മാവ് കുഴച്ച് പരത്തേണ്ട, അല്ലാതെ തന്നെ നല്ല ക്രിസ്പിയായ കുഴലപ്പം ഉണ്ടാക്കാം
![kuzhalappam kuzhalappam](https://img-mm.manoramaonline.com/content/dam/mm/mo/pachakam/readers-recipe/images/2025/1/2/kuzhalappam.jpg?w=1120&h=583)
Mail This Article
കുഴക്കലും പരത്തലും ഒന്നുമില്ലാതെ തന്നെ നല്ല ക്രിസ്പിയായ കുഴലപ്പം വളരെ പെട്ടെന്ന് തയാറാക്കാം. ഇതെങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
•അരിപ്പൊടി - 3 കപ്പ്
•വെള്ളം - മൂന്നേമുക്കാൽ കപ്പ്
•തേങ്ങ ചിരവിയത് - മുക്കാൽ കപ്പ്
•ചെറിയ ഉള്ളി - പത്തെണ്ണം
•വെളുത്തുള്ളി - ആറെണ്ണം
•ചെറിയ ജീരകം - അര ടീസ്പൂൺ
•ഉപ്പ് - അര ടീസ്പൂൺ
•വെളിച്ചെണ്ണ - ഒരു ടേബിൾ സ്പൂൺ
•എള്ള് - ഒരു ടീസ്പൂൺ
തയാറാക്കുന്ന വിധം
ചെറിയ ഉള്ളിയും വെളുത്തുള്ളിയും ജീരകവും തേങ്ങയും മിക്സിയുടെ ഒരു ജാറിലിട്ട് കുറച്ചു വെള്ളം കൂടി ഒഴിച്ച് അരച്ചെടുക്കുക.
ഒരു വലിയ നോൺസ്റ്റിക് പാത്രം എടുത്ത് അതിലേക്ക് 3 കപ്പ് വെള്ളവും നേരത്തെ അരച്ച തേങ്ങ മിശ്രിതവും അര ടീസ്പൂൺ ഉപ്പും ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നന്നായി മിക്സ് ആക്കി വയ്ക്കുക. ഇതിലേക്ക് മൂന്ന് കപ്പ് അരിപ്പൊടി കൂടെ ചേർത്ത് നന്നായി കലക്കി എടുക്കുക തീരെ കട്ടയില്ലാത്ത രീതിയിൽ വേണം കലക്കി എടുക്കാൻ. ഇനി ഇത് അടുപ്പിൽ വച്ച് കുറുക്കി എടുക്കുക.
ചപ്പാത്തി മാവിന്റെ പാകത്തിൽ ഇത് കുഴഞ്ഞു വരും വലിയ ഒരു ഉണ്ടയായിട്ട് വരുമ്പോൾ ഇത് വേറൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കാം. ഇനി ചൂടാറിയതിനു ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ എള്ള് ചേർത്ത് നന്നായി കുഴച്ചെടുക്കുക. ഇത് ചെറിയ ഉരുളകളാക്കി ഉരുട്ടി വയ്ക്കാം. ശേഷം പൂരി പ്രസറിൽ കുറച്ച് എണ്ണ തടവി നേരത്തെ തയാറാക്കിയ ഉരുളകളിൽ നിന്നും ഓരോന്ന് എടുത്ത് പ്രസ് ചെയ്ത് രണ്ട് സൈഡ് മടക്കി ഒട്ടിച്ച് ചൂടായ എണ്ണയിൽ വറുത്തുകോരാം നല്ല ക്രിസ്പിയായ കുഴലപ്പം റെഡി.