ADVERTISEMENT

സഞ്ചാരികളുടെ പ്രിയപ്പെട്ട ‍‍ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് ഗവി. ഓർഡിനറി എന്ന മലയാള സിനിമയിലെ കാഴ്ചകളാണ് സഞ്ചാരികളെ ഗവിയിലേക്കൊഴുകാൻ പ്രേരിപ്പിച്ചത്. ധാരാളം സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ മൃഗങ്ങളുടെ ആവാസവ്യവസ്ഥയ്ക്കു അതു വലിയ ഭീഷണിയായി. അതോടെ സന്ദർശകരുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങി. ഇപ്പോഴിതാ കൊറോണ എന്ന മഹാമാരിയെ തുടർന്ന് മിക്കവരും യാത്രകൾ ഒഴിവാക്കിയതോടെ വിനോദസഞ്ചാരകേന്ദ്രങ്ങളിലും ആളൊഴിഞ്ഞ അവസ്ഥയായി. 

gavi-trip

ആളനക്കം നിലച്ചതോടെ ഗവിയുടെ മണ്ണിൽ വന്യമൃഗങ്ങളും പക്ഷികളും സജീവം. റോഡ് വക്കിലും നീർച്ചാലുകൾക്കു സമീപവും നിർഭയരായി ഇവർ നിറയുന്നു. മഴയ്ക്കും ശമനമായതോടെ ഗവിയുടെ സൗന്ദര്യം പതിന്മടങ്ങ് കൂടി. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സഞ്ചാരികൾക്കു പ്രവേശനം നിയന്ത്രിച്ചതോടെ കാട് നിശബ്ദമായി. ഇതോടെ വന്യമൃഗങ്ങൾ അടക്കം ഉൾവനത്തിൽ നിന്ന് റോഡ് വക്കിലേക്ക് എത്തി തുടങ്ങി. 

ഗവി പുൽമേട്ടിൽ മേഞ്ഞുനടക്കുന്ന കാട്ടുപോത്തുകൾ. 			            ചിത്രങ്ങൾ: എബി കുര്യൻ പനങ്ങാട്ട്
ഗവി പുൽമേട്ടിൽ മേഞ്ഞുനടക്കുന്ന കാട്ടുപോത്തുകൾ. ചിത്രങ്ങൾ: എബി കുര്യൻ പനങ്ങാട്ട്

കോടമഞ്ഞും നൂൽ മഴയും വഴിമാറിയതോടെ റോഡ് വ്യക്തം. ഇപ്പോൾ മൃഗങ്ങളെ ദൂരത്തു നിന്ന് കാണാം. ആളനക്കം ഇല്ലാത്ത കാടിന്റെ നിശബ്ദത വന്യമൃഗങ്ങൾ ആസ്വദിക്കുന്നു. പുൽമേടുകളിൽ മിക്കപ്പോഴും കാട്ടാന, കാട്ടുപോത്ത്, മ്ലാവ് തുടങ്ങിയവയെ കാണാമെന്ന് വനപാലകർ പറയുന്നു. മേടുകൾ എല്ലാം പച്ച പുതച്ച് കിടക്കുകയാണ്. ആങ്ങമൂഴിയിൽ നിന്ന് 2 കിലോമീറ്റർ പിന്നിട്ടാൽ ഗവിയുടെ കവാടമായ കിളിയെറിഞ്ഞാൻകല്ല് ഫോറസ്റ്റ് ചെക്ക് പോസ്റ്റ് എത്തും. ഇവിടം മുതൽ ഗവിയുടെ അതിർത്തി വരെ വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ട്.

pathanamthitta-gavi-river

ഗവിയിലെ കാഴ്ചകൾക്കുപരിയായി അവിടെത്തിച്ചേരാനുള്ള യാത്രയാണ് ആസ്വാദ്യകരം. സാഹസിക യാത്രകളോടു താൽപര്യമുള്ളവർക്കു കൊടുംകാട്ടിലൂടെയുള്ള യാത്ര ഏറെയിഷ്ടപ്പെടും. കിലോമീറ്ററുകൾ വനത്തിലൂടെയാത്ര ചെയ്യുക എന്നതു ഏറെ ഹരം പകരുന്ന കാര്യമാണ്. കൂടാതെ, ആനക്കൂട്ടങ്ങളെയും കാട്ടുപോത്തുകളെയും ആ യാത്രയിൽ കാണുവാൻ സാധിക്കുന്നതാണ്. അപൂർവയിനമായ നീലഗിരി താർ എന്ന വരയാടുകളുടെയും സിംഹവാലൻ കുരങ്ങുകളുടെയും ദർശനവും ഭാഗ്യമുണ്ടെങ്കിൽ യാത്രയിൽ ലഭിക്കും. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 3400 അടി മുകളിൽ സ്ഥിതി ചെയ്യുന്ന പ്രദേശമായതുകൊണ്ടുതന്നെ കടുത്തവേനലിൽ പോലും ഇവിടെ 10 ഡിഗ്രി ചൂടെ അനുഭവപ്പെടാറുള്ളു. സുന്ദരമായ പുൽമേടുകളും മൊട്ടക്കുന്നുകളുമാണ് ഗവിയിലെ മറ്റൊരു ആകർഷണം.

English Summary: Gavi Tourism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com