ADVERTISEMENT

അനന്ത്–രാധിക വിവാഹ ആഘോഷ വേദിയിൽ ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് ആദരവേകി അംബാനി കുടുംബം. വിവാഹാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗീത് ചടങ്ങിനിടെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ, സൂര്യകുമാർ യാദവ്, ഹർദിക് പാണ്ഡ്യ എന്നിവരെ നിത അംബാനി വേദിയിലേക്ക് വിളിച്ചതോടെ ആഘോഷങ്ങൾ വൈകാരിക നിമിഷങ്ങൾക്ക് വഴിമാറി. ചടങ്ങിൽ പങ്കെടുക്കാനെത്തിയ താരങ്ങളെ തിലകക്കുറി ചാർത്തി അംബാനി കുടുംബം സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

മൂവരെയും വേദിയിലേക്ക് ക്ഷണിച്ചതോടെ അംബാനി കുടുംബത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന അതിഥികളുടെ നീണ്ടനിര എഴുന്നേറ്റു നിന്ന് അവർക്ക് ആദരമർപ്പിച്ചു. കൈയടികളോടെയും ആർപ്പുവിളികളോടെയുമാണ് അതിഥികൾ താരങ്ങളെ വേദിയിലേക്ക് ആനയിച്ചത്. ഇന്ത്യയുടെ ചരിത്രനേട്ടതിൽ നിർണായക പങ്കു വഹിച്ച മൂന്നു താരങ്ങളും തന്റെ മുംബൈ ഇന്ത്യൻസ് കുടുംബത്തിന്റെ ഭാഗമായതിനാൽ ഈ വിജയം തനിക്ക് വ്യക്തിപരമായ സന്തോഷം കൂടി നൽകുന്നുണ്ടെന്നാണ് നിത അംബാനി അറിയിച്ചത്.

മത്സരത്തിന്റെ ആവേശവും അവസാന ഓവറിൽ നിറഞ്ഞുനിന്ന ആശങ്കയും എത്രത്തോളമായിരുന്നു എന്നും നിത അംബാനി വേദിയിൽ തുറന്നു പ്രകടിപ്പിച്ചു. വിജയം അസാധ്യമെന്ന് തോന്നിയ സാഹചര്യത്തിൽ നിന്നും ഇന്ത്യൻ ടീം ഉയർത്തെഴുന്നേറ്റു വന്ന നിമിഷങ്ങൾ രാജ്യം മുഴുവൻ ശ്വാസം അടക്കിപ്പിടിച്ചാണ് കണ്ടുനിന്നതെന്നും നിത താരങ്ങളെ അറിയിച്ചു. കഠിനമായ സാഹചര്യങ്ങൾ നീണ്ടുനിൽക്കില്ല എന്നും എന്നാൽ മനസ്സുറപ്പുള്ളവർ എക്കാലവും വാഴും എന്നും പറഞ്ഞു കൊണ്ടാണ് നിത ഹാർദിക് പാണ്ഡ്യയെ പ്രകീർത്തിച്ചത്.

ഇന്ത്യയെ അഭിമാനത്തിന്റെ കൊടുമുടിയിൽ എത്തിച്ചതിന് മുകേഷ് അംബാനിയും താരങ്ങളെ മനം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു. 2011ൽ ഇന്ത്യ ലോകകപ്പ് നേടിയ സമയത്തുണ്ടായിരുന്ന അതേ വികാരത്തിലേക്ക് താൻ മടങ്ങിപ്പോയിരുന്നു എന്നാണ് അംബാനി പറഞ്ഞത്. ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, ക്രുണാൽ പാണ്ഡ്യ, കെ എൽ രാഹുൽ, മഹേന്ദ്ര സിങ് ധോണി എന്നിവരുൾപ്പെടെ നിരവധി മുംബൈ ഇന്ത്യൻസ് ടീമംഗങ്ങളും മറ്റ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com