ഡേവിഡ് വാർണർ ക്രിക്കറ്റ് ഓസ്ട്രേലിയ കരാറിൽ നിന്ന് പുറത്ത്, സ്റ്റോയ്നിസും ഇല്ല

Mail This Article
മെൽബൺ ∙ സീനിയർ താരം ഡേവിഡ് വാർണറെ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ വാർഷിക കരാറിൽ നിന്ന് ഒഴിവാക്കി. ടെസ്റ്റ്, ഏകദിന മത്സരങ്ങളിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ച വാർണർ, ഈ ട്വന്റി20 ലോകകപ്പോടെ രാജ്യാന്തര ക്രിക്കറ്റിനോട് വിടപറയുമെന്ന് അറിയിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് വാർഷിക കരാറിൽ നിന്നു വാർണറെ ഒഴിവാക്കിയത്. മാർക്കസ് സ്റ്റോയ്നിസ്, ആഷ്ടൻ അഗർ, മാർക്കസ് ഹാരിസ്, മൈക്കൽ നീസർ എന്നിവരാണ് വാർഷിക കരാറിൽ നിന്നു തഴയപ്പെട്ട മറ്റു പ്രധാന താരങ്ങൾ. പേസർമാരായ സേവ്യർ ബാർട്‌ലെറ്റ്, നേഥൻ എല്ലിസ്, ആരോൺ ഹാർഡി, ബാറ്റർ മാറ്റ് ഷോർട്ട് എന്നിവരാണ് പുതുതായി കരാർ ലഭിച്ച താരങ്ങൾ.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഭാഗമായി ഇന്ത്യയിലാണ് ഡേവിഡ് വാർണർ ഇപ്പോഴുള്ളത്. ഐപിഎല്ലിൽ ഋഷഭ് പന്ത് നയിക്കുന്ന ഡൽഹി ക്യാപിറ്റൽസിന്റെ ഓപ്പണിങ് ബാറ്ററാണു താരം.