ഓരോ സെഞ്ചറിക്കുശേഷവും ചിറകടിച്ചുയർന്ന അഞ്ചടി ഏഴിഞ്ചുകാരൻ; ഓസീസിന്റെ വാർണപ്പകിട്ട്!
Mail This Article
ഓരോ സെഞ്ചറിക്കുശേഷവും ഇടതുകയ്യിൽ ബാറ്റും വലതുകയ്യിൽ ഹെൽമറ്റുമായി ഗ്രൗണ്ടിൽ ചിറകടിച്ചുയർന്ന ആ അഞ്ചടി ഏഴിഞ്ചുകാരൻ ഇന്നലെ ഉയർത്തിപ്പിടിച്ച ബാറ്റും നിറഞ്ഞ കണ്ണുകളുമായാണ് തന്റെ ഹോം ഗ്രൗണ്ടായ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നിന്ന് മടങ്ങിയത്. സഹതാരങ്ങളും എതിർ ടീമും സ്റ്റേഡിയത്തിൽ തിങ്ങിക്കൂടിയ മുപ്പതിനായിരത്തിൽപരം കാണികളും ഡേവിഡ് വാർണറെ നിറകയ്യടിയോടെ യാത്രയാക്കി.
സമീപകാലത്ത് ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഓപ്പണർ എന്ന മേലങ്കി അണിയുമ്പോഴും പന്തുചുരണ്ടൽ വിവാദവും വഴക്കാളിയെന്ന ചാപ്പയും പലകുറി ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് വാർണർക്ക്. ആധുനിക ക്രിക്കറ്റിലെ ഫാബ് ഫോർ (വിരാട് കോലി, ജോ റൂട്ട്, സ്റ്റീവ് സ്മിത്ത്, കെയ്ൻ വില്യംസൻ) പട്ടികയിൽ ഒരിക്കൽ പോലും വാർണറുടെ പേര് പരാമർശിക്കപ്പെട്ടില്ലെങ്കിലും കണക്കുകളിൽ അവർക്കൊപ്പംനിന്ന ഐതിഹാസിക കരിയർ വാർണർക്കുമുണ്ട്.
വാഴ്ക വാർണർ
2011ൽ, ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ്ങിന്റെ കയ്യിൽ നിന്ന് ബാഗി ഗ്രീൻ ക്യാപ് (ഓസ്ട്രേലിയൻ ടെസ്റ്റ് താരങ്ങൾക്കു നൽകുന്ന തൊപ്പി) ഏറ്റുവാങ്ങുമ്പോൾ ഇരുപത്തിരണ്ടുകാരൻ ഡേവിഡ് വാർണർക്കു മുൻപിൽ വലിയൊരു വെല്ലുവിളിയാണ് ഉണ്ടായിരുന്നത്. ഒരു ഫസ്റ്റ് ക്ലാസ് മത്സരം പോലും കളിക്കാതിരുന്നിട്ടും തന്നെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയ സിലക്ടർമാരുടെ തീരുമാനത്തോട് നീതി പുലർത്തുക. എന്നാൽ അരങ്ങേറ്റ മത്സരത്തിൽ 2, 12* എന്നിങ്ങനെയായിരുന്നു വാർണറുടെ സ്കോർ.
അടുത്ത ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ 15 റൺസിനു പുറത്തായതോടെ ഓസ്ട്രേലിയൻ മാധ്യമങ്ങൾ ഉൾപ്പെടെ വാർണർക്ക് എതിരെ തിരിഞ്ഞു. രണ്ടാം ഇന്നിങ്സിൽ അപരാജിത സെഞ്ചറിയുമായി (123) നടത്തിയ ഒറ്റയാൾ പോരാട്ടത്തിലൂടെയാണ് വാർണർ വിമർശകരുടെ വായടപ്പിച്ചത്. അന്ന് 238 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ വിജയത്തിന് 4 റൺസ് അകലെ ഓൾഔട്ട് ആയപ്പോൾ ഓപ്പണറായി ഇറങ്ങിയ വാർണർ ഒരറ്റത്ത് പോരാളിയായി തുടർന്നു. പിന്നീടങ്ങോട്ട് ക്രിക്കറ്റിന്റെ 3 ഫോർമാറ്റിലും റെക്കോർഡുകളുടെ റൺമല തീർത്താണ് 13 വർഷം നീണ്ട രാജ്യാന്തര കരിയർ വാർണർ ആഘോഷിച്ചത്.
ഫാമിലിമാൻ
കുപ്രസിദ്ധമായ പന്തുചുരണ്ടൽ വിവാദത്തിലെ വിലക്കിനു ശേഷം തിരിച്ചെത്തിയത് മറ്റൊരു വാർണർ ആയിരുന്നു. ഭാര്യ കാൻഡിസിനും മക്കളായ ഐവി, ഇൻഡി, ഐല എന്നിവർക്കുമൊപ്പം ടിക്ടോക്കിലും ഇൻസ്റ്റഗ്രാം റീൽസിലും നൃത്തം ചവിട്ടുന്ന വാർണറെ ആരാധകർക്ക് ലഭിക്കുന്നത് അതിനു ശേഷമാണ്. പിന്നീടിങ്ങോട്ട് ഒരിക്കൽപോലും നിറചിരിയോടെ അല്ലാതെ വാർണറെ ഗ്രൗണ്ടിലോ പുറത്തോ കണ്ടിട്ടില്ല.