ADVERTISEMENT

ഉപ്പുമാവ് തയാറാക്കാൻ എല്ലാവർക്കും ഏറെ ഇഷ്ടമാണ്. ജോലി എളുപ്പമാക്കാൻ ഉപ്പുമാവിനുള്ള മിക്സ് നേരത്തെ തയാറാക്കി വയ്ക്കാം. തിളച്ച വെള്ളം ഒഴിച്ച് അടച്ചു വച്ചാൽ മാത്രം മതി. ഉപ്പുമാവ് തയാറായിരിക്കും. ബാച്ചിലേഴ്സിനും ജോലിയുള്ള വീട്ടമ്മമാർക്കും ഏറെ സഹായകരമാകും ഇങ്ങനെ ചെയ്താൽ. 

 

ചേരുവകൾ

  • റവ - 4 കപ്പ്
  • നെയ്യ് - 2  ടേബിൾ സ്പൂൺ
  • കടുക് - ഒരു ടീസ്പൂൺ
  • ഉഴുന്നുപരിപ്പ് - ഒരു ടേബിൾ സ്പൂൺ
  • കടലപ്പരിപ്പ് - ഒരു ടേബിൾ സ്പൂൺ
  • ചുവന്നുള്ളി - 10 എണ്ണം
  • കാരറ്റ് - 1
  • ഇഞ്ചി - ഒരു ചെറിയ കഷ്ണം
  • പച്ചമുളക് - 4
  • കറിവേപ്പില - 2 തണ്ട്
  • വറ്റൽ മുളക് - 4
  • ഉപ്പ് - ഒരു ടേബിൾ സ്പൂൺ

 

തയാറാക്കുന്ന വിധം

ചുവന്നുള്ളി, പച്ചമുളക്, കറിവേപ്പില, ഇഞ്ചി ഇവ പൊടിപൊടിയായി അരിഞ്ഞെടുക്കുക.

കാരറ്റ് ചെറുതായി ഗ്രേറ്റ് ചെയ്തു വയ്ക്കുക. എളുപ്പത്തിൽ വഴന്നു കിട്ടാനായി കാരറ്റിന്റെ നീര് അല്പം പിഴിഞ്ഞു കളയുക.

ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കി കടുക് പൊട്ടിച്ച് ഉഴുന്നും കടലപ്പരിപ്പും ഇട്ട് മൂപ്പിക്കുക.

ഇതിലേക്കു ചെറുതായി അരിഞ്ഞ കറിവേപ്പിലയും വറ്റൽ മുളകും ചേർക്കുക.

പരിപ്പ് ഇളം ബ്രൗൺ നിറമാകുമ്പോൾ ചുവന്നുള്ളി, കാരറ്റ്, ഇഞ്ചി, പച്ചമുളക് ഇവ ചേർത്ത് വഴറ്റുക.

ഉള്ളിയിലെയും കാരറ്റിലെയും വെള്ളമൊക്കെ വലിഞ്ഞ് നന്നായി മൂത്തുകഴിയുമ്പോൾ റവ ചേർത്തു കൊടുക്കുക.

ഉപ്പു ചേർത്തു ചെറിയ തീയിൽ 10 മുതൽ 15 മിനിറ്റ് വരെ നന്നായി വറക്കുക. കാരറ്റും ഉള്ളിയും ഒക്കെ കൈകൊണ്ട് തൊട്ടാൽ പൊടിയുന്ന പരുവത്തിൽ വേണം. ഒട്ടും വെള്ളമയം ഉണ്ടാവാൻ പാടില്ല.

ചൂടാറിയതിനു ശേഷം വായു കടക്കാത്ത പാത്രത്തിലാക്കി അടച്ചു സൂക്ഷിക്കാം

സാധാരണ അന്തരീക്ഷത്തിൽ ഒരു മാസം വരെയും ഫ്രിജിനുള്ളിൽ നാലുമാസം വരെയും കേടാവാതെ സൂക്ഷിക്കാം.

അരക്കപ്പ് ഉപ്പുമാവ് മിക്സിലേക്ക് ഒരു കപ്പ് തിളച്ച വെള്ളം ഒഴിച്ച് അടച്ചുവച്ച് 10 മിനിറ്റ് വച്ചിരുന്നാൽ ഉപ്പുമാവ് തയാറായിരിക്കും. ഒരു ടീസ്പൂൺ നെയ്യ് കൂടി ചേർത്താൽ രുചി കൂടും.

ഉപ്പുമാവ് മിക്സ് തിളച്ച വെള്ളത്തിലേക്ക് ഇട്ട് രണ്ടു മിനിറ്റ് വേവിച്ചെടുത്തും ഉപ്പുമാവ് തയാറാക്കാം.

 

Content Summary : Upma premix, simple recipe for breakfast.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com