എച്ച്5എൻ1 മനുഷ്യരിലേക്കും; ബുൾസ് ഐയും ചിക്കനും കഴിക്കാനാകുമോ? കോവിഡിനേക്കാൾ നൂറിരട്ടി അപകടകാരി!
Mail This Article
ജീവിതം കരുപ്പിടിപ്പിക്കാൻ പെടാപ്പാടു പെടുന്ന കർഷകരുടെ നെഞ്ചിലെ തീയാണ് പക്ഷിപ്പനി. ഇടയ്ക്കിടെ ഇടിത്തീ പോലെ പലയിടത്തും പക്ഷിപ്പനി പ്രത്യക്ഷപ്പെടുകയും ചെയ്യും. 2024 ഏപ്രിലിലും സംഗതി വ്യത്യസ്തമല്ല. ആലപ്പുഴയിലാണ് ഇത്തവണ പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനിയെന്നു കേൾക്കുമ്പോൾ അത് പക്ഷികൾക്കു വരുന്നതല്ലേ, കുറച്ചുനാൾ കോഴിയിറച്ചിയും താറാവിറച്ചിയും മുട്ടയും കഴിക്കാതിരുന്നാൽപോരേ എന്നു കരുതി നിസ്സാരമായി തള്ളിക്കളയാൻ വരട്ടെ. പറഞ്ഞതു ശരിയാണെങ്കിലും പക്ഷിപ്പനിയുടെ (എച്ച്5എൻ1– H5N1) മാരക അവസ്ഥാന്തരങ്ങൾ മനുഷ്യർ കാണാനിരിക്കുന്നതേയുള്ളൂ എന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. പക്ഷിപ്പനി കോഴിക്കും താറാവിനും മാത്രമല്ല, പക്ഷികളിൽനിന്നു മനുഷ്യരിലേക്കും പടരുന്നതായി യുഎസിൽ കണ്ടെത്തിയതിനെത്തുടർന്ന് ലോക ആരോഗ്യരംഗം ഈ പുതിയ വെല്ലുവിളി എങ്ങനെ നേരിടുമെന്ന ആശങ്കയിലാണ്. മനുഷ്യരിലേക്കും വൈറസ് ബാധ പടർന്നാൽ കോവിഡിനേക്കാൾ നൂറിരട്ടി അപകടസാധ്യതതയുണ്ടാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പക്ഷികളും കന്നുകാലികളുമായി അടുത്തിടപഴകുന്നവരിലുണ്ടാകുന്ന രോഗബാധയെ അതീവഗൗരവത്തോടെ കാണണമെന്നും രോഗം കൂടുതൽ വ്യാപിക്കാനുള്ള സാധ്യതകൾ പരമാവധി നിയന്ത്രിക്കണമെന്നും യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഇതിനകം ഡോക്ടർമാർക്കു മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. കേരളത്തിലും ആലപ്പുഴ, കോട്ടയം, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ മുൻവർഷങ്ങളിലുണ്ടായ പക്ഷിപ്പനിബാധയെത്തുടർന്ന് ആയിരക്കണക്കിന് കോഴികളെയും താറാവിനെയുമാണ് കൊന്നൊടുക്കിയത്. ഇതിന്റെ നഷ്ടപരിഹാരം പോലും പല കർഷകർക്കും ലഭിച്ചിട്ടില്ല. മറ്റു മേഖലകളിലുണ്ടാകുന്ന നഷ്ടം വേറെ. ഈ പ്രതിസന്ധികളെല്ലാം തുടരുമ്പോഴാണ് ഇപ്പോൾ മറ്റൊരു ഗുരുതര പ്രശ്നം ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.