ആദിത്യാ ഗാംഗുലി; ടാറ്റാ നെക്‌സാര്‍ക് എഐ മേധവിക്കും പറയാനുണ്ട്

Mail This Article
സ്റ്റാര്‍ട്ടപ്പുകള്‍ നടത്താന്‍ അറിയേണ്ട ഏറ്റവും പ്രധാനപ്പെട്ട മൂന്നു കാര്യങ്ങള്‍ 'മാര്‍ക്കറ്റ്, മാര്‍ക്കറ്റ്, മാര്‍ക്കറ്റ്' എന്നാണ് എന്നു വിശ്വസിക്കുന്ന സംരംഭകരുടെ കൂട്ടത്തില്‍ പെടുന്ന ശ്രദ്ധേയമായ വ്യക്തിത്വത്തിനുടമായാണ് ടാറ്റാ നെക്‌സാര്‍ക് (Nexarc) വിഭാഗത്തിന്റെ മേധാവി ആദിത്യ ഗംഗുലി. ബിസിനസ് കണ്‍സള്‍ട്ട്ന്റ്സിന്റെ മേഖലയില്‍ ആരംഭിച്ച തന്റെ സ്വന്തം സ്റ്റാര്‍ട്ടപ് ആയ വേദക് അടച്ചുപൂട്ടേണ്ടിവന്നതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് അദ്ദേഹം പിന്നീടു നടത്തിയ നീക്കങ്ങള്‍.
'വേദക് ഉപകാരപ്രദമാണെന്ന് കണ്‍സള്‍ട്ടന്റുമാര്‍ക്കും നിക്ഷേപകര്‍ക്കും മാത്രമാണ് തോന്നിയത്. അതിനപ്പുറം ഞങ്ങള്‍ക്ക് പോകാന്‍ സാധിച്ചില്ല,' 2022-ല്‍ അദ്ദേഹം എഴുതിയ ബ്ലോഗില്‍ അദ്ദേഹം തുറന്നു സമ്മതിക്കുന്നു. കുറിപ്പ് തന്റെ സംരംഭം അടച്ചുപൂട്ടി ഒരു വര്‍ഷത്തിന് ശേഷമാണ് എഴുതിയത്. മുകളില്‍പറഞ്ഞ മാര്‍ക്കറ്റ് മന്ത്ര തന്റെ സ്റ്റാര്‍ട്ടപ്പ് അനുഭവത്തില്‍ നിന്ന് ഉള്‍ക്കൊണ്ട എട്ട് പാഠങ്ങളില്‍ ഒന്നാണ് എന്ന് അദ്ദേഹം പറയുന്നു.
താന്‍ വരുത്തിയ തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുന്ന വ്യക്തികളില്‍ ഒരാളാണ് ഗാംഗുലി. പരാജയങ്ങള്‍ പോലും വിശകലനം ചെയ്ത് മുന്നോട്ടുപോകാനുള്ള ആത്മവിശ്വാസം ആര്‍ജ്ജിക്കാന്‍ കെല്‍പ്പുള്ള ആള്‍. അതിനാല്‍ തന്നെ, അദ്ദേഹമിപ്പോള്‍ ടാറ്റാ നെക്‌സാര്‍ക്കിന്റെ ഡാറ്റാ സയന്‍സ് ആന്‍ഡ് എഐ വിഭാഗത്തിന്റെ മേധാവി സ്ഥാനം അലങ്കരിക്കുന്നതില്‍ ആര്‍ക്കും അശേഷം അത്ഭുതമില്ല.

ടാറ്റ ബിസിനസ് ഹബ്ബിന് (Tata Business Hub) വേണ്ടി ഗംഗുലി അനലിറ്റിക്‌സ് ആന്‍ഡ് ഡാറ്റാ സയന്‍സ് ടൂള്‍കിറ്റ് വികസിപ്പിക്കുന്നു. ഇത് മൈക്രോ, സ്‌മോള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസിനുള്ള (എംഎസ്എംഇഎസ്) ഒരു സൂപ്പര്‍ ആപ്പ് തന്നെയാണ് എന്ന് അദ്ദേഹം പറയുന്നു.
നെക്‌സാര്‍ക്കില്‍ എത്തുന്നതിന് മുമ്പ്, അദ്ദേഹം ഷിയോമിയില്‍ അനലിറ്റിക്‌സ് ആന്‍ഡ് ഡാറ്റാ സയന്‍സ് വിഭാഗം മേധാവിയായിരുന്നു. അവിടെ അദ്ദേഹത്തിന്റെ ടീം റെക്കമന്‍ഡേഷന്‍ സിസ്റ്റങ്ങള്‍, വിസിബിലിറ്റി അനലിറ്റിക്‌സ്, കസ്റ്റമര്‍ സെന്റിമെന്റ്‌സ് എന്നിവയ്ക്കായി സിസ്റ്റങ്ങള്‍ വികസിപ്പിച്ചു. ഇത് ചാറ്റ്ജിപിറ്റി അവതരിക്കുന്നതിനും മുമ്പായിരുന്നു എന്നതാണ് അതിന്റെ പ്രാധാന്യം എടുത്തറിയിക്കുന്നത്.
എംഎസ്എംഇഎസ്‌കള്‍ക്ക് ആയി പുതിയ സാധ്യതകള്‍ ഉരുത്തിരിച്ചെടുക്കുന്നതില്‍ വമ്പന്‍ അനുവഭവജ്ഞാനമാണ് അദ്ദേഹത്തിനുള്ളത്. ഗ്രാഫ് ഡാറ്റാബേസ്-കേന്ദ്രമാക്കി ഉല്‍പ്പാദനത്തിനു വേണ്ട വസ്തുക്കളുടെ വില പ്രവചിക്കുക, തങ്ങള്‍ ഉണ്ടാക്കുന്ന വസ്തുക്കള്‍ക്ക് ആവശ്യക്കാര്‍ ഉണ്ടായിരിക്കുമോ എന്നു പ്രവചിക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ ചെയ്തിട്ടുമുണ്ട് അദ്ദേഹം. പ്രാദേശിക ഭാഷകള്‍ക്കും, ഗവണ്മെന്റ് സ്‌കീമുകള്‍ക്കും ഉപകരിക്കുന്ന രീതിയില്‍ ലാര്‍ജ് ലാംഗ്വെജ് മോഡലുകളെ എംഎസ്എംഇഎസിനു വേണ്ടി ഉരുത്തിരിച്ചെടുത്തിട്ടുമുണ്ട് ഗാംഗുലി.
ഐഐഎം കൊൽക്കത്തയുടെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ അദ്ദേഹം കീര്‍ണി (Kearney), മിന്ത്ര തുടങ്ങിയ സ്ഥാപനങ്ങള്‍ക്കായി പ്രവര്‍ത്തിച്ച ശേഷമാണ് ഡേറ്റാ സയന്‍സ്, ബിസിനസ് മേഖലകളിലേക്ക് എത്തിയത്. സമൂഹത്തിനും, പാരിസ്ഥിതിക്കും ഗുണകരമായ ബിസിനസ് തന്ത്രങ്ങള്‍ തന്റെ കൈവശമുണ്ടെന്ന് അദ്ദേഹം പറയുന്നു. തന്റെ അനുഭവങ്ങളും ആശയങ്ങളും ടെക്‌സ്‌പെക്‌റ്റേഷനില്‍ പങ്കുവയ്ക്കാന്‍ ആദിത്യാ ഗാംഗുലിയും എത്തും.

ടെക്‌സ്‌പെക്‌റ്റേഷന്‍ ഡിജിറ്റല്‍ സംഗമം
ഡിജിറ്റല്‍ ലോകത്തെ പുതുപുത്തന്‍ സാധ്യതകളുള്‍പ്പെടെ ചര്‍ച്ച ചെയ്ത് ആശയങ്ങളുടെ അലകടല്‍ തീര്‍ക്കുന്ന മനോരമ ഓണ്‍ലൈന്‍ ടെക്‌സ്‌പെക്‌റ്റേഷന്‍ ഡിജിറ്റല്‍ സംഗമം ഫെബ്രുവരി 7ന് കൊച്ചിയില്‍ നടക്കും. 'ട്രാന്‍സ്‌ഫോമിങ് ഫ്യൂച്ചര്‍; എഐ ഫോര്‍ എവരിഡേ ലൈഫ്' എന്ന തീമിലാണ് കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ സംഗമം ടെക്‌സ്‌പെക്‌റ്റേഷൻസിന്റെ ആറാം പതിപ്പ് അരങ്ങേറുക. ജെയ്ന്‍ യൂണിവേഴ്‌സിറ്റി കൊച്ചിയും ഗൂഗിള്‍ ഇന്ത്യയുമാണ് മനോരമ ഓണ്‍ലൈന്‍ അവതരിപ്പിക്കുന്ന ടെക്‌സ്‌പെക്റ്റേഷന്‍സിന്റെ പ്രായോജകര്‍. സെഷൻ പാർട്ണറായി എക്സ്പീരിയൻ ടെക്നോളജീസും ട്രാവൽ പാർട്ണറായി പോപുലർ ഹ്യുണ്ടേയ്യുമെത്തും. റജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും സീറ്റ് റിസര്‍വ് ചെയ്യാനും: https://www.techspectations.com/
അനുദിനം മാറുന്ന ഡിജിറ്റല്‍ ലോകത്തെ പുതുപുത്തന്‍ സാധ്യതകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വമ്പന്‍ മാറ്റങ്ങള്‍, വാര്‍ത്തകളുടെ ലോകത്തെ എഐ പ്രതീക്ഷകള്‍, ഡാറ്റ അനലറ്റിക്‌സിന്റെ വിസ്മയലോകം സ്റ്റാര്‍ട്ടപ്പുകള്‍ക്കും വന്‍കിട ബ്രാന്‍ഡുകള്‍ക്കും വേദിയൊരുക്കുന്ന ഇന്ത്യയിലെയും കേരളത്തിലെയും സംരംഭക വിപ്ലവങ്ങള്‍ തുടങ്ങിവയെല്ലാം ഇത്തവണ ചര്‍ച്ചയാകും. കേരളത്തിന്റെ ടെക് സാധ്യതകളും മുന്നേറ്റങ്ങളും ചര്‍ച്ച ചെയ്യുന്ന പ്രത്യേക സംവാദവുമുണ്ടാകും.
ഒരു പുതിയ ഡിജിറ്റല്‍ ലോകത്തെ ഉള്‍ക്കൊണ്ട്, അതിന്റെ കുതിപ്പിനൊപ്പം മുന്നേറാന്‍ വഴികാട്ടുന്ന ചര്‍ച്ചകള്‍ക്കു വേദിയൊരുക്കുകയാണ് മനോരമ ഓണ്‍ലൈന്‍ ഡിജിറ്റല്‍ ഉച്ചകോടി ടെക്‌സ്‌പെക്ടേഷന്‍സിന്റെ ലക്ഷ്യം. 2016ല്‍ ആരംഭിച്ച ഈ ഡിജിറ്റല്‍ സംഗമം വൈവിധ്യമാര്‍ന്ന തീമുകളോടെ 2018, 2020, 2021, 2023 വര്‍ഷങ്ങളില്‍ ഗംഭീരമായി അരങ്ങേറിയിരുന്നു.
പ്രമുഖ കമ്പനികളുടെ സിഇഒമാര്‍, സിടിഒമാര്‍, സിഎക്‌സ്ഒമാര്‍, വിപിമാര്‍, സീനിയര്‍ മാനേജര്‍മാര്‍, ഡയറക്ടര്‍മാര്‍, ബോര്‍ഡ് അംഗങ്ങള്‍, മാനേജര്‍മാര്‍, തലവന്മാര്‍, ഐടി എന്‍ജിനീയര്‍മാര്‍, ഡവലപ്പര്‍മാര്‍, സംരംഭകര്‍, ബിസിനസ് പങ്കാളികള്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് പ്രഫഷനലുകള്‍, പ്രഫസര്‍മാര്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ബിസിനസ് കണ്‍സല്‍റ്റന്റുമാര്‍, എക്‌സിക്യൂട്ടീവുകള്‍ തുടങ്ങിയവര്‍ ടെക്‌സ്‌പെക്ടേഷന്‍സിന്റെ ഭാഗമാകും.
അവസരങ്ങളുടെ കൈപിടിച്ചു മുന്നേറാന്‍ സഹായിക്കുന്ന ചര്‍ച്ചകള്‍ക്കു വേദിയൊരുക്കിയാണ് മനോരമ ഓണ്‍ലൈന്‍ 'ടെക്‌സ്‌പെക്റ്റേഷന്‍സ്' ഡിജിറ്റല്‍ ഉച്ചകോടിയുടെ അഞ്ചാം പതിപ്പ് 2023ല്‍ കൊച്ചിയില്‍ കൊടിയിറങ്ങിയത്. 'മനോരമ ഓണ്‍ലൈനിന്റെ 25 വര്‍ഷങ്ങള്‍: നവ ഡിജിറ്റല്‍ ക്രമത്തിന്റെ ഉള്‍ക്കൊള്ളല്‍, പരിണാമം, കുതിപ്പ്' എന്നതായിരുന്നു വിഷയം.