ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

സ്ത്രീകള്‍ക്ക് പ്രവേശനമില്ലാതിരുന്ന കേരളത്തിലെ പ്രസിദ്ധമായ കൊട്ടാരത്തെക്കുറിച്ചു കേട്ടിട്ടുണ്ടോ; കായംകുളത്തെ കൃഷ്ണപുരം കൊട്ടാരം? കായംകുളം രാജാവായിരുന്ന വീരരവിവര്‍മന്‍ നിര്‍മിച്ച് മാര്‍ത്താണ്ഡവര്‍മ ഇന്നുകാണുന്ന രീതിയില്‍ പുതുക്കിപ്പണിത കൃഷ്ണപുരം കൊട്ടാരത്തെപ്പറ്റി കൂടുതലറിയാം.

കായംകുളത്തിനടുത്ത് സ്ഥിതി ചെയ്യുന്ന കൃഷ്ണപുരം കൊട്ടാരം കേരള പുരാവസ്തു വകുപ്പിന്റെ കീഴില്‍ സംരക്ഷിക്കപ്പെടുന്ന ഒരു ചരിത്ര സ്മാരകമാണ്. ഒരുകാലത്ത് കായംകുളം രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു ഇവിടം. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കായംകുളം പിടിച്ചെടുത്ത മാര്‍ത്താണ്ഡവര്‍മയാണ് കൊട്ടാരം ഇന്നു കാണുന്ന രീതിയില്‍ പുതുക്കി പണിതത്. പിന്നീട് കുറേ കാലം തിരുവിതാംകൂര്‍ രാജാക്കന്‍മാരുടെ ഒരിടത്താവളമായിരുന്നു ഈ കൊട്ടാരം. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള പത്മനാഭപുരം കൊട്ടാരത്തിന്റെ അതേ മാതൃകയിലാണത്രേ കൃഷ്ണപുരം കൊട്ടാരവും നിര്‍മിച്ചിരിക്കുന്നത്.

സ്ത്രീ പ്രവേശന വിലക്കിനു പിന്നിൽ

രാജ്യരഹസ്യങ്ങൾ ചോരാതിരിക്കാൻ അന്തർജനങ്ങളെ പടിക്കു പുറത്താക്കി രാജ്യം ഭരിച്ച മറ്റൊരു രാജവംശം കേരളത്തിലുണ്ടാവില്ല. രാജഭരണം നൂറ്റാണ്ടുകൾ നിലനിർത്തിക്കൊണ്ടു പോകാൻ കായംകുളം രാജവംശത്തിന് കഴിഞ്ഞത് ഒരുപക്ഷേ അരമന രഹസ്യങ്ങൾ അങ്ങാടിപ്പാട്ടാകാൻ അനുവദിക്കാത്തതുകൊണ്ടാകാം. പഴുതില്ലാത്ത യുദ്ധതന്ത്രവും ഇരുതല മൂർച്ചയുള്ള കായംകുളം വാളും കൈമുതലായുള്ള കായംകുളം തമ്പുരാക്കൻമാർ കൊട്ടാര രഹസ്യങ്ങൾ പുറത്തറിയരുതെന്ന് ശഠിച്ചു. അതിനായി  കൊട്ടാരത്തിലെ സ്ത്രീകൾക്കായി കുറച്ചകലെ എരുവയിൽ മറ്റൊരു രാജഭവനം പണിതു. റാണിക്കു മുഖം കാണിക്കണമെന്ന് അറിയിക്കുമ്പോൾ രാജാവ് എരുവയിലേക്ക് എഴുന്നള്ളും.

krishnapuram-palace--kayamkulam
Manu M Nair/shutterstock

വാസ്തുവിദ്യയുടെ നേർസാക്ഷ്യം

കേരളീയ വാസ്തുവിദ്യയുടെ തനിശൈലിയിലാണ് ഈ പതിനാറുകെട്ട്. കാലപ്പഴക്കത്താല്‍ ഇപ്പോള്‍ പന്ത്രണ്ട് കെട്ടുകള്‍ മാത്രമേ കാണാനുള്ളു. കൊട്ടാരത്തിന്റെ ചുറ്റുമതില്‍ കടന്നാല്‍ മനോഹരമായ ഒരു ഉദ്യാനത്തിലേക്കാണ് എത്തിച്ചേരുന്നത്. അകത്തെ ചുറ്റുമതിലും പടിപ്പുരയും മുറ്റവും കടന്നാല്‍ കൊട്ടാരത്തിന്റെ പ്രധാന വാതില്‍ വഴി ഉള്ളിലെത്താം.

രാജാവ് കുളത്തിൽനിന്നു കുളി കഴിഞ്ഞ് കയറിവരുമ്പോൾ തൊഴാനായി ചുമരിൽ വരച്ചിട്ടുള്ള ഗജേന്ദ്രമോക്ഷം ചുവർചിത്രം ലോക പ്രസിദ്ധമാണ്. കേരളത്തിൽ കണ്ടെത്തിയ ഏറ്റവും വലിയ ഒറ്റച്ചുമർചിത്രമാണിത്. മഹാഭാരതത്തിലെ അഷ്ടമസ്കന്ധം കഥയാണ് ഇതിവൃത്തം. 154 ചതുരശ്ര അടി വിസ്തീർണമുണ്ടിതിന്. പച്ചിലച്ചാറ്, പഴച്ചാറ്, മഞ്ഞൾപ്പൊടി, ചുണ്ണാമ്പ്, ഇഷ്ടികപ്പൊടി, പനച്ചക്കയുടെ പശ, കള്ളിമുള്ളിന്റെ നീര് എന്നിവയാണ് വരയ്‌ക്കാൻ ഉപയോഗിച്ചത്. 1750 നും 1753 നും ഇടയിൽ വരച്ചതാണെന്നു കരുതുന്നു.     

തേക്കിലും ആഞ്ഞിലിയിലും കടഞ്ഞെടുത്ത കൊത്തുപണികളാൽ സമ്പന്നമാണ്  കൊട്ടാരത്തിന്റെ 22 മുറികളും. ഇടുങ്ങിയ ഇടനാഴികളും കുത്തനെയുള്ള ഗോവണികളും കൊട്ടാരത്തിലെ പുറംകാഴ്ചകൾ കാണാനായി നിർമിച്ച കിളിവാതിലുകളും ഇവിടത്തെ ആകർഷണങ്ങളാണ്. പുറത്തുനിൽക്കുന്ന ഒരാൾക്ക് അകത്തുള്ളവരെ കാണാനാകില്ല എന്നതാണ്  കിളിവാതിലുകളുടെ സവിശേഷത. ദർബാർ ഹാളും കഥകളിയും മറ്റും അരങ്ങേറിയിരുന്ന നൃത്തമണ്ഡപവും ഇവിടെയുണ്ട്. 

ആലപ്പുഴ ജില്ലയിലെ കായംകുളത്തുനിന്ന‌് രണ്ടു കിലോമീറ്റർ അകലെയാണ് കൃഷ്ണപുരം കൊട്ടാരം. ദേശീയപാതയിൽ കൃഷ്ണപുരം മുക്കട ജംക്‌ഷനിൽനിന്ന് 500 മീറ്റർ  സഞ്ചരിച്ചാൽ കൊട്ടാരത്തിലെത്താം.

English Summary: Travel to Krishnapuram Palace, Kayamkulam

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com