100 കോടിയുടെ പുതിയ വീട്ടിലേക്ക് രൺവീറും ദീപികയും; അയൽക്കാരനായി ഷാറുഖ് ഖാൻ
Mail This Article
ഷാറുഖ് ഖാന്റെ പ്രശസ്തമായ മന്നത്ത് എന്ന ബംഗ്ലാവിനടുത്തേക്ക് താമസം മാറാനൊരുങ്ങുകയാണ് ബോളിവുഡ് താരജോഡികളായ രൺവീർ സിംഗും ദീപികയും. മകൾ ദുവ ജനിച്ചതോടെയാണ് താരങ്ങൾ പുതിയ വീട്ടിലേക്ക് താമസം മാറുന്നത്. ബാന്ദ്ര ബസ് സ്റ്റാൻഡ് മേഖലയിലാണ് കടലിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന ഫ്ലാറ്റ്. അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ നാലുനിലകൾ അടങ്ങുന്ന ക്വാഡ്രൂപ്ലക്സിലാവും ഇനി താരങ്ങളുടെ താമസം.
റിപ്പോർട്ടുകൾ പ്രകാരം 100 കോടി രൂപയാണ് ആഡംബര വീടിന്റെ വില. എല്ലാ നിലകളും ചേർത്ത് 11,266 ചതുരശ്ര അടി ഇന്റീരിയർ സ്പേസുണ്ട്. ഇതിനുപുറമെ 1130 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ടെറസും ഉൾപ്പെടുന്നു. കെട്ടിടത്തിന്റെ 16, 17, 18, 19 നിലകളിലായാണ് ഫ്ലാറ്റ്. ഫ്ലാറ്റിന്റെ നിർമാണം ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു. നിർമാണ പ്രവർത്തനങ്ങളുടെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഇവിടെനിന്ന് നടന്നെത്താവുന്ന അകലത്തിലാണ് ഷാറൂഖിന്റെ മന്നത്ത്.
നിലവിൽ മുംബൈയിലെ പ്രഭാദേവി മേഖലയിലെ ബ്യൂമൗണ്ട് ടവേഴ്സിലുള്ള വീട്ടിലാണ് താരങ്ങളുടെ താമസം. കെട്ടിടത്തിന്റെ 26-ാം നിലയിലാണ് ഇവരുടെ ഫ്ലാറ്റ്. ദീപികയുടെ പിതാവ് പ്രകാശ് പദുക്കോണ്‍ ഈ വീടിന്റെ സഹ ഉടമയാണ്. 2776 ചതുരശ്ര അടി വിസ്തീർണമുള്ള ഫ്ളാറ്റിന് മൂന്ന് കാർ പാർക്കിങ് സ്ലോട്ടുകളുമുണ്ട്. 2010ൽ 16 കോടി രൂപയ്ക്കാണ് ദീപികയും പിതാവും വീട് സ്വന്തമാക്കിയത്. വിവാഹത്തിനുശേഷം രൺവീറും ഇവിടേക്ക് താമസം മാറുകയായിരുന്നു.