ എന്ത് ഓണം. ഓണത്തിന് ദിവസങ്ങൾക്ക് മുന്നേ തന്നെ വീടുകളിൽ കായ വറുത്തതും ശർക്കരവരട്ടിയുമൊക്കെ വറത്തുകോരും. സദ്യയ്ക്ക് ഇലയുടെ കോണില്‍ ഉപ്പേരിയും സൂപ്പർതാരങ്ങളാണ്. ഇത്തവണ സ്പെഷലായി ചിപ്സിന് മേക്കോവർ നൽകിയാലോ? മസാല ചിപ്സ് തന്നെ തയാറാക്കാം. എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
പച്ചക്കായ
1 കപ്പ് വെളിച്ചെണ്ണ (വറുക്കാൻ)
2 ടീസ്പൂൺ ഉപ്പ് (വെള്ളത്തിൽ ലയിപ്പിച്ചത്)
1 ടീസ്പൂൺ മുളകുപൊടി (രുചിക്കനുസരിച്ച് ക്രമീകരിക്കുക)
4-5 വെളുത്തുള്ളി അല്ലി (ചതച്ചത്)
ഒരു പിടി കറിവേപ്പില
തയാറാക്കുന്ന വിധം
പച്ചക്കായ തൊലി കളഞ്ഞ് വൃത്തിയാക്കിയതിന് ശേഷം കനംകുറച്ച് വട്ടത്തിൽ അരിഞ്ഞെടുക്കാം. ഇരുമ്പ് ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കാം. ചൂടായ എണ്ണയിലേക്ക് അരിഞ്ഞെടുത്ത പച്ചകായചേർക്കാം. ഒപ്പം ചിപ്സിന്റെ രുചിയ്ക്കായി ഉപ്പ്ലായനി മുകളിലായി തളിക്കാം. ചിപ്സ് നന്നായി ക്രിസ്പി ആകുന്നിടം വരെ ഇളക്കി കൊടുക്കാം. പാകമായാൽ എണ്ണമയം കളയാനായി ടിഷ്യൂ വിരിച്ച് അതിൽ ചിപ്സ് കോരിയിടാം. അധിക എണ്ണ കളയാൻ പേപ്പർ ടവല്‍ നല്ലതാണ്. രുചിയ്ക്കായി വറുത്തുകോരിയ ചിപ്സിന് മുകളിൽ എരിവിന് അനുസരിച്ച് മുളക്പൊടി വിതറാം.
അതേ എണ്ണയിൽ തന്നെ വെളുത്തുള്ളി ചതച്ചതും കറിവേപ്പിലയും വറുത്തു ചിപ്സിൽ ചേർക്കാം. ശേഷം ചിപ്സ് മസാലകൂട്ടിൽ നന്നായി ഇളക്കി യോജിപ്പിക്കാം. ടേസ്റ്റി മസാല ചിപ്സ് റെഡി.