രാമകല്മേടിനടുത്തുള്ള 'പുഷ്പകണ്ടം'; ഇവിടുത്തെ താമസം സ്വർഗതുല്യം!
Mail This Article
കുന്നിൻമുകളിൽ മഞ്ഞേറ്റ് ഒരു മൈതാനത്തു തമ്പടിച്ചാലോ? ഇടുക്കിയിലെ അധികമാരും അറിയാത്തൊരു കുന്നിൻമുകളിലേക്കു നമുക്കു ചെല്ലാം. അതാണു പുഷ്പകണ്ടം. കാറ്റിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന രാമക്കൽമേട്ടിനോടു ചേർന്നാണ് പുഷ്പകണ്ടം.
ഇടുക്കിയിലെ ഉയർന്ന പ്രദേശങ്ങൾ അറിയപ്പെടുന്നത് അയൽസംസ്ഥാനമായ തമിഴ്നാടിന്റെ പേരു ചേർത്താണ്. മുകളിൽനിന്നു കാണുന്ന ഗ്രാമത്തിന്റെയോ പട്ടണത്തിന്റെയോ പേരാണ് നമ്മുടെ കുന്നുകൾക്ക്. കമ്പം മെട്ട്, തേവാരം മെട്ട് എന്നിവ ഉദാഹരണങ്ങൾ.
രാമക്കൽമേടും അടുത്തുള്ള കുന്നുകളും കാറ്റാടികളുടെ വിളനിലമാണ്. കാറ്റിന്റെ കളിത്തൊട്ടിൽ എന്നാരോ പണ്ട് രാമക്കൽമേടിനെ വിശേഷിപ്പിച്ചതു വെറുതെയല്ല. നമ്മളെ പൊക്കിയെടുത്തുപോകും കാറ്റ് എന്നു തോന്നും രാമക്കൽമേടിന്റെ കുന്നിലേക്കു നടന്നു കയറുമ്പോൾ.
ടിക്കറ്റെടുത്തു മുകളിലേക്കു നടക്കണം. പിന്നെ കെട്ടുപൊട്ടിയ പട്ടം പോലെയാകും നിങ്ങളുടെ മനസ്സും ശരീരവും. പുൽമേടുകൾക്കു മുകളിലൂടെ എവിടെ വേണമെങ്കിലും നടക്കാം. രാമക്കൽമേടിലെ കുറവൻ-കുറത്തി പ്രതിമ കാലങ്ങളായി കാറ്റിനെ വെല്ലുവിളിച്ചുനിൽക്കുന്നുണ്ട്. പത്തുവർഷം മുൻപത്തെ രാമക്കൽമേടിലെത്തുമ്പോഴും അവർക്കു യൗവനമായിരുന്നു. ഇന്നിപ്പോൾ കുന്നിലേക്കു നടപ്പാതയൊക്കെ പണിതു. കൂടാതെ മലമുഴക്കി എന്നൊരു ശിൽപ-കാഴ്ചഗോപുരം അവിടെയുണ്ട്.
ഡാകിനി-കുട്ടൂസൻമാരുടെ വീടുപോലെയാണ് ഈ വാച്ച്ടവർ ഒരുക്കിയിട്ടുള്ളത്. ഉള്ളിലൂടെ പടവുകൾ. കിളിവാതിലിലൂടെ രാമക്കൽമേടിന്റെ കാഴ്ചകൾ കാണാം. മലമുഴക്കിയുടെ ശിൽപത്തിനടിയിൽ നിന്നാൽ കൂടുതൽ വിശാലതയോടെ രാമക്കൽമേടിന്റെ കുന്നുകളെയും അകലെയുള്ള തമിഴ്നാടിന്റെ ഗ്രാമാന്തരങ്ങളെയും കാണാം. ശിൽപ സമുച്ചയമാണ് രാമക്കൽമേടിലെ മലമുഴക്കി.
വ്യൂപോയിന്റുകളിൽനിന്നാൽ ഒരു പക്ഷിക്കണ്ണിൽ എന്നവണ്ണം ഈ ചതുരക്കളങ്ങളെ നമുക്കു കാണാം. കാറ്റാസ്വദിച്ചു നല്ലൊരു നടത്തം പാസ്സാക്കി രാമക്കൽമേടിൽനിന്ന് ഇറങ്ങാം.
തിരിച്ചിറങ്ങുമ്പോൾ അങ്ങനെയൊരു കുന്നിന്റെ മുകളിൽ താമസിച്ചാലോ എന്നൊരു തോന്നൽ വന്നേക്കാം. രാമക്കൽമേടിന്റെ കുന്നിൻ മുകളിലെ രാത്രി ഒരു നഷ്ടബോധം പോലെ ഉള്ളിൽ കിടന്നേക്കാം. പശ്ചിമഘട്ടത്തിന്റെ ഉയർന്ന ഭാഗത്തുനിന്നു കുറച്ചു താഴോട്ടിറങ്ങിയാൽ അതേ കാലാവസ്ഥയിൽ താമസിക്കാൻ പുഷ്പകണ്ടത്തെ പീക്കാവിലെത്താം. പീക്കാവ് കോട്ടേജിന്റെ പുൽമൈതാനത്ത് സുഹൃത്തുക്കളുമായി ചേർന്ന് അവിടെ ബാർബിക്യു തയാറാക്കി, മഞ്ഞുകൊണ്ടിരിക്കുന്നത് സങ്കൽപ്പിച്ചാൽ മാത്രം മതി പുഷ്പകണ്ടത്തേക്കു വണ്ടിയോടിക്കാനുള്ള ഊർജമായി. രാമക്കൽമേടിലേതു പോലെ കാറ്റും മഞ്ഞും കാറ്റാടിയും പുൽമേടും എല്ലാം ആസ്വദിക്കാം. അതും സുരക്ഷിതമായി.
കോട്ടേജിനു പിന്നിലായി കാറ്റാടികളുണ്ട്. ഈ കാറ്റാടികളെ, ആ പുൽമൈതാനത്തുനിന്നു നിരീക്ഷിച്ചാൽ കാറ്റും അതിനെ മറയ്ക്കുന്ന മഞ്ഞും നമുക്കു കാണാം. പുഷ്പകണ്ടത്തെ കാലാവസ്ഥ ഇങ്ങനെയാണ്. കോട്ടേജിന്റെ വശങ്ങളിലേക്ക് ഇറങ്ങിയാൽ കാറ്റ് നമ്മളെ എടുത്തോണ്ടു പോകും. ഒരു കുന്നിന്റെ മുകളിലാണ് കോട്ടേജ്. ചെറുപുൽച്ചെടികളെപ്പോലും വെറുതെ വിടാതെ കുസൃതി കാണിക്കുന്നുണ്ട് കാറ്റ്. ഇവിടത്തെ കാറ്റാണ് കാറ്റെന്നു പാട്ടിൽ കേട്ടതു വെറുതേയല്ല.
തണുപ്പേറ്റു മടുത്തെങ്കിൽ റൂമിലേക്കു ചെല്ലാം. കുന്നിൻമുകളിലെ കാഴ്ചയെ അപ്പാടെ മുറിയിലേക്കു നൽകുന്ന മട്ടിലാണ് ഗ്ലാസ് വിൻഡോ. ഉത്തരത്തിലുള്ളത് എടുക്കുകയും ചെയ്യാം, കക്ഷത്തിലുള്ളതു പോകുകയുമില്ല. കൂടുതൽ തണുപ്പടിക്കാതെ തണുപ്പും കാറ്റും മഴയും ആസ്വദിക്കാമെന്നർഥം. എന്നാലും ഇടയ്ക്കിടെ ആ ചെറുമൈതാനത്തേക്കിറങ്ങി മഞ്ഞുകൊള്ളാൻ തോന്നും.
രണ്ടു മുറികളും ഒരു ഹാളും ചേർന്നതാണ് കോട്ടേജ്. ഇങ്ങനെയുള്ള നാലു കോട്ടേജുകൾ പീക്കാവിലുണ്ട്. വലിയൊരു സംഘത്തിന് യോജിക്കും എന്നർഥം.
മഴ പെയ്താലും മഞ്ഞുപെയ്താലും ഈ മുറികൾ ആസ്വാദ്യകരമാണ്. മൈതാനത്തേക്കിറങ്ങിയാലോ… ചുറ്റുമുള്ള മലകളിൽനിന്ന് കഥകളിലെ ആത്മാക്കളെപ്പോൽ ചെറുമേഘശകലങ്ങൾ പൊങ്ങിവരുന്നതു കാണാം. കാറ്റാടികളുടെ ബാക്ക്ഗ്രൗണ്ടിൽ കാറ്റിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആസ്വദിച്ച് മലകളും സൂര്യനും നൽകുന്ന സായന്തനക്കാഴ്ച കണ്ട് അമ്പരന്ന് പുഷ്പകണ്ടത്ത് രാവുറങ്ങാം.
ഭക്ഷണം മുൻകൂട്ടി പറഞ്ഞാൽ തയാറാക്കിത്തരും. അപ്പോൾ, രാമക്കൽമേടും തേവാരംമെട്ടും ചതുരംഗപ്പാറമെട്ടുമെല്ലാം കണ്ട് അതുപോലെ കാറ്റുകൊണ്ടു സൊറ പറഞ്ഞിരിക്കാൻ പുഷ്പകണ്ടത്തേക്കു വരാം.
റൂട്ട്
എറണാകുളം- കോതമംഗലം-നേര്യമംഗലം-അടിമാലി-നെടുങ്കണ്ടം-രാമക്കൽമേട് 153 km (കുറച്ചുദൂരം കൂടുതലാണെങ്കിലും വഴി നല്ലതാണ്)
ശ്രദ്ധിക്കേണ്ടത്
രാമക്കൽമേട്ടിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കോ വിനോദസഞ്ചാരവകുപ്പിന്റെ ഉദ്യോഗസ്ഥർക്കോ എല്ലായിടത്തും നോട്ടമെത്താറില്ല. അതുകൊണ്ട് സഞ്ചാരികൾ തന്നെ സ്വയം സുരക്ഷ ഏറ്റെടുക്കുക. നാട്ടുകാർ സംഘടിച്ച് വിനോദസഞ്ചാരികളെ കയ്യേറ്റം ചെയ്ത വാർത്തയൊക്കെ നമ്മൾ കേട്ടിട്ടുണ്ടല്ലോ.
കുന്നിൻമുകളിലൂടെ നടക്കാമെങ്കിലും അറ്റങ്ങളിലേക്കോ പാറമുകളിലേക്കോ കയറരുത്.
പീക്കാവ് കോട്ടേജിലേക്ക് കുത്തനെ കയറ്റമുണ്ട്. ശ്രദ്ധിച്ചു വണ്ടിയോടിക്കുക. ഇല്ലെങ്കിൽ കോട്ടേജിലെ ജീവനക്കാരുടെ സഹായം തേടുക.
അടുത്തുള്ള പൊലീസ് സ്റ്റേഷൻ- നെടുങ്കണ്ടം.
എടിഎം, ഹോസ്പിറ്റൽ- തൂക്കുപാലം (5 km)
കൂടുതൽ വിവരങ്ങൾക്ക്: 9048 232120
English Summary: Pushpakandam Tourist Destination in Idukki