നിഗൂഢത തുടരുന്നു, ഹവാന സിൻഡ്രോം ശത്രുക്കൾ കാരണമല്ലെന്ന് യുഎസ് റിപ്പോർട്ട്

Mail This Article
ലോകത്ത് പലയിടങ്ങളിലുമായി അമേരിക്കൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും ബാധിച്ച ഹവാന സിൻഡ്രോം എന്ന ദുരൂഹ അവസ്ഥ ശത്രുക്കൾ കാരണമല്ലെന്ന അന്വേഷണ റിപ്പോർട്ട് പുറത്ത്. യുഎസ് ഇന്റലിജൻസ് വൃത്തങ്ങളാണു റിപ്പോർട്ട് പുറത്തുവിട്ടത്. അമേരിക്കൻ ഉദ്യോഗസ്ഥർക്ക് ഇത്തരമൊരു അവസ്ഥ വരുത്താൻ മാത്രം ശേഷിയുള്ള ആയുധങ്ങളൊന്നും യുഎസിന്റെ പ്രതിയോഗികളുടെ പക്കൽ ഇല്ലെന്നാണ് ഇന്റലിജൻസ് കണ്ടെത്തിയത്.
2016ൽ ക്യൂബയിലെ ഹവാനയിൽ സ്ഥിതി ചെയ്യുന്ന അമേരിക്കൻ എംബസി ഉദ്യോഗസ്ഥരിലാണ് ഇതാദ്യം റിപ്പോർട്ട് ചെയ്തതെന്നതിനാലാണ് ഹവാന സിൻഡ്രോമെന്ന് അറിയപ്പെടുന്നത്. പിന്നീട് ഇത് ജർമനി, ഓസ്ട്രിയ, റഷ്യ, ചൈന എന്നീ രാജ്യങ്ങളിലെ യുഎസ് എംബസി ഉദ്യോഗസ്ഥരെയും ബാധിച്ചു. പൊടുന്നനെ കാരണങ്ങളില്ലാതെ കടുത്ത തലവേദന, ബോധക്കേട്, തലകറക്കം, ഓർമക്കുറവ് എന്നിവയുണ്ടാകുന്ന അവസ്ഥയാണ് ഹവാനാ സിൻഡ്രോമെന്നു പൊതുവെ വിളിക്കപ്പെടുന്നത്. ചിലരിൽ മൂക്കിൽ നിന്നു രക്തസ്രാവവുമുണ്ടാകാറുണ്ട്.
ഹവാന സിൻഡ്രോം വിദേശരാജ്യങ്ങളിലുള്ള യുഎസ് എംബസി ഉദ്യോഗസ്ഥരിലും നയതന്ത്രജ്ഞരിലുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 1500 കേസുകൾ ഹവാന സിൻഡ്രോമുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് യുഎസ് സർക്കാർ വൃത്തങ്ങൾ പറയുന്നു. ലക്ഷണങ്ങൾ തുടങ്ങുന്നതിനു മുൻപ് അതീവതോതിൽ തുളച്ചുകയറുന്ന രീതിയിലുള്ള ശബ്ദം തങ്ങൾ കേട്ടെന്ന് പല ബാധിതരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ആദ്യ ഹവാന സിൻഡ്രോമിന്റെ കണ്ടെത്തലിനു ശേഷം 5 വർഷം പിന്നിട്ടിട്ടും എന്തുകൊണ്ടാണിതു സംഭവിക്കുന്നതെന്നു യുഎസിനു മനസ്സിലാക്കാൻ സാധിക്കാത്തതിനാൽ ഈ അവസ്ഥ ഇപ്പോഴും ദുരൂഹമായി തുടരുന്നു. റഷ്യൻ നിർമിത സോണിക് ഉപകരണങ്ങൾ അല്ലെങ്കിൽ എനർജി ബീമുകൾ ഉപയോഗിച്ചാണ് ഈ അവസ്ഥ ഇരകളിൽ വരുത്തുന്നതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. വാഷിങ്ടനിലുള്ള ചില ഉന്നത യുഎസ് ഉദ്യോഗസ്ഥർക്കും ഈ അവസ്ഥ സംഭവിച്ചിരുന്നു.
ശരീരത്തിലേക്ക് അജ്ഞാതകേന്ദ്രങ്ങളിൽ നിന്ന് റേഡിയോ തരംഗങ്ങൾ പ്രവഹിപ്പിച്ച് തലച്ചോറിന് കുഴപ്പങ്ങളുണ്ടാക്കുകയാണ് ഹവാനാ സിൻഡ്രോമിൽ സംഭവിക്കുന്നതെന്നു ചില ഗവേഷകർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഒന്നിനും തെളിവില്ലാത്തതിനാൽ ഈ ദുരൂഹ സിൻഡ്രോം ഒരു പ്രഹേളികയായി അവശേഷിച്ചുവരികയായിരുന്നു. 2021ൽ ഹവാന സിൻഡ്രോം വിയറ്റ്നാമിലെ ഹനോയിയിലും റിപ്പോർട്ട് ചെയ്തു. യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് അങ്ങോട്ടേക്ക് യാത്ര നടത്താനിരിക്കെയായിരുന്നു അത്.
English Summary: Havana Syndrome unlikely to have hostile cause, US says