ഈശ്വര വിശ്വാസമില്ലാത്ത മന്ത്രിയും പറഞ്ഞു, ഇത് ‘ദൈവത്തിന്റെ സ്വന്തം നാട്’; ലോകത്തെ മാടിവിളിച്ച ടാഗ്‌ലൈൻ; ആ ബുദ്ധി ആരുടേത്?
Mail This Article
കേരളത്തെക്കുറിച്ച് പറയുമ്പോൾ ഇടംവലം നോക്കാതെ നമ്മൾ ഉപയോഗിക്കുന്ന വാചകമാണ് ‘ദൈവത്തിന്റെ സ്വന്തം നാട്’. പരസ്യവാചകമായി എത്തി പതിയെപ്പതിയെ മലയാളികളുടെ മാത്രമല്ല ലോകത്തിന്റെ മുഴുവൻ മനസ്സിലും കയറി കൊളുത്തിയ ടാഗ് ലൈൻ. ഇത് കേരള ടൂറിസത്തിന്റെ പരസ്യ ടാഗ് ലൈൻ ആയിരുന്നു എന്ന് എത്ര പേർക്കറിയാം? ഈ ടാഗ് ലൈൻ കേരള ടൂറിസത്തിന്റെ പരസ്യവാചകമായ കഥയും അതിലേറെ രസകരമാണ്. ദൈവത്തിലൊന്നും വലിയ വിശ്വാസം ഇല്ലാതിരുന്ന ഒരു സിപിഐ മന്ത്രി വിനോദസഞ്ചാര വകുപ്പു മന്ത്രി ആയിരുന്ന കാലത്താണ് ഈ പരസ്യവാചകം പിറന്നു വീണതെന്നത് മറ്റൊരു കൗതുകം. യുക്തിവാദവും ദൈവവും പരസ്യ വാചകത്തിന് മുന്നിൽ ഒരു ധാരണയിലെത്തിയതായിരിക്കണം. നാട്ടിലെ ടൂറിസം പ്രമോഷനു വേണ്ടി ദൈവത്തെ കൂട്ടു പിടിച്ചാലും വലിയ തെറ്റില്ലെന്ന് അന്നത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയ്ക്കും തോന്നിക്കാണും. അങ്ങനെ ഒരുപാട് ആലോചനകൾക്കു ശേഷം യൂറോപ്പ് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലെ സഞ്ചാരികളെ കേരളത്തിലേക്ക് എത്തിക്കാൻ കേരള ടൂറിസത്തിന്റെ ആ ടാഗ് ലൈൻ പിറന്നു വീണു; ദൈവത്തിന്റെ സ്വന്തം നാട് അഥവാ ഗോഡ്സ് ഓൺ കൺട്രി. 44 നദികളും പുഴകളും മലകളും കുന്നുകളും തടാകങ്ങളും തെങ്ങിൻ തോപ്പുകളും തേയിലത്തോട്ടങ്ങളും നിറഞ്ഞ, കഥകളിയും തെയ്യവും കളരിയുംകൊണ്ട് സമ്പന്നമായ, ആയുർവേദത്താൽ അനുഗ്രഹീതമായ കേരളം. ലോകത്തിന്റെ ഏത് കോണിലാണെങ്കിലും യാത്ര ഇഷ്ടപ്പെടുന്ന വ്യക്തി ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന ടാഗ്‌ലൈൻ കേട്ടാൽ അത് കേരളമാണെന്ന് കണ്ണുമടച്ച് പറയും. 2001 ജനുവരിയിൽ പുറത്തിറങ്ങിയ ഇന്ത്യ ടുഡേ മാഗസിന്റെ കവർ സ്റ്റോറി കേരളത്തിലെ വിനോദസഞ്ചാരത്തെക്കുറിച്ച് ആയിരുന്നു. ഗോവക്കാരനായ വാൾട്ടർ മെൻഡിസ് ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന ടാഗ് ലൈനിലേക്ക് എത്തിയത് എങ്ങനെയെന്ന് അതിൽ വ്യക്തമാക്കുന്നുണ്ട്. യഥാർഥത്തിൽ മെൻഡിസ് ആണോ ആ ടാഗ്‌ലൈൻ സൃഷ്ടിച്ചത്? ആ കഥയിലേയ്ക്ക്...