ജൂനിയർ ആർടിസ്റ്റായി സിനിമയിലെത്തി തന്റേതായ ഇടം നേടിയ താരം. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷ ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ മാന്ത്രികം എന്ന ചിത്രത്തിൽ സഹനടനായി രംഗപ്രവേശം ചെയ്തു. 2016-ൽ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കരസ്ഥമാക്കി.
നൃത്തരംഗത്തായിരുന്നു ചലച്ചിത്രമേഖലയിലെ തുടക്കം. സ്വന്തമായി ഒരു നൃത്തസംഘം നടത്തിയിരുന്ന വിനായകൻ അഗ്നി നൃത്തത്തിലൂടെയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി അഭിനയിച്ച മാന്ത്രികമായിരുന്നു ആദ്യ ചിത്രം. തമ്പി കണ്ണന്താനത്തിന്റെ തന്നെ ഒന്നാമൻ എന്ന ചിത്രത്തിലും ചെറിയ വേഷം ചെയ്തു. എ.കെ. സാജൻ സംവിധാനം ചെയ്ത സ്റ്റോപ്പ് വയലൻസ് എന്ന ചിത്രത്തിലെ മൊന്ത എന്ന കഥാപാത്രമാണ് വിനായകനെ മലയാള സിനിമാ പ്രേക്ഷകർക്ക് പരിചിതനാക്കിയത്.
ടി.കെ. രാജീവ്കുമാറിന്റെ ഇവർ എന്ന ചിത്രത്തിലെ അന്ധകഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ചതിക്കാത്ത ചന്തു, വെള്ളിത്തിര, ബൈ ദ് പീപ്പിൾ, ചിന്താമണി കൊലക്കേസ്, ഗ്രീറ്റിങ്ങ്സ്, ജൂനിയർ സീനിയർ, ഛോട്ടാ മുംബൈ, ബിഗ് ബി, സാഗർ ഏലിയാസ് ജാക്കി റീലോഡഡ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. 2012-ൽ അമൽ നീരദിന്റെ ബാച്ചിലർ പാർട്ടി എന്ന ചിത്രത്തിൽ പ്രധാന വേഷങ്ങളിലൊന്നിൽ അഭിനയിച്ച് വിനായകൻ വളരെയധികം ശ്രദ്ധനേടി. തൊട്ടപ്പൻ, ഈമയൗ, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങളിലൂടെ വിനായകൻ എന്ന നടനെയും പ്രേക്ഷകർ കണ്ടു.