ADVERTISEMENT

വടക്കന്‍ കേരളത്തിൽ ഓണത്തേക്കാളേറെ പ്രാധാന്യം വിഷുവിനാണ്. കണികാണലും കൈനീട്ടവും സദ്യയും എല്ലാം ചേര്‍ന്ന് ആഘോഷം ഗംഭീരമാക്കും. മധ്യകേരളത്തിലും വിഷു കേമമായി തന്നെ ആഘോഷിക്കും. എന്നാല്‍ തെക്കോട്ട് പോകുന്തോറും കണി കാണലിലും ക്ഷേത്ര ദര്‍ശനത്തിലും വിഷു കൈനീട്ടത്തിലും മാത്രം ഒതുങ്ങും ആഘോഷം. ഉത്സവങ്ങളും ആഘോഷങ്ങളും  ഏതു തന്നെയായാലും മലയാളിക്ക് സദ്യ പ്രധാനമാണ്. പലതരം വിഭവങ്ങളും പായസവും പപ്പടവും ഒക്കെയായി വിഭവസമൃദ്ധമായ സദ്യ തന്നെ വിഷുവിന് തയാറാക്കും. മാമ്പഴക്കാലവും ചക്കക്കാലവുമായതു കൊണ്ട് ഇവ കൊണ്ടുണ്ടാക്കുന്ന വിഭവങ്ങളാണ് വിഷുസദ്യയില്‍ പ്രധാനം. മാമ്പഴ പുളിശ്ശേരിയും ചക്ക അവിയലും ഇടിച്ചക്ക തോരനും പഴങ്ങൾ ചേർത്ത പച്ചടിയും ചക്ക പ്രഥമനും  പാൽപായസവും ആണ് വിഷു സദ്യയിലെ പ്രധാന ആകർഷണങ്ങൾ.

  • മൂന്ന് ദിവസം മുമ്പ് തന്നെ സദ്യക്ക് ഉള്ള തയാറെടുപ്പുകൾ തുടങ്ങാം.
  • ആദ്യദിവസം  ഉപ്പേരി, ശർക്കര പുരട്ടി, കടുമാങ്ങ, നാരങ്ങ അച്ചാർ , പുളി ഇഞ്ചി ഇവ തയാറാക്കാം.
  • രണ്ടാം ദിവസം തേങ്ങ ചിരകി വയ്ക്കാം, പച്ചക്കറികൾ അരിഞ്ഞ് വയ്ക്കാം. കറികൾക്കുള്ള തുവര ,വൻപയർ, ചെറുപയർ ഇവ കുതിർത്തു വയ്ക്കാം.

 

1. മാമ്പഴ പുളിശ്ശേരി

മൂന്ന് വലിയ മാമ്പഴം അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും 4 പച്ചമുളകും ആവശ്യത്തിന് ഉപ്പും, അൽപം ശർക്കരയും ചേർത്ത് മാമ്പഴം മുങ്ങി കിടക്കാൻ ആവശ്യത്തിന് വെള്ളമൊഴിച്ച് അടച്ചുവച്ച് വേവിക്കുക. ഒരുമുറി തേങ്ങ ചിരകിയത്, ഒരു ടീസ്പൂൺ ജീരകം ചേർത്ത് മഷിപോലെ അരച്ച് കറിയിലേക്ക് ഒഴിച്ച് തിളക്കുമ്പോൾ തീ ഓഫ് ചെയ്യുക. ഒരു കപ്പു കട്ട തൈര് ഉടച്ച് കറിയിലേക്ക് ചേർക്കാം. വെളിച്ചെണ്ണയിൽ കടുകും ചുവന്നുള്ളിയും കറിവേപ്പിലയും ഉണക്കമുളകും താളിച്ച് കറിയിൽ ഒഴിച്ചു കൊടുക്കുക.

 

2.ചക്ക അവിയൽ

ചക്കയുടെ എല്ലാ ഭാഗങ്ങളും ചക്ക അവിയലിന് ഉപയോഗിക്കാം. 25 ചക്കച്ചുള, 25 ചക്കക്കുരു, മുള്ളു ചെത്തിക്കളഞ്ഞ ചക്ക മടൽ, അരക്കപ്പ് വീതം വെള്ളരിക്ക, പടവലങ്ങ , കാരറ്റ്, രണ്ടു മുരിങ്ങക്ക, അല്പം പച്ചമാങ്ങ, 5 പച്ചമുളക് ഇവ നീളത്തിൽ അരിഞ്ഞു വയ്ക്കുക.

ഒരു പാത്രത്തിൽ രണ്ടു കപ്പ് വെള്ളം തിളപ്പിച്ചു ചക്കക്കുരു, അരടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു ടീസ്പൂൺ മുളകുപൊടിയും ചേർത്ത്  അടച്ചു വച്ച് 5 മിനിറ്റ് വേവിക്കുക. ഇതിലേക്ക് ചക്ക ഒഴികെയുള്ള പച്ചക്കറികളും ആവശ്യത്തിന് ഉപ്പും ചേർത്ത് വീണ്ടും 10 മിനിറ്റ് അടച്ചു വച്ച് വേവിക്കുക. ചക്ക കൂടി ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം വീണ്ടും അഞ്ചു മിനിറ്റു കൂടി വേവിക്കുക.

ഒരു തേങ്ങ ചിരകി അതിലേക്ക് ഒരു ടീസ്പൂൺ ജീരകം, 5 അല്ലി ചുവന്നുള്ളി, ഒരു കതിർപ്പ് കറിവേപ്പില ഇവ ചേർത്ത് ചതച്ചെടുത്ത് അവിയലിലേക്ക് ചേർക്കുക. വീണ്ടും അടച്ച് അല്പസമയം വച്ചതിന് ശേഷം നന്നായി യോജിപ്പിച്ച് കറിവേപ്പിലയും പച്ചവെളിച്ചെണ്ണയും ചേർത്ത് വാങ്ങുക.

 

3. ഇടിച്ചക്ക തോരൻ

ഇടിച്ചക്ക ചെറിയ കഷ്ണങ്ങളാക്കി ആവിയിൽ വേവിച്ചെടുക്കുക. തണുത്തതിനു ശേഷം മിക്സിയിൽ ഇട്ട് ചതച്ചെടുക്കുക. തേങ്ങ, രണ്ട് കതിർപ്പ് പച്ച കുരുമുളക്, ഒരു ടീസ്പൂൺ ജീരകം, രണ്ടു അല്ലി വെളുത്തുള്ളി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി ഇവ ചേർത്ത് ചതച്ചെടുക്കുക.

 ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി, കടുകും കറിവേപ്പിലയും ഉണക്കമുളകും താളിച്ച് ചതച്ച ചക്കയും അരക്കപ്പ് വേവിച്ച വൻപയറും തേങ്ങ ചതച്ചതും ആവശ്യത്തിന് ഉപ്പും ചേർത്ത് ഡ്രൈ ആവുന്നത് വരെ ഇളക്കി യോജിപ്പിച്ച് എടുക്കുക.

 

4.ഓലൻ

കുമ്പളങ്ങയാണ് ഓലനിലെ പ്രധാന കഷണം. അല്പം മത്തൻ കൂടി ചേർക്കാം.ഇവ ചെറിയ കഷണങ്ങളാക്കി എടുക്കുക. കാൽ കപ്പ് വൻപയർ  തലേദിവസം വെള്ളത്തിലിട്ട്‌ കുതിർത്ത് വേവിച്ചതും  കഷണങ്ങളും പച്ചമുളകും കൂടി അല്പം കട്ടി കുറഞ്ഞ തേങ്ങാപ്പാൽ ചേർത്ത് വേവിച്ചെടുക്കുക. നന്നായി വെന്തശേഷം കട്ടി തേങ്ങാപ്പാൽ ചേർത്ത് തിളപ്പിച്ച് , ഇതിലേക്ക് വെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ടാൽ ഓലൻ ആയി. 

 

5.പച്ചടി

 വിഷു സദ്യയിലെ മുഖ്യ പച്ചടികൾ പഴങ്ങൾ ചേർത്തുള്ള പച്ചടിയും കണിവെള്ളരി ഉപയോഗിച്ചുള്ള പച്ചടിയുമാണ്. മാമ്പഴം,നേന്ത്രപ്പഴം, കൈതച്ചക്ക ഇവയിൽ ഏത് ചേർത്ത് വേണമെങ്കിലും മധുര പച്ചടി തയാറാക്കാം. ഏത് പച്ചടി വേണം എന്ന് ആദ്യം തന്നെ തീരുമാനിക്കുക. പച്ചടിക്ക് ആവശ്യമുള്ള തേങ്ങ ഒന്നിച്ച് അരച്ചെടുക്കുക. അല്പം ജീരകം ചേർത്ത് അരച്ച ശേഷം  ചതച്ച കടുക് ചേർക്കണം.

ഏത് പച്ചടി ആണോ തയാറാക്കുന്നത്,അത് ആവശ്യത്തിന് വെള്ളം,പച്ചമുളക്,ഉപ്പ് ഇവ ചേർത്ത് വേവിച്ച ശേഷം അരപ്പും ചേർത്ത് വറ്റിച്ചു തീ ഓഫ് ചെയ്തു കട്ടിത്തൈര് ചേർത്ത് യോജിപ്പിച്ച് എടുക്കാം. മധുരപ്പച്ചടി ആണ് തയാറാക്കുന്നത് എങ്കിൽ അല്പം പഞ്ചസാരയോ ശർക്കരയോ ചേർത്ത് കൊടുക്കണം.

 

ഏറ്റവുമൊടുവിലായി വെളിച്ചെണ്ണയിൽ കടുകും കറിവേപ്പിലയും ഉണക്കമുളകും ചെറിയുള്ളിയും താളിച്ച് ഒഴിക്കുക.

6. നേന്ത്രപ്പഴം കട്ടി കാളൻ

രണ്ടു നേന്ത്രപ്പഴം ചെറുതായി അരിഞ്ഞ് ഇതിലേക്ക് ഒരു കപ്പ് തൈര്, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ ശർക്കര പാനി ഇവ ചേർത്ത്  വേവിക്കുക. പഴം വെന്തു വെള്ളം  വറ്റുമ്പോൾ ഒരു കപ്പ് തേങ്ങയിൽ , ഒരു ടീസ്പൂൺ ജീരകവും ഒരു പച്ചമുളകും ചേർത്ത് നല്ലത്പോലെ അരച്ച് ചേർക്കുക. എല്ലാം കൂടി നന്നായി യോജിച്ച് പച്ചമണം മാറുമ്പോൾ തീ ഓഫ് ചെയ്യാം. വെളിച്ചെണ്ണയിൽ കടുകും കറിവേപ്പിലയും ഉണക്കമുളകും ചുവന്നുള്ളിയും കാൽ ടീസ്പൂൺ ഉലുവ പൊടിച്ചതും ചേർത്ത് താളിച്ച് കറിയിലേക്ക് ഒഴിച്ചു കൊടുക്കാം.

 

7.പരിപ്പ്

മുക്കാൽ കപ്പ് ചെറുപയർ പരിപ്പ് ഒന്ന് വറുത്തശേഷം വെള്ളത്തിൽ കുതിർത്തു വയ്ക്കുക. ആവശ്യത്തിന് വെള്ളവും ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി വേവിക്കുക. ഒരു മുറി തേങ്ങയിലേക്ക്, അര ടീസ്പൂൺ ജീരകം, മൂന്ന് അല്ലി വെളുത്തുള്ളി ഇവ ചേർത്ത് മഷിപോലെ അരച്ച് കറിയിലേക്ക്  ചേർത്ത് തിളപ്പിക്കുക. തീ ഓഫ് ചെയ്ത് ശേഷം  വെളിച്ചെണ്ണയിൽ കടുകും കറിവേപ്പിലയും ഉണക്കമുളകും താളിച്ച് ചേർക്കുക.

 

8. വറുത്തരച്ച സാമ്പാർ

ഒരു പ്രഷർ കുക്കറിൽ മുക്കാൽ കപ്പ് കുതിർത്ത തുവരയും പച്ചക്കറികളും ( മുരിങ്ങക്ക,സവാള,ഉരുളകിഴങ്ങ്, അമരക്ക,പച്ചമുളക്,വെള്ളരി,തക്കാളി)  അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ഒരു ചെറിയ കഷ്ണം കായവും ഒരു നെല്ലിക്ക വലുപ്പത്തിൽ പുളി പിഴിഞ്ഞതും ഒരു ടീസ്പൂൺ ശർക്കരയും ചേർത്ത് ഒരു വിസിൽ വരുന്നതുവരെ വേവിക്കുക.

അരക്കപ്പ് തേങ്ങ ചിരകിയതും ഒന്നര ടേബിൾ സ്പൂൺ മല്ലിയും നാല് ഉണക്കമുളകും നാല് അല്ലി ചുവന്നുള്ളിയും കാൽ ടീസ്പൂൺ ഉലുവയും ഒരു കതിർപ്പ് കറിവേപ്പിലയും കൂടി ഇളം ബ്രൗൺ നിറത്തിൽ വറുത്തെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുത്ത് സാമ്പാറിൽ ചേർക്കുക. 

അല്പം വെളിച്ചെണ്ണ ചൂടാക്കി, വെണ്ടക്കയും വഴുതനയും വഴറ്റി അതുകൂടി ചേർത്തുകൊടുക്കണം. ചെറിയ തീയിൽ എല്ലാം കൂടി നന്നായി വെന്തു യോജിച്ചു വരുന്നതുവരെ തിളപ്പിക്കുക. ഏറ്റവുമൊടുവിൽ വെളിച്ചെണ്ണയിൽ കടുകും കറിവേപ്പിലയും ചെറിയുള്ളിയും ഉണക്കമുളകും താളിച്ച് ഒഴിക്കുക.

 

9. അമ്പലപ്പുഴ പാൽപ്പായസം

അരക്കപ്പ് ഉണക്കലരി നന്നായി കഴുകി ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. ഒരു പ്രഷർകുക്കറിൽ, 4 കപ്പ് പാല്, ഒരു കപ്പ് പഞ്ചസാര, ഉണക്കലരി ഇവ ചേർത്ത് തിളപ്പിക്കുക. നന്നായി തിളയ്ക്കുമ്പോൾ കുക്കർ അടച്ച് തീ ഏറ്റവും ചെറുതാക്കുക. അരമണിക്കൂർ ചെറിയ തീയിൽ വേവിച്ചശേഷം തീ ഓഫ് ചെയ്യുക. ഒരു മണിക്കൂറിന് ശേഷം മാത്രം പ്രഷർകുക്കർ തുറക്കാം.

 

10. ചക്ക പ്രഥമൻ

ഒരുകപ്പ് ചക്ക വരട്ടിയതിലേക്ക് ,അര കപ്പ് ശർക്കര പാനി, രണ്ട് കപ്പ് കട്ടികുറഞ്ഞ തേങ്ങാപ്പാൽ ഇവ ചേർത്ത് തിളപ്പിക്കുക. നന്നായി യോജിച്ചു കുറുകിവരുമ്പോൾ അര ടീസ്പൂൺ ഏലക്കാപ്പൊടി, കാൽ ടീസ്പൂൺ വീതം ചുക്കു പൊടി, ജീരകപ്പൊടി എന്നിവ ചേർക്കുക.

നന്നായി കുറുകി കഴിയുമ്പോൾ  മുക്കാൽ കപ്പ് ഒന്നാം തേങ്ങാപ്പാൽ ചേർത്ത്  തിളവരുമ്പോൾ തീ ഓഫ് ചെയ്യുക. അര ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി കാൽ കപ്പ് വീതം അണ്ടിപ്പരിപ്പും , തേങ്ങാക്കൊത്തും ഇളം ബ്രൗൺ നിറത്തിൽ വറുത്ത് പായസത്തിൽ ഒഴിച്ചു കൊടുക്കുക.

 

English Summary : Vishu Sadya Full Preparation and Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com