ADVERTISEMENT

നിങ്ങള്‍ ഷഓമി ഫാനാണെങ്കില്‍ കമ്പനിയുടെ ഉപകരണങ്ങള്‍ക്ക് അടുത്തകാലത്ത് നല്‍കിയിരിക്കുന്നതില്‍വച്ച് ഏറ്റവും വലിയ ഡിസ്‌കൗണ്ട് വില്‍പന പ്രയോജനപ്പെടുത്താം. ഏപ്രില്‍ 8 മുതല്‍ നടക്കുന്ന മി ഫാന്‍ ഫെസ്റ്റിവലില്‍ ഷഓമിയുടെ വിവിധ ഉപകരണങ്ങള്‍ക്ക് 13,000 രൂപ വരെ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, ഫ്‌ളാഷ് സെയിലില്‍ ഭാഗ്യവാന്മാര്‍ക്ക് ചില മി ഉപകരണങ്ങള്‍ 1 രൂപയ്ക്കു വരെ സ്വന്തമാക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ഏപ്രില്‍ 8-13 വരെയായിരിക്കും ഫെസ്റ്റിവല്‍. ലാപ്‌ടോപ്പുകള്‍ക്കും മറ്റും 12,000 രൂപ വരെ കിഴിവു ലഭിക്കുമെന്നതിനു പുറമെ ഐസിഐസിഐ ബാങ്ക് കാര്‍ഡ്, അക്‌സിസ് ബാങ്ക് കാര്‍ഡ്, എച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ചു വാങ്ങുന്നവര്‍ക്ക് അധിക കിഴിവും നല്‍കുന്നു. ഫെസ്റ്റിവല്‍ ദിനങ്ങളില്‍ ഷഓമി ഇന്ത്യയുടെ വെബ്‌സൈറ്റില്‍ എല്ലാ ദിവസവും വൈകീട്ട് നാലു മണിക്കായിരിക്കും ഫ്‌ളാഷ് സെയില്‍.

 

ഏറ്റവും വലിയ ഓഫറുകളിലൊന്ന് മി 10ടി പ്രോയ്ക്കാണ്. എംആര്‍പി 35,999 രൂപയ്ക്ക് അവതരിപ്പിച്ച ഈ മോഡലിന് 13,000 രൂപ വരെ കിഴിവാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. മി നോട്ട്ബു്ക്ക് 14 ഹൊറൈസണ്‍ എഡിഷനും 13,000 രൂപ വരെ വിലക്കുറവ് ലഭിക്കുമെന്നു പറയുന്നു. റെഡ്മി നോട്ട് 9 സീരീസിന് 8000 രൂപ വരെ കിഴിവ് ഓഫര്‍ ചെയ്യുന്നു. മി ടിവികള്‍ക്കും ആകര്‍ഷകമായ ഓഫറുകള്‍ ഉണ്ട്. ക്യാഷ് ഡിസ്‌കൗണ്ടിനു പുറമെ, വിവിധ കമ്പനികളുടെ ഗിഫ്റ്റ് വൗച്ചറുകളും സ്വന്തമാക്കാം. കള്‍ട്ട്ഫിറ്റ്, മെയ്ക്‌മൈ ട്രിപ്പ്, സൂംകാര്‍, ദി മാന്‍ കമ്പനി തുടങ്ങിയ ബ്രാന്‍ഡുകളുടെ പ്രൊഡക്ടുകള്‍ക്കൊ സേവനങ്ങള്‍ക്കോ ആയിരിക്കും 10,000 രൂപ വരെയുള്ള ഗിഫ്റ്റ് വൗച്ചറുകള്‍ ലഭിക്കുക. ഫെസ്റ്റിവല്‍ ദിനങ്ങളില്‍ എല്ലാ ദിവസവും ഒരു മി ഹോം കസ്റ്റമര്‍ക്ക് 100 ശതമാനം ക്യാഷ് ബാക്ക് നല്‍കുന്നു. മി എയര്‍ പ്യൂരിഫയര്‍ 3 തുടങ്ങിയ സ്മാര്‍ട് ഹോം ഉപകരണങ്ങള്‍ക്ക് 4,499 രൂപ വരെ ഡിസ്‌കൗണ്ട് ഉണ്ടായിരിക്കും.

 

∙ പിക് ആന്‍ഡ് ചൂസ്

 

tim-cook

ഫെസ്റ്റിവല്‍ ദിനങ്ങളില്‍ എല്ലാ ദിവസവും രാത്രി 8 മുതല്‍ 12 വരെ മി ഫാന്‍സിന് മിയുടെ വെബ്‌സൈറ്റിലെത്തി മൂന്ന് പ്രൊഡക്ടുകള്‍ തിരഞ്ഞെടുക്കാം. ഇവയ്ക്ക് എല്ലാം കൂടെ ആകര്‍ഷകമായി കിഴിവു നല്‍കുമെന്ന് കമ്പനി പറയുന്നു.

 

∙ താനൊരിക്കലും മസ്‌കിനോട് സംസാരിച്ചിട്ടില്ലെന്ന് കുക്ക്

 

ലോകത്തെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളും ടെസ്‌ല കാര്‍ കമ്പനി ഉടമയുമായ ഇലോണ്‍ മസ്‌ക് 2020 ഡിസംബറില്‍ നടത്തിയ ഒരു പരാമര്‍ശം വന്‍ വാര്‍ത്തയായിരുന്നു. ടെസ്‌ലയുടെ തുടക്കകാലത്ത് പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നും അക്കാലത്ത് ഈ കാര്‍ കമ്പനി ആപ്പിളിനു വില്‍ക്കാനായി കമ്പനിയുടെ മേധാവിയായ ടിം കുക്കുമായി മീറ്റിങ് വയ്ക്കാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ കുക്ക് അതിനു സമ്മതിച്ചില്ലെന്നുമായിരുന്നു മസ്‌കിന്റെ അവകാശവാദം. ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ കുക്ക് ഇക്കാര്യം സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല. പക്ഷേ താന്‍ ഒരിക്കലും മസ്‌കിനോട് സംസാരിച്ചിട്ടില്ലെന്നും, തനിക്ക് മസ്‌ക് എന്ന വ്യക്തിയോട് മതിപ്പുണ്ടെന്നുമാണ് കുക്ക് നല്‍കിയ മറുപടി. കാരാ സ്വിഷറുമായി നടത്തിയ അഭിമുഖ സംഭാഷണത്തിലാണ് കുക്ക് ഇത് പറഞ്ഞത്. ടെസ്‌ല കാറുകളെ പുകഴ്ത്താനും കുക്ക് മറിന്നില്ല.

 

∙ ഫെയ്‌സ്ബുക്കില്‍ നിന്ന് നിങ്ങളുടെ ഡേറ്റ ചോർത്തിയോ എന്ന് പരിശോധിക്കാം

 

ലോകമെമ്പാടുമുള്ള മൊത്തം 53.3 കോടി ഫെയ്‌സ്ബുക് ഉപയോക്താക്കളുടെ വിവരങ്ങളാണ് അടുത്തിടെ ഉണ്ടായ ഹാക്കിങ്ങിലൂടെ ഫെയ്സ്ബുക്കില്‍ നിന്ന് പുറത്തായത്. ഇതില്‍ 60 ലക്ഷത്തിലേറെ പേർ ഇന്ത്യക്കാരാണ്. ഡേറ്റ ചോർന്നവര്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള സൈബര്‍ ആക്രമണം ഉണ്ടായാല്‍ അതില്‍ അദ്ഭുതപ്പെടേണ്ടെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. താഴെ നൽകിയ വെബ്‌സൈറ്റില്‍ ഇക്കാര്യം പരിശോധിക്കാം. എന്നാല്‍, അതില്‍ റിസ്‌ക് ഉണ്ടെന്ന കാര്യവും നേരത്തെ പറയുകയാണ്. സ്വന്തം റിസ്‌കില്‍ മാത്രമെ പ്രവേശിക്കാവൂ. റിസ്‌ക് മനസ്സിലാക്കി തങ്ങളുടെ ഫെയ്‌സ്ബുക് ഡേറ്റ ചോർന്നോ എന്നു പരിശോധിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താഴെ പറയുന്ന നടപടിക്രമങ്ങള്‍ സ്വീകരിക്കാം.

 

1. https://haveibeenpwned.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

2. അവിടെ കാണിച്ചിരിക്കുന്ന സേര്‍ച്ച് ബാറില്‍ നിങ്ങളുടെ ഫെയ്‌സ്ബുക്കുമായി ബന്ധപ്പെട്ട ഇമെയില്‍ ഐഡി നല്‍കി സേര്‍ച്ച് ചെയ്യുക. അവിടെ നിങ്ങളുടെ ഇമെയിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോർന്നിട്ടുണ്ടോ എന്ന് പറഞ്ഞുതരും.

 

∙ എഐ ഉള്ള വാഷിങ്‌മെഷീന്‍ അവതരിപ്പിച്ച് സാംസങ്

 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കരുത്തുള്ള ഫുള്ളി ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിങ് മെഷീന്‍ സീരീസ് സാംസങ് അവതരിപ്പിച്ചു. ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ മെഷീനുകളാണിവ എന്നു പറയുന്നു. സാംസങ്ങിന്റെ സ്വന്തം എക്കോബബ്ള്‍, ക്വിക്‌ഡ്രൈവ് ടെക്‌നോളജികളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇതുവഴി തുണികള്‍ക്ക് 45 ശതമാനം അധിക സംരക്ഷണം ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. കൂടാതെ, 21 മോഡലുകളുള്ള പുതിയ സീരീസിനു മൊത്തം 5 സ്റ്റാര്‍ എനര്‍ജി റെയ്റ്റിങ് ആണ് ലഭിച്ചിരിക്കുന്നത്. ഇവയ്‌ക്കെല്ലാം എഐ ഉണ്ട്. ഉപയോക്താവിന്റെ തുണികഴുകല്‍ രീതികള്‍ ഓര്‍ത്തുവച്ച് അതിനനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. ഉദാഹരണത്തിന് സാധാരണഗതിയില്‍ എത്ര വാഷ് സൈക്കിള്‍ ആണ് ഉപയോഗിക്കുന്നത് എന്നൊക്കെ ഇവയ്ക്ക് ഓര്‍ത്തുവയ്ക്കാനാകും. ഇവയെ സാംസങ്ങിന്റെ സ്മാര്‍ട് ഉപകരണങ്ങളുമായി ബന്ധിപ്പിക്കാനുമാകും. ഗ്യാലക്‌സി സ്മാര്‍ട് ഫോണുകള്‍, സ്മാര്‍ട് ടിവികള്‍ ഫാമിലി ഹബ് ഫ്രിജുകള്‍ തുടങ്ങിയവയുമായി ബന്ധിപ്പിക്കാമെന്നതു കൂടാതെ, അലക്‌സയുടെയും, ഗൂഗിള്‍ ഹോന്റെയും സേവനവും ഉണ്ടായിരിക്കും. ഏപ്രില്‍ 6 മുതൽ ഇവ വില്‍പനയ്‌ക്കെത്തി. ഷോറൂമുകളിലും ഓണ്‍ലൈന്‍ വില്‍പനാശാലകളിലും ഇവ ലഭ്യമാണ്. തുടക്ക മോഡലിന്റെ വില 35,400 രൂപയായിരിക്കും.

 

∙ ഐഫോണിലടക്കം ഉപയോഗിക്കാവുന്ന ഐഎക്പാന്‍ഡ് ഫ്‌ളാഷ് ഡ്രൈവ് അവതരിപ്പിച്ചു

 

ഐഎക്‌സ്പാന്‍ഡ് സീരീസില്‍ പുതിയതായി അവതരിപ്പിച്ച ഫ്‌ളാഷ്‌ഡ്രൈവുകള്‍ക്ക് ഇരട്ടത്തലയാണ് സുപ്രശസ്ത മെമ്മറി കാര്‍ഡ് നിര്‍മാണ ബ്രാന്‍ഡായ സാന്‍ഡിസ്‌ക് നല്‍കിയിരിക്കുന്നത്- ഐഒഎസില്‍ ഉപയോഗിക്കാനായി ഒരു വശത്ത് ലൈറ്റ്‌നിങ് കണക്ടറുകളും മറുവശത്ത് ആന്‍ഡ്രോയിഡ് ഫോണുകളും പിസികളും അടക്കം യുഎസ്ബി-സി പോര്‍ട്ടുകളുള്ള ഉപകരണങ്ങളിലും ഉപയോഗിക്കാന്‍ പാകത്തിനാണ് ഇറക്കിയിരിക്കുന്നത്. വെസ്റ്റേണ്‍ ഡിജിറ്റല്‍ കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാന്‍ഡിസ്‌കിന്റെ പുതിയ ഡ്രൈവുകള്‍ക്ക് നല്ല വില നല്‍കണം. തുടക്ക വേരിയന്റായ 64 ജിബി ഡ്രൈവിനു തന്നെ 4,449 രൂപയാണ് എംആര്‍പി.

 

English Summary: Mi Fan Festival 2021: Xiaomi Brings Flash Sales and Deals on Mobiles, Laptops, TVs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com