ADVERTISEMENT

അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത ശേഷം ആദ്യമായി മുഖം വെളിവാക്കി താലിബാൻ ആഭ്യന്തരമന്ത്രിയും തലയ്ക്ക് 1 കോടി യുഎസ് ഡോളർ  പ്രഖ്യാപിക്കപ്പെട്ട ഭീകരനുമായ സിറാജുദീൻ ഹഖാനി. താലിബാനൊപ്പമുള്ള ഹഖാനി നെറ്റ്‌വർക്ക് ഭീകരസംഘടനയുടെ തലവനാണ് സിറാജുദ്ദീൻ ഹഖാനി. ഇതാദ്യമായാണ് സിറാജുദീന്റെ മുഖം ക്യാമറയ്ക്കു മുന്നിലെത്തുന്നത്.

ഇന്ത്യൻ സ്ഥാപനങ്ങൾക്കെതിരെയും വ്യക്തികൾക്കെതിരെയും അഫ്ഗാനിസ്ഥാനിൽ നിരവധി തവണ ആക്രമണം നടത്തിയിട്ടുള്ള ഭീകരരാണ് ഹഖാനി നെറ്റ്‌വർക്. അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസി, കോൺസുലേറ്റുകൾ എന്നിവയിൽ ഹഖാനി നെറ്റ്‌വർക് ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഈ ഭീകരസംഘടനയുടെ സ്ഥാപകനായ ജലാലുദീൻ ഹഖാനിയുടെ നേതൃത്വത്തിൽ 2008ൽ കാബൂളിലെ ഇന്ത്യൻ എംബസിയിൽ ഭീകരാക്രമണം നടത്തുകയും 58 പേർ കൊല്ലപ്പെടുകയും ചെയ്തു. അന്തരിച്ചവരിൽ രണ്ട് പേർ ഇന്ത്യൻ ഓഫിസർമാരായിരുന്നു. ഇന്ത്യയെ ഞെട്ടിച്ച ഭീകരാക്രമണമായിരുന്ന ഇതിന്റെ പദ്ധതി തയാറാക്കിയത് ജലാലുദീൻ ഹഖാനിയാണെന്നു പറയുന്നു. 2017ലും കാബൂളിലെ ഇന്ത്യൻ എംബസി ആക്രമിക്കപ്പെട്ടു. ഇത്തവണ മരിച്ചത് 17 പേരാണ്. ഇതിനെല്ലാം മുൻപ് ജലാലാബാദിൽ 2007ൽ ഇന്ത്യൻ കോൺസുലേറ്റുകളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. താലിബാന്റെ ഭാഗമായ ഗ്രൂപ്പുകളിൽ ഏറ്റവും അപകടകാരികളെന്നറിയപ്പെടുന്ന ഹഖാനി, കാർബോംബ് ആക്രമണം, ചാവേർ സ്‌ഫോടനം തുടങ്ങിയ രീതികളാണു ഭീകരകൃത്യങ്ങൾക്കായി ഉപയോഗിക്കുന്നത്.

 

ജയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസർ ഉൾപ്പെടെയുള്ളവരെ ഇന്ത്യൻ ജയിലിൽ നിന്നു മോചിപ്പിക്കാനായി ഭീകരർ 1999ൽ ആസൂത്രണം ചെയ്ത ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചൽ നടക്കുന്ന സമയത്തും ഹഖാനിയുടെ പേര് ഉയർന്നു കേട്ടിരുന്നു. ആ വിമാനം അഫ്ഗാനിലെ കാണ്ഡഹാർ വിമാനത്താവളത്തിലെത്തുകയും അവിടെ യാത്രക്കാർ ബന്ദികളാകുകയും ചെയ്തിരുന്നു. ഈ സമയത്ത് അഫ്ഗാൻ ഭരിച്ചിരുന്ന താലിബാൻ മന്ത്രിസഭയിൽ അംഗമായിരുന്നു ജലാലുദീൻ ഹഖാനി. 2018ൽ ഇയാൾ മരിച്ചു. തുടർന്നാണു മകനായ സിറാജുദീൻ അധികാരമേറ്റത്. സിറാജുദീന്റെ അനുജൻ അനസും ഹഖാനി നെറ്റ്വർക്കിനെ നയിക്കാനായി കൂടെയുണ്ട്. സിറാജുദ്ദീന്റെ തലയ്ക്ക് മൂന്നരക്കോടി ഇനാം പ്രഖ്യാപിച്ചിട്ടുണ്ട് യുഎസ്. മറ്റൊരു പ്രമുഖ നേതാവായ ഖലീൽ ഹഖാനിയുടെ തലയ്ക്കും ഇതേ തുക പ്രഖ്യാപനമുണ്ട്.

 

പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുമായി അടുത്ത ബന്ധം ഹഖാനി നെറ്റ്‌വർക്കിനുണ്ട്. തെക്കുകിഴക്കൻ അഫ്ഗാനിലെ സാദ്രാൻ പഷ്തൂൺ ഗോത്രത്തിൽ നിന്നുള്ളവരാണ് ഹഖാനി കുടുംബം. എൺപതുകളിൽ സോവിയറ്റ് വിരുദ്ധ ആക്രമണങ്ങളിലൂടെ വളർന്ന ഈ ഗ്രൂപ്പ് പിന്നീട് ശക്തി പ്രാപിക്കുകയായിരുന്നു. ഐഎസ്‌ഐയുമായുള്ള ബന്ധം കാരണമാകാം, ഈ ഗ്രൂപ്പിന്റെ ഒട്ടേറെ തട്ടകങ്ങളും പരിശീലനസ്ഥലങ്ങളും പാക്കിസ്ഥാനിലെ വസീറിസ്ഥാനിലാണു സ്ഥിതി ചെയ്യുന്നതെന്ന് രാജ്യാന്തര ഇന്റലിജൻസ് വൃത്തങ്ങൾ വിവരം നൽകുന്നു. 

 

താലിബാനുള്ളിൽ അൽഖായിദയുടെ സ്വാധീനം വളർത്തിയതിനു ചുക്കാൻ പിടിച്ചത് ഹഖാനി നെറ്റ്‌വർക്കാണെന്നാണു പൊതുവെ കരുതപ്പെടുന്നത്. അഫ്ഗാനു വെളിയിൽ നിന്നുള്ള ഭീകരരെ പരിശീലിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ താലിബാനുള്ളിൽ നടപ്പാക്കിയതും ഇവരാണ്. 2001ൽ യുഎസിന്റെ അഫ്ഗാൻ യുദ്ധത്തിനു ശേഷം ഒസാമ ബിൻ ലാദൻ അടക്കമുള്ള അൽഖായിദ നേതാക്കൾക്കു പാക്കിസ്ഥാനിലേക്കു രക്ഷപ്പെടാനും അവിടെ സുരക്ഷിത താവളങ്ങളിൽ ഒളിക്കാനും അവസരമൊരുങ്ങിയതിൽ ഹഖാനി നെറ്റ്‌വർക്കിനു നിർണായക പങ്കുണ്ടെന്നതും ശ്രദ്ധേയം. 1996ലാണു ഹഖാനി നെറ്റ്‌വർക്ക് താലിബാനൊപ്പം ചേർന്നത്. ഇപ്പോൾ താലിബാന്റെ ഭാഗമാണെങ്കിലും പ്രത്യേകമായ നേതൃത്വവും സംഘടനാ രീതികളും ഇവർ പുലർത്തുന്നുണ്ട്. 

 

English Summary: Haqqani Network's Most Wanted Terrorist Shows His Face For First Time

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com