ADVERTISEMENT

ഇസ്‍ലാമാബാദ്∙ ഇന്ത്യൻ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലെത്തിയാൽ വിരാട് കോലിക്ക് വൻ സ്വീകരണമായിരിക്കും ലഭിക്കുകയെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ മാറ്റിവച്ച് പാക്കിസ്ഥാനിൽ ചാംപ്യൻസ് ട്രോഫി കളിക്കാൻ ഇന്ത്യൻ ടീം തയാറാകണമെന്നാണ് അഫ്രീദിയുടെ നിലപാട്.

‘‘ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഞാൻ പാക്കിസ്ഥാനിലേക്കു സ്വാഗതം ചെയ്യുകയാണ്. അവർ ഇങ്ങോട്ടു വരാൻ തയാറാകണം. ഞങ്ങൾ ഇന്ത്യയിൽ കളിക്കാൻ എത്തിയപ്പോഴെല്ലാം വലിയ ബഹുമാനമാണു ലഭിച്ചിട്ടുള്ളത്. 2005ൽ ഇന്ത്യൻ ടീം പാക്കിസ്ഥാനിലെത്തിയപ്പോഴും അങ്ങനെ തന്നെയായിരുന്നു.

‘‘ക്രിക്കറ്റ് പര്യടനങ്ങളെ രാഷ്ട്രീയത്തിൽനിന്നു മാറ്റിനിര്‍ത്തണം. പാക്കിസ്ഥാനിൽ കളിച്ചാൽ ഇന്ത്യയിൽനിന്നു ലഭിച്ച സ്നേഹത്തെക്കുറിച്ച് വിരാട് കോലി മറന്നുപോകും. കോലിക്ക് പാക്കിസ്ഥാനിൽ ധാരാളം ആരാധകരുണ്ട്. ഞങ്ങളുടെ ആളുകൾ അദ്ദേഹത്തെ വളരെയേറെ സ്നേഹിക്കുന്നുണ്ട്. കോലി ട്വന്റി20 അവസാനിപ്പിക്കരുത്. കാരണം അദ്ദേഹം ട്വന്റി20 ക്രിക്കറ്റിനെ കൂടുതൽ മനോഹരമാക്കുന്നു.’’ – അഫ്രീദി ഒരു യുട്യൂബ് ചാനലിലെ ചർച്ചയിൽ പ്രതികരിച്ചു.

ശുഭ്മൻ ഗില്ലിന് സച്ചിൻ തെന്‍ഡുൽക്കറുടേയും വിരാട് കോലിയുടേയും തലത്തിലേക്ക് ഉയരാനുള്ള പ്രതിഭയുണ്ടെന്നും അഫ്രീദി വ്യക്തമാക്കി.

‘‘പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാന് കുറഞ്ഞത് മൂന്നു വർഷമെങ്കിലും ലഭിക്കണം. അതുപോലെ തന്നെയാണ് ക്യാപ്റ്റന്റെ കാര്യവും. ഒരാൾ ക്യാപ്റ്റനായാൽ രണ്ടോ മൂന്നോ വർഷം സമയം നൽകണം. ചെയർമാൻ മാറിയാലും അത് മറ്റൊന്നിനെയും ബാധിക്കരുത്. ശരിയായ വ്യക്തി, ശരിയായ സ്ഥാനത്തെത്തിയാൽ ഫലം സ്വാഭാവികമായും ഉണ്ടാകും.’’– അഫ്രീദി പ്രതികരിച്ചു.

2025ലെ ചാംപ്യൻസ് ട്രോഫി കളിക്കാൻ പാക്കിസ്ഥാനിൽ പോകേണ്ടതില്ലെന്നാണ് ബിസിസിഐയുടെ നിലപാട്. ഇന്ത്യയുടെ മത്സരങ്ങൾ യുഎഇയിലേക്കോ, ശ്രീലങ്കയിലേക്കോ മാറ്റാനാണു സാധ്യത. രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിൽ തന്നെ ഇന്ത്യ ചാംപ്യൻസ് ട്രോഫി കളിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരത്തേ വ്യക്തമാക്കിയിരുന്നു.

English Summary:

"In Pakistan, Virat Kohli Will Forget The Love He Has Received In India": Shahid Afridi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com