ഒന്നു കറങ്ങി വന്നാലോ? പാലുപോലെ 9 അരുവി; അനുഗ്രഹമായി മലമുകളിലെ മുരുകൻ; ആ മൂടൽ മഞ്ഞും കാറ്റും പറയും, ‘ഇത് മൂന്നാറല്ലേ!’
Mail This Article
പൂജ അവധി രണ്ടോ മൂന്നോ ദിവസം കിട്ടുന്നതു പോലെ ഒരു ചെറിയ ‘അവധിക്കാലം’ കയ്യിൽ കിട്ടിയാൽ ഒരു ട്രിപ്പ് പോകാൻ കേരളത്തിൽ ഏതെല്ലാം വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്? മൂന്നാർ, വാഗമൺ... എന്നൊക്കെ ലിസ്റ്റിടാൻ വരട്ടെ. ഇത്തവണ യാത്രയൊന്നു മാറ്റിപ്പിടിച്ചാലോ, കൊല്ലം ജില്ലയുടെ അങ്ങേയറ്റത്തെ തെന്മലയിലേക്ക്? എല്ലാ പിരിമുറുക്കങ്ങളും പോയ്മറയാൻ തെന്മലയിലേക്കൊരു ഡ്രൈവ് മതിയെന്നാണ് ഒരിക്കലെങ്കിലും അവിടം സന്ദർശിച്ചിട്ടുള്ളവർ പറയുന്നത്. തെന്മല ഇക്കോ ടൂറിസം വിനോദ സഞ്ചാര കേന്ദ്രത്തിന്റെ കവാടം എത്തും മുൻപേ കാടിന്റേയും കല്ലടയാറിന്റേയും ഒാളങ്ങൾ മനസ്സിനെ വല്ലാതെ മയക്കും. ഇക്കോ ടൂറിസത്തിലെ വിവിധ ആകർഷണങ്ങൾ ആസ്വദിച്ചു തീർക്കാൻ ഒരു ദിനം തികയുമോ എന്നുതന്നെ സംശയമാണ്. കഴുതുരുട്ടിയും പാലരുവിയും കുറ്റാലവും മാത്രമല്ല, മൂന്നാറിനെ ഓർമിപ്പിക്കുന്ന അമ്പനാട് തേയിലത്തോട്ടവും തെന്മലയുടെ ആകർഷണമാണ്. പ്രകൃതിയിലേക്കിറങ്ങുന്ന യാത്രാനുഭവം കൂടിയാണ് നിങ്ങൾ തേടുന്നതെങ്കിൽ തെന്മല തിരഞ്ഞെടുക്കാൻ രണ്ടാമതൊന്നാലോചിക്കേണ്ട. എന്തെല്ലാമാണ് തെന്മലയിൽ നിങ്ങളെ കാത്തിരിക്കുന്നത്? അവിടേക്ക് എങ്ങനെ എത്താം, എന്തെല്ലാം കഴിക്കാം, താമസസൗകര്യം എവിടെ ലഭിക്കും? യാത്ര വ്യത്യസ്തമാക്കാൻ എന്തെല്ലാം ചെയ്യാനുണ്ട് തെന്മലയിൽ? തെന്മലയിലെ മാത്രമല്ല, അതിർത്തിക്കപ്പുറത്തുള്ള വിശേഷങ്ങളിലേക്ക് കൂടിയാണ് ഈ യാത്ര.