നമ്മളറിയാത്ത ഗോവ: ബീച്ചുകള്‍ മാത്രമല്ല, ഇവിടെ രഹസ്യങ്ങള്‍ ഒരുപാടുണ്ട്!

Mail This Article
ഗോവ എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ പഞ്ചാരമണല്‍ വിരിച്ച ബീച്ചുകളും നീലക്കടലും ഫുള്‍ മൂണ്‍ പാര്‍ട്ടികളും പള്ളികളും ജലവിനോദങ്ങളുമൊക്കെയാണ് നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുക. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമായിട്ടു പോലും 'സഞ്ചാരികളുടെ പറുദീസ'യായി ഗോവയെ മാറ്റുന്നത് ഇവ മാത്രമല്ല. വൈവിദ്ധ്യങ്ങളുടെ സമ്മേളനമാണ് ഗോവയുടെ മന്ത്രികതയുടെ രഹസ്യം. അധികമാര്‍ക്കും അറിയാത്ത ഒട്ടേറെ അനുഭവങ്ങളും സ്ഥലങ്ങളും നിഗൂഢതകളുമെല്ലാം ഗോവയിലുണ്ട്. അങ്ങനെയുള്ള ചില കാര്യങ്ങള്‍ ഇതാ അറിഞ്ഞോളൂ.

കക്കോലം ബീച്ച്
തെക്കന്‍ ഗോവയിലെ അതിമനോഹരമായ ബീച്ചാണ് 'ടൈഗര്‍ ബീച്ച്' എന്നും പേരുള്ള കക്കോലം. മറ്റു ടൂറിസ്റ്റ് സ്പോട്ടുകളെ അപേക്ഷിച്ച് ഇവിടെ തിരക്ക് കുറവാണ്, അധികമാര്‍ക്കും ഈ സ്ഥലം അറിയില്ല എന്നതാണ് കാര്യം.

നല്ല വൃത്തിയുള്ള പരിസരവും ശാന്തതയും ഈ പ്രദേശത്തെ ഹണിമൂണ്‍ ആഘോഷിക്കുന്ന നവദമ്പതികള്‍ക്ക് ഏറ്റവും അനുയോജ്യമായ ഇടമാക്കി മാറ്റുന്നു.
തെരെഖോല്‍ കോട്ട
പതിനേഴാം നൂറ്റാണ്ടില്‍ സാവന്ത് വാടിയിലെ രാജാവായിരുന്ന മഹാരാജ ഖേം സാവന്ത് ഭോന്‍സ്ലെ നിര്‍മ്മിച്ച ഈ കോട്ട ഗോവയുടെ വടക്കു വശത്ത് തെരെഖോല്‍ നദിയുടെ കരയിലായാണ് സ്ഥിതിചെയ്യുന്നത്. കെറി ബീച്ചിൽ നിന്ന് ഫെറി സവാരി വഴിയാണ് കോട്ടയിലെത്തുന്നത്.

കാലച്ച, ക്യൂറെം ബീച്ചുകളുടെ മനോഹരമായ കാഴ്ച ഇവിടെ നിന്ന് നോക്കിയാല്‍ കാണാം. സമീപത്തുള്ള പുരാതന പള്ളികളും സന്ദർശിക്കാം.
കുംബര്‍ജുവ കനാല്‍
സാഹസികവിനോദങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും പ്രകൃതിസ്നേഹികള്‍ക്കും ഏറെ പ്രിയമുള്ള സ്ഥലമാണ് മണ്ടോവി നദിക്കരയില്‍ സ്ഥിതിചെയ്യുന്ന കുംബര്‍ജുവ കനാല്‍. കണ്ടല്‍ക്കാടുകള്‍ക്കിടയിലൂടെയുള്ള ബോട്ട് യാത്രയും വെയില്‍ കായുന്നതിനായി വെള്ളത്തില്‍ അങ്ങിങ്ങായി പൊങ്ങിക്കിടക്കുന്ന മടിയന്‍ മുതലകളുടെ കാഴ്ചയുമെല്ലാം മറക്കാന്‍ പറ്റാത്ത അനുഭവമായിരിക്കും.
ചോര്‍ല ഘട്ട്
ഗോവ, കര്‍ണ്ണാടക, മഹാരാഷ്ട്ര അതിര്‍ത്തിയിലാണ് പ്രകൃതിസുന്ദരമായ ചോര്‍ല ഘട്ട്. സമുദ്രനിരപ്പില്‍ നിന്നും 800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശം മണ്‍സൂണ്‍ കാല യാത്രക്ക് ഏറെ അനുയോജ്യമാണ്.

നീര്‍ച്ചോലകളും കടുംപച്ചയില്‍ പരന്നുകിടക്കുന്ന മലകളുമെല്ലാം ചേര്‍ന്ന് മായികമായ അനുഭൂതിയാണ് ഇവിടം സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കുന്നത്. സഹ്യാദ്രിയുടെ ഭാഗമായ ഇവിടം നിരവധി അപൂര്‍വ്വ സസ്യജാലങ്ങളുടെയും ആവാസകേന്ദ്രമാണ്. പക്ഷിനിരീക്ഷണത്തിനും മികച്ച സ്ഥലമാണ് ചോര്‍ല.
പെക്വെനോ ദ്വീപ്
സ്നോർക്കെലിംഗിന് പേരുകേട്ടതാണ് പെക്വെനോ ദ്വീപ്. സ്‌നോർക്കെലിംഗിനായി, പരിശീലനവും ഉപകരണങ്ങളും നല്‍കാന്‍ ടൂർ സംഘാടകരും ഓപ്പറേറ്റർമാരും ഉണ്ടെങ്കിലും ഗോവയിലെ മറ്റു സ്ഥലങ്ങളെപ്പോലെ പോപ്പുലര്‍ അല്ല ഇവിടം. വാസ്കോഡഗാമ വന്നിറങ്ങിയ ബൈന ബീച്ചിന് ഒരു കിലോമീറ്റര്‍ അകലത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സ്വകാര്യത ഇഷ്ടപ്പെടുന്നവര്‍ക്ക് ജലവിനോദങ്ങള്‍ ആസ്വദിക്കാന്‍ ഏറ്റവും പറ്റിയ ഇടങ്ങളില്‍ ഒന്നാണിത്.

നേത്രാവലി തടാകം
തെക്കന്‍ ഗോവയിലെ സാന്‍ഗ്വെം താലൂക്കിലാണ് നേത്രാവലി തടാകം. തടാകം എന്നാണ് വിളിക്കുന്നതെങ്കിലും ഇത് യഥാര്‍ത്ഥത്തില്‍ ഒരു കുളമാണ്. ബഡ്ബഡ്, ബഡ്ബുദ്യാച്ചി താലി, ബബിൾ തടാകം എന്നിങ്ങനെ പല പേരുകളുണ്ട് നേത്രാവലി തടാകത്തിന്.
വെള്ളത്തില്‍ നിന്നുയരുന്ന കുമിളകൾക്ക് പേരുകേട്ടതാണ് ഈ തടാകം. തടാകത്തിനുള്ളില്‍നിന്ന് കുമിളകൾ ഉപരിതലത്തിലേക്ക് തുടർച്ചയായി ഉയരുന്നത് കാണാം. തടാകത്തിലേക്ക് ഇറങ്ങാന്‍ ഗ്രാനൈറ്റ് പടികള്‍ ഉണ്ട്. അടുത്തായി ഗോപിനാഥ ക്ഷേത്രവും സ്ഥിതിചെയ്യുന്നു.
ആര്‍വലെം ഗുഹകള്‍
വനവാസക്കാലത്ത് പാണ്ഡവര്‍ താമസിച്ചിരുന്നത് ഇവിടെയാണ് എന്നാണു വിശ്വാസം. ആറാം നൂറ്റാണ്ടിലെ ഈ ഗുഹ വടക്കന്‍ ഗോവയിലെ സാന്‍ക്വെലിം ഗ്രാമത്തിലാണ് സ്ഥിതിചെയ്യുന്നത്.
ഗുഹകളെ അഞ്ച് വ്യത്യസ്ത കമ്പാർട്ടുമെന്റുകളായി തിരിച്ചിരിക്കുന്നു. ഗ്രാനൈറ്റില്‍ തീര്‍ത്ത അതിശയകരമായ വാസ്തുവിദ്യയും ശിവലിംഗങ്ങളും ഇവയ്ക്കുള്ളില്‍ കാണാം.
English Summary: Best Kept Secrets of Goa