ആപ്പിളിന് ഇന്ത്യയില്‍ വമ്പന്‍ പിഴ വരുമോ? ഐഫോണ്‍ നിര്‍മാതാവിനെ കാത്തിരിക്കുന്നതെന്ത്?
Mail This Article
ടെക്‌നോളജി ഭീമന്‍ ഗൂഗിളിനെതിരെ 1,337.76 കോടി രൂപ പിഴ ചുമത്തിയ കോംപറ്റിഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ (സിസിഐ), ഐഫോണ്‍ നിര്‍മാതാവ് ആപ്പിളിനെതിരെ 142 പേജ് റിപ്പോര്‍ട്ട് തയാറാക്കിയതായി റോയിട്ടേഴ്‌സ്. ഡവലപ്പര്‍മാര്‍ക്ക് ഒഴിവാക്കാനാകാത്ത പങ്കാളിയാണ് ആപ്പിളിന്റെ ആപ് സ്റ്റോര്‍. അതിനാല്‍, ഡവലപ്പര്‍മാര്‍ക്ക് ആപ്പിളിന്റെ അന്യായമായ നിബന്ധനകള്‍ അംഗീകരിച്ചേ പറ്റൂ. അതില്‍ തന്നെ, കമ്പനിയുടെ ബില്ലിങ്, പണമടയ്ക്കല്‍ സംവിധാനങ്ങള്‍ നിര്‍ബന്ധമായും ഉപയോഗിച്ചിരിക്കണമെന്നും സിസിഐയുടെ ജൂലൈ 24 റിപ്പോര്‍ട്ടിലുണ്ട്. ആപ് ഡവലപ്പര്‍മാരുടെ ദൃഷ്ടിയിലൂടെ നോക്കിയാല്‍ ആപ്പിള്‍ ഐഓഎസ് സോഫ്റ്റ്‌വെയര്‍ പരിസ്ഥിതി ഒഴിവാക്കാനാകാത്തതാണ് എന്നും സിസിഐ കണ്ടെത്തുന്നു.
ഇന്ത്യ മാത്രമല്ല ഇത്തരം ആന്റി-ട്രസ്റ്റ് കുരുക്കുകള്‍ ആപ്പിളിനെതിരെ മുറുക്കുന്നത്. തങ്ങളുടെ ടെക്‌നോളജി നിയമങ്ങള്‍ കമ്പനി ലംഘിച്ചുവെന്ന് യൂറോപ്യന്‍ യൂണിയനും കണ്ടെത്തിയിരുന്നു. ഇയുവും ആപ്പിളിനെതിരെ കൂറ്റന്‍ ഫൈന്‍ ചുമത്തിയേക്കും. കമ്പനി ആപ്പ് ഡവലപ്പര്‍മാര്‍ക്ക് പുതിയ ഫീ ഏര്‍പ്പെടുത്തിയ കാര്യവും ഇയു പരിശോധിച്ചുവരികയാണ്.
വരുമോ ഇന്ത്യയിലും പുതിയ ആപ് സ്റ്റോറുകള്‍?
ഇയുവിലെ നിയമമായ ഡിജിറ്റല്‍ മാര്‍ക്കറ്റ്‌സ് ആക്ട് (ഡിഎംഎ) അനുസരിക്കുന്നതിന്റെ ഭാഗമായി തങ്ങളുടെ ആപ് സ്റ്റോറിനു പുറമെയുള്ള സ്റ്റോറുകളില്‍ നിന്നും ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ആപ്പിള്‍ അനുവദിച്ചു കഴിഞ്ഞു. സിസിഐ തങ്ങളുടെ അന്വേഷണത്തിന്റെ നിര്‍ണ്ണായക ഘട്ടത്തിലാണ് ഇപ്പോള്‍ എത്തിനില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ആപ്പിളിനെതിരെ നടപടി സ്വീകരിക്കുന്നതിനു മുമ്പ് ആപ്പിളിനും ബന്ധപ്പെട്ട കക്ഷികള്‍ക്കും തങ്ങളുടെ ഭാഗം അവതരിപ്പിക്കാനുള്ള അവസരം നല്‍കിയേക്കും.
ഞങ്ങള്‍ക്കെന്തു പ്രസക്തി എന്ന് ആപ്പിള്‍?
ഇന്ത്യയില്‍ തങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് എന്തു പ്രസക്തിയാണ് ഉള്ളതെന്ന നിലപാടാണ് ആപ്പിളിനത്രെ. ഇന്ത്യയില്‍ വില്‍ക്കുന്നതില്‍ വെറും 0-5 ശതമാനം ഡിവൈസുകളാണ് തങ്ങളുടേത് എന്ന് കമ്പനി ചൂണ്ടിക്കാണിക്കുന്നു. വിപണിയുടെ 90-100 ശതമാനവും അടക്കിവാഴുന്നത് ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളാണ്. അതൊന്നും, പോരെങ്കില്‍ ഇന്‍-ആപ് പേമെന്റ് സിസ്റ്റം പ്രവര്‍ത്തിപ്പിക്കുക വഴി തങ്ങള്‍ ആപ്പ് സ്റ്റോര്‍ വഴി നല്‍കുന്ന ആപ്പുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു എന്നും കമ്പനി വാദിക്കുന്നു.
ഇതിനെതിരെയുള്ള സിസിഐ വാദം ഇങ്ങനെ: ആപ്പ് സ്റ്റോറുകള്‍ ഓപ്പറേറ്റിങ് സിസ്റ്റം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നവയാണ്. ഐഓഎസ് ഉപയോക്താക്കള്‍ക്ക് ആപ്പിളിന്റെ അപ്പ് സ്റ്റോര്‍ മാത്രമെ ഇപ്പോള്‍ ഉള്ളു എന്നാണ്. അതിനാല്‍ തന്നെ, ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ ആപ്പുകള്‍ വികസിപ്പിച്ചിടുന്നഡിവലപ്പര്‍മാരെ കമ്പനിയുടെ പേമെന്റ് രീതികള്‍ പ്രതികൂലമായി വാദിക്കുന്നു.
മുന്‍ ട്വിറ്റര്‍ ജോലിക്കാര്‍ക്ക് 500 ദശലക്ഷം ഡോളര്‍ നല്‍കുന്നതില്‍ നിന്ന് മസ്‌ക് 'രക്ഷപെട്ടു'
പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് 500 ദശലക്ഷം ഡോളര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് 6,000 ലേറെ മുന്‍ ട്വിറ്റര്‍ ജോലിക്കാര്‍ നല്‍കിയിരുന്ന കേസ് കോടതി തള്ളി. ട്വിറ്റര്‍ മസ്‌ക് ഏറ്റെടുക്കുകയും പേര് എക്‌സ് എന്നാക്കി പ്രവര്‍ത്തിപ്പിക്കുകയുമായിരുന്നു. കോടതി വിധി തന്റെ മുന്‍ ജോലിക്കാര്‍ക്കെതിരെ മസ്‌കിന് ഒരു വിജയമാണെന്ന് എന്‍ഗ്യാജറ്റ്.
മുന്‍ ട്വിറ്റര്‍ ജോലിക്കാരന്‍ കോര്‍ട്ണി മക്മിലന്‍ ആണ് മസ്‌കിനെതിരെ ക്ലാസ് ആക്ഷന്‍ ലോ സൂട്ട് ഫയല്‍ ചെയ്തിരുന്നത്. ഫെഡറല്‍ എംപ്ലോയീ റിട്ടയര്‍മെന്റ് ഇങ്കം സെക്യുരിറ്റ് ആക്ട് (എറിസ) പ്രകാരം തങ്ങള്‍ക്ക് നല്‍കേണ്ട പണം നല്‍കിയിട്ടില്ലെന്നായിരുന്നു വാദികള്‍ നല്‍കിയ കേസില്‍ പറഞ്ഞിരുന്നത്. എന്നാല്‍, കേസു പരിഗണിച്ച അമേരിക്കന്‍ ഡിസ്ട്രിക്ട് ജഡ്ജി ട്രിന റ്റോംപ്‌സണ്‍ ആണ് ഈ കേസ് തള്ളിക്കളയണം എന്ന മസ്‌കിന്റെ ആവശ്യം ശരിവച്ചത്. പിരിച്ചുവിട്ട ട്വിറ്റര്‍ ജോലിക്കാര്‍ക്ക് എറിസ ബാധകമാകില്ലെന്നാണ് ട്രിന വിധിച്ചത്. ഈ വിധി പിരിച്ചുവിടപ്പെട്ട ആയിരക്കണക്കിന് ജോലിക്കാര്‍ക്ക് തിരിച്ചടിയാണെന്ന് എന്‍ഗ്യാജറ്റ്.
എക്‌സ് നിയമം ലംഘിച്ചു എന്ന് ഇയു
എക്‌സ് പ്ലാറ്റ്‌ഫോം ഇയുവിന്റെ ഓണ്‍ലൈന്‍ കണ്ടെന്റ് നിയമങ്ങള്‍ ലംഘിച്ചു എന്ന് യൂറോപ്യന്‍ കമ്മിഷന്‍ കണ്ടെത്തി. ഏഴു മാസം നീണ്ടുനിന്ന അന്വേഷണത്തിന്റെ ഫലമാണിത്. എക്‌സ് പ്രവര്‍ത്തിക്കുന്നതില്‍ കാതലായ മാറ്റം വരുത്തണം എന്ന് ആവശ്യപ്പെടുകയോ, പിഴ ചുമത്തുകയോ ആയിരിക്കാംഇയു ചെയ്യാനൊരുങ്ങുന്നത്.
പൊതു സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്ന കണ്ടെന്റ്, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി പ്രചരിക്കുന്നത് തടയുന്നതിനായി പാലക്കേണ്ട ഡിജിറ്റല്‍ സര്‍വിസസ് ആക്ട് ആണ് മസ്‌കിന്റെ കമ്പനി ലംഘിച്ചതായി കണ്ടെത്തിയിരിക്കുന്നത്. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിനു കീഴില്‍ പ്രവര്‍ത്തിക്കുന്നടിക്‌ടോക്, മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മെറ്റാ പ്ലാറ്റ്‌ഫോംസ്, അലിഎക്‌സ്പ്രസ് തുടങ്ങിയവയും ഇയുവിന്റെ അന്വേഷണത്തിന്റെ പരിധിയിലുണ്ട്.
ആപ്പിള്‍ വിഷന്‍ പ്രോയുടെ വില്‍പ്പന യുകെയിലും മറ്റും ആരംഭിച്ചു
ബ്രിട്ടണ്‍, ഓസ്‌ട്രേലിയ, ക്യാനഡ, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവിടങ്ങളില്‍ ആപ്പിളിന്റെ ആദ്യ ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്‌സെറ്റായ വിഷന്‍ പ്രോ വില്‍പ്പനയ്‌ക്കെത്തി. അമേരിക്കയക്കു വെളിയില്‍ ഇപ്പോള്‍ ചൈന, ഹോങ്കോങ്, ജപ്പാന്‍, സിങ്കപ്പൂര്‍ എന്നിവിടങ്ങളില്‍ മാത്രമാണ് ഹെഡ്‌സെറ്റിന്റെവില്‍പ്പന നടക്കുന്നത്. ഈ രാജ്യങ്ങളിലെല്ലാം 3,500 ഡോളറിന് തുല്ല്യമായ വിലയ്ക്കാണ് വിഷന്‍ പ്രോ വില്‍ക്കുക.