ADVERTISEMENT

ട്രെക്കിങ് ഇഷ്ടമല്ലാത്ത സഞ്ചാരികൾ ഉണ്ടാവില്ല. ട്രെക്കിങ് പ്രിയരെ കാത്ത് നിരവധിയിടങ്ങൾ കേരളത്തിലുണ്ട്. എങ്ങനെ പോകാം? എത്ര ചെലവു വരും? ആരെയാണു വിളിക്കേണ്ടത്? എത്ര മണിക്കൂർ ട്രെക്കിങ്ങുണ്ട്? ഒരു ദിവസം മതിയോ? ഏതു കാലാവസ്ഥയിൽ പോകണം? ഫോട്ടോയിൽ കാണുന്ന ഭംഗിയുണ്ടോ നേരിട്ടു കാണുമ്പോൾ? ഇങ്ങനെ നൂറുചോദ്യങ്ങളാണ് മിക്കവരുടെയും മനസ്സില്‍. സുന്ദരകാഴ്ചകൾ നിറഞ്ഞ, ആരെയും മോഹിപ്പിക്കുന്ന ഒരു ട്രെക്കിങ് സ്പോട്ട് പരിചയപ്പെടാം.  

trekking

ബാണാസുര മല മീൻമുട്ടി ഇക്കോ ടൂറിസം കേന്ദ്രത്തിൽ ട്രെക്കിങ് ആരംഭിച്ചു. പ്രകൃതി ഭംഗി ആസ്വദിച്ച് ത്രസിപ്പിക്കുന്ന യാത്ര ബാണാസുര മലയിലെ മീൻമുട്ടി- കാറ്റുകുന്ന്- ആനച്ചോല ഭാഗങ്ങൾ ചുറ്റിക്കറങ്ങി തിരികെ എത്തുന്ന വിധത്തിലാണു ക്രമീകരിച്ചിരിക്കുന്നത്. ബാണാസുര ഹിൽസ്, സായിപ്പ് കുന്ന്, കാറ്റുകുന്ന് എന്നിങ്ങനെ അറിയപ്പെടുന്ന, വയനാട് ജില്ലയിലെ ബാണാസുര ഡാം. അവിടെനിന്നു കുറച്ചു മാറി മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്കുള്ള എൻട്രൻസ് കൗണ്ടറിൽനിന്ന് രാവിലെ പ്രവേശന ടിക്കറ്റ് എടുക്കാം. ഗൈഡിന്റെ സഹായത്തോടെ അതിരാവിലെ ട്രെക്കിങ് ആരംഭിക്കാം. ഏറ്റവും കുറഞ്ഞത് ഗൈഡ് ഫീസ് അടക്കം 2860 രൂപ നൽകിയാൽ അവർ ഒരു ഗൈഡിനെ തരപ്പെടുത്തി തരും. ആ തുകയിൽ പരമാവധി അഞ്ചുപേർക്ക് ട്രെക്ക് ചെയ്യാം. രണ്ടുപേരാണെങ്കിലും ഈ തുക കൊടുക്കണം.

trekking2

അധികം വരുന്ന ഓരോത്തർക്കും 425 രൂപ വീതം കൂടുതൽ നൽകണം. രാവിലെ 9 മണിക്ക് മുൻപുതന്നെ എത്തണം. അതിനു ശേഷം വരുന്നവർക്ക് അന്നു ട്രെക്കിങ് സാധ്യമല്ല, രാവിലെ എട്ടുമണിക്ക് ട്രെക്കിങ് ആരംഭിച്ചാൽ കാറ്റുകുന്ന് എന്നറിയപ്പെടുന്ന കുന്നുകയറി താഴെ എത്താൻ ഏകദേശം നാലുമണിക്കൂർ എടുക്കും. കാറ്റു കുന്നിന് മറുഭാഗത്തുള്ള സായിപ്പ് കുന്നിലേക്കുള്ള നടത്തം കുറച്ചു ബുദ്ധിമുട്ടേറിയതാണ്. അതെല്ലാം കയറിയിറങ്ങി താഴെയെത്താൻ ഏകദേശം എട്ട് മണിക്കൂർ ആകും.

trekking1

ഭക്ഷണം കരുതണം. മഴക്കാലത്തു വെള്ളം ലഭിക്കും. മഴക്കാലത്തു കാട്ടിൽ ധാരാളം അട്ടയുണ്ടാവും. അതിനെ പ്രതിരോധിക്കാനുള്ള തയാറെടുപ്പും വേണം. ഇതിനായി ഉപ്പു കരുതിയാൽമതി. ആദ്യത്തെ കാട് കഴിഞ്ഞ് പുൽമേട്ടിലേക്കു കയറിയാൽ അട്ടശല്യം കുറയും. നല്ല കാറ്റും പുൽമേടിന്റെ സൗന്ദര്യവും കുന്നുകളുടെ ദൂരക്കാഴ്ചയും ബാണാസുര ഡാമിന്റെ കാഴ്ചയും അതിമനോഹരമാണ്. ഒരിക്കലെങ്കിലും പോയിരിക്കേണ്ട ഒരു സ്ഥലമാണിവിടം

ഗൈഡിന്റെ നിർദ്ദേശപ്രകാരം മാത്രം ട്രെക്ക് ചെയ്യുക. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒരിടത്തും ഉപേക്ഷിക്കരുത്. ട്രെക്കിങ് നടത്താൻ താല്പര്യമുള്ളവരെ മാത്രം കൂടെ കൂട്ടുക.

English Summary: Wayanad Meenmutty Trekking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com