‘ഇതാ ബെംഗളൂരുവിലെ ഓട്ടോക്കാരെ വീഴ്ത്തിയ എതിരാളി, ചരിത്രത്തിലാദ്യമായി അവർ തോറ്റു’: ദ്രാവിഡ് ഉൾപ്പെട്ട അപകടത്തിൽ മുൻ മന്ത്രി

Mail This Article
ബെംഗളൂരു∙ കാറിൽ വാഹനം തട്ടിയതിന് ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവറുമായി തർക്കിക്കുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റനും പരിശീലകനുമായ രാഹുൽ ദ്രാവിഡിന്റെ വിഡിയോ വൈറലായതിനു പിന്നാലെ, രസകരമായ പ്രതികരണവുമായി കർണാടക മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ സദാനന്ദ ഗൗഡ. ഇപ്പോഴാണ് ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവർമാർക്ക് ഒത്ത ഒരു എതിരാളിയെ കിട്ടിയതെന്ന് സദാനന്ദ ഗൗഡ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഇന്ത്യയുടെ ‘വൻമതിലു’മായാണ് ഓട്ടോ ഡ്രൈവറിന്റെ തർക്കമെന്ന് സൂചിപ്പിച്ച ഗൗഡ, ചരിത്രത്തിലാദ്യമായി അവർ തർക്കിച്ചു തോറ്റിരിക്കുന്നുവെന്നും കുറിച്ചു. അത്തരമൊരു സന്ദർഭം മാന്യമായി കൈകാര്യം ചെയ്ത ദ്രാവിഡിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
‘‘ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവർമാർക്ക് ഒടുവിൽ ഏറ്റവും വെല്ലുവിളി സൃഷ്ടിക്കുന്ന ഒരു എതിരാളിയെ ലഭിച്ചിരിക്കുന്നു. സാക്ഷാൽ ഇന്ത്യയുടെ വൻമതിൽ. രാഹുൽ ദ്രാവിഡിന്റെ ക്ഷമ പരീക്ഷിച്ച അവർ ചരിത്രത്തിലാദ്യമായി തോൽക്കുകയും ചെയ്തിരിക്കുന്നു. സ്വതസിദ്ധമായ മികവോടെ ആ രംഗം കൈകാര്യം ചെയ്ത രാഹുൽ ദ്രാവിഡിന് മുഴുവൻ മാർക്കും നൽകിയേ തീരൂ. ചില മതിലുകളിൽ വിള്ളൽ വീഴില്ല’ – സദാനന്ദ ഗൗഡ കുറിച്ചു.
ബെംഗളൂരു നഗരത്തിൽവച്ച് കഴിഞ്ഞ ദിവസമാണ് ദ്രാവിഡ് സഞ്ചരിച്ച എസ്‍യുവിയുടെ പിറകിൽ ഗുഡ്സ് ഓട്ടോ ഇടിച്ചത്. തുടർന്ന് കാറിൽനിന്ന് പുറത്തിറങ്ങിയ രാഹുൽ ദ്രാവിഡും ഓട്ടോ ഡ്രൈവറും തമ്മിൽ തർക്കവുമുണ്ടായി. റോഡില്‍വച്ച് ഓട്ടോ ഡ്രൈവർ വരുത്തിയ പിഴവ് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാൻ ശ്രമിക്കുന്ന ദ്രാവിഡിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.
ബെംഗളൂരുവിലെ കനിങ്ങാം റോഡിൽവച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ ദ്രാവിഡിനോ, ഡ്രൈവർക്കോ പരുക്കേറ്റിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഇതിഹാസ താരവും മുൻ പരിശീലകനുമായ ദ്രാവിഡിനെ ഓട്ടോ ഡ്രൈവർ തിരിച്ചറിഞ്ഞില്ലെന്നാണു വിവരം. റോഡിലെ തർക്കം ഏതാനും നിമിഷങ്ങൾ നീണ്ടതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് വിജയത്തിനു പിന്നാലെയാണ് രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞത്. ദ്രാവിഡിന്റെ പകരക്കാരനായി ഗൗതം ഗംഭീർ ചുമതലയേറ്റു. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീമിന്റെ ഹെഡ് കോച്ചാണ് ദ്രാവിഡ്. 2014,2015 സീസണുകളിൽ രാജസ്ഥാന്റെ മെന്ററായും ടീം ഡയറക്ടറായും ദ്രാവിഡ് പ്രവർത്തിച്ചിട്ടുണ്ട്.