കിടിലൻ രസ വട ഉണ്ടാക്കി ഈ മഴക്കാലത്ത് കഴിക്കണം...
Mail This Article
ഈ മഴക്കാലത്ത് കഴിച്ചിരിക്കേണ്ട ഒരു വിഭവമാണ് രസ വട. കൂടെ ഇഡ്ഡലി, ദോശ, ചട്ണി കൂടിയായാൽ പിന്നെ കിടിലൻ. കേരളത്തിൽ ഉഴുന്നുവട അതിന്റെ തനതു രുചിയിൽ കഴിക്കുമ്പോൾ, മറ്റു സംസ്ഥാനങ്ങളിൽ തൈരിലും രസത്തിലും ഇട്ടുവച്ച ഉഴുന്നുവട വിളമ്പാറുണ്ട്. തൈര് വട, രസവട എന്ന് ഇവ അറിയപ്പെടുന്നു.
രസം ഉണ്ടാക്കാൻ :
- തക്കാളി - 1 എണ്ണം
- പുളി പിഴിഞ്ഞത് - 1 നാരങ്ങ വലിപ്പത്തിൽ പുളി
- മഞ്ഞൾപ്പൊടി - 1/4 ടേബിൾ സ്പൂൺ
- കായപ്പൊടി - 1/4 ടീസ്പൂൺ
- ഉലുവ വറത്ത് പൊടിച്ചത് - 1/4 ടേബിൾ സ്പൂൺ
- കുരുമുളക് പൊടി - 1/2 ടേബിൾ സ്പൂൺ
- മുളക് പൊടി - 1/2 ടേബിൾ സ്പൂൺ
- ശർക്കര - ചെറിയ കഷ്ണം
- വേവിച്ച സാമ്പാർ പരിപ്പ് - 1 ചെറിയ കപ്പ്
- കടുക് - 1/4 ടീസ്പൂൺ
- ചുവന്നമുളക് - 1 എണ്ണം
- കറിവേപ്പില
- മല്ലിയില
- എണ്ണ - 1 ടേബിൾ സ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
വട ഉണ്ടാക്കാൻ :
- വട പരിപ്പ് /കടല പരിപ്പ് - 1 കപ്പ്
- ചെറിയ ഉള്ളി - ചെറിയ കപ്പ്
- സവാള അരിഞ്ഞത് - ചെറിയ കപ്പ്
- ഇഞ്ചി - 2 ഇഞ്ച് നീളത്തിൽ
- പച്ചമുളക് - 3 എണ്ണം
- ചുവന്ന മുളക് - 5 to 6 എണ്ണം
- കായപ്പൊടി - 1/4 ടീസ്പൂൺ
- കറിവേപ്പില
- മല്ലിയില
- ഉപ്പ് - ആവശ്യത്തിന്
- എണ്ണ - വറക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം :
രസം ഉണ്ടാക്കാൻ തക്കാളി ചെറുതാക്കി നുറുക്കി പുളി പിഴിഞ്ഞതും മഞ്ഞൾപ്പൊടിയും ഒന്നര കപ്പ് വെള്ളവും ഒഴിച്ച് നന്നായി തിളപ്പിക്കുക. തിളച്ചു വരുമ്പോൾ അതിലേക്കു കായ പൊടി, ഉലുവ പൊടിച്ചത്, കുരുമുളക് പൊടി, മുളക് പൊടി ഇട്ട് നന്നായി ഇളക്കുക. ഇതിലേക്ക് ശർക്കര, ആവശ്യത്തിന് ഉപ്പ്, വേവിച്ച പരിപ്പ് ഇട്ട് നന്നായി തിളപ്പിക്കുക. അതിലേക്കു മല്ലിയില, കറിവേപ്പില ഇട്ട് തീ അണക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി കടുക്, ചുവന്ന മുളക് പൊട്ടിച്ചു രസത്തിൽ ഒഴിക്കുക.
വട ഉണ്ടാക്കാൻ ആയി ചെറിയ ഉള്ളി, സവാള, പച്ചമുളക്, ചുവന്ന മുളക്, കറിവേപ്പില, മല്ലിയില, ഇഞ്ചി എന്നിവ ചതച്ചു എടുക്കുക. പരിപ്പിൽ നിന്ന് മുക്കാൽ ഭാഗം വെള്ളം ഒട്ടും കൂടാതെ അരച്ചെടുക്കുക. ബാക്കി ഭാഗം ചെറുതായി ചതച്ചെടുക്കുക. ഇതെല്ലാം കൂടി ഒരു പത്രത്തിൽ ഇട്ട് കായ പൊടി, ആവശ്യത്തിന് ഉപ്പ് ഇട്ട് കയ്യ് കൊണ്ട് ഇളക്കി യോജിപ്പിക്കുക. എണ്ണ ചൂടാക്കി വടയുടെ രൂപത്തിൽ ആക്കി എണ്ണയിൽ വറത്തെടുക്കുക. ഒരു പത്രത്തിൽ വട എടുത്തു മുകളിൽ ആയി രസം ഒഴിച്ച് കൊടുക്കുക. എന്നിട്ട് ഒരു അര മണിക്കൂർ എങ്കിലും വച്ച ശേഷം കഴിക്കണം. കൂടുതൽ വച്ചാൽ ഒന്ന് കൂടി രുചി കൂടും.