നെയ്യാറില്‍നിന്ന് കിട്ടിയ കൃഷ്ണശിലയും ക്ഷേത്രവും
Mail This Article
നെയ്യാറ്റിൻകര വാഴും കണ്ണാ നിൻ മുന്നിലൊരു നെയ് വിളക്കാവട്ടെ എന്റെ ജന്മം.....
പ്രശസ്തമായ ഒരു ഭക്തിഗാനത്തിന്റെ ഈരടികൾ ആണ് ഇത്....
കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തിന്റെ തെക്കേയറ്റത്ത് നെയ്യാർ നദിക്കരയിലുള്ള പട്ടണമാണ് നെയ്യാറ്റിൻകര. ആ പേരിന്റെ ഉത്ഭവത്തെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ല, നെയ്യാർ നദിയുടെ തീരം– അതാണ് നെയ്യാറ്റിൻകര. ഈ കരയുടെ മുഖ്യ സവിശേഷതയായ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തെ കുറിച്ചാണ് മുകളിൽ പരാമർശിച്ച ഈരടികൾ....
നെയ്യൊഴുകുന്ന ആറാണ് നെയ്യാറായി മാറിയത് എന്നാണു വിശ്വാസം. ഒരിക്കല്‍ അഗസ്ത്യമുനി സഹ്യപര്‍വതത്തിലെ തന്റെ ആശ്രമത്തില്‍ യാഗം നടത്തുമ്പോള്‍ വില്വമംഗലം സ്വാമിയാര്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുവാനെത്തി. അവിടം കണ്ടു നടക്കുന്നതിനിടയില്‍ അഗസ്ത്യാശ്രമത്തില്‍ നറുനെയ്യ് നിറച്ച ധാരാളം കുടങ്ങള്‍ കിടക്കുന്നതു കണ്ടു. അതില്‍നിന്ന് ഒഴുകുന്ന നെയ്യ് കൂടിച്ചേർന്നാണ് നെയ്യാറായി മാറിയത് എന്നാണ് വിശ്വാസം, യാഗത്തിനിടെ അഗസ്ത്യമുനി വെണ്ണ ചെറു ഉരുളകളാക്കി ഹോമകുണ്ഡത്തിലേക്ക് ഇടുമ്പോള്‍ യാഗാഗ്നിയില്‍നിന്നു ശ്രീ കൃഷ്ണന്‍ ഓരോ ഉരുളയും രണ്ടു കയ്യിലുമായി മാറി സ്വീകരിക്കുന്ന കാഴ്ചയും അദ്ദേഹത്തിനു കാണുവാന്‍ സാധിച്ചു. നെയ്യാറില്‍നിന്നു കിട്ടിയ കൃഷ്ണശിലയിലാണ് ഇവിടുത്തെ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയിരിക്കുന്നത് എന്നതാണ് ഐതിഹ്യം.
ചരിത്രപ്രധാനമായ പട്ടണമാണ് നെയ്യാറ്റിൻകര. തിരുവിതാംകൂർ മഹാരാജാവായ മാർത്താണ്ഡവർമ, അധികാരമേൽക്കുന്നതിനു മുൻപ് എട്ടുവീട്ടിൽ പിള്ളമാരുമായുള്ള ശത്രുതക്കാലത്ത് നെയ്യാറ്റിൻകരയിൽ ഒളിച്ചു താമസിച്ചിട്ടുണ്ട്. ഒരിക്കൽ അദ്ദേഹം ശത്രുക്കളിൽനിന്നു രക്ഷപ്പെടാൻ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പരിസരത്തുള്ള ഒരു പ്ലാവിന്റെ പൊത്തിൽ ഒളിച്ചിരുന്നു. അമ്മച്ചിപ്ലാവ് എന്ന പേരിൽ ഈ സ്ഥലം ഇപ്പോഴും സംരക്ഷിച്ചുവരുന്നു.
ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടിയും തിരുവിതാംകൂർ ദിവാന്റെ ഏകാധിപത്യ ഭരണത്തിനെതിരെയും പോരാടിയ സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള, വീര രാഘവൻ തുടങ്ങിയ വിഖ്യാത വിപ്ലവകാരികളുടെ ജന്മസ്ഥലമാണ് നെയ്യാറ്റിൻകര. ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണത്തിനെതിരെ പോരാടിയ പ്രശസ്ത രക്തസാക്ഷി വീര വേലുത്തമ്പി ദളവ ജനിച്ചതും വളർന്നതും നെയ്യാറ്റിൻകരയ്ക്കടുത്തുള്ള തലക്കുളത്താണ്. ബ്രിട്ടിഷ് ഭരണത്തിനെതിരെ നിരവധി പ്രക്ഷോഭങ്ങൾ നടന്ന നാടാണ് നെയ്യാറ്റിൻകര.
തിരുവനന്തപുരം ജില്ലയിൽ വർക്കല കഴിഞ്ഞാൽ ഏറ്റവും ജനസാന്ദ്രതയുള്ള നഗരസഭയാണ് നെയ്യാറ്റിൻകര. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് നെയ്യാറ്റിൻകരയിലെ ആറാലുംമൂട്ടിലാണ്. ഇവിടെയാണ് ഇലക്ട്രിക് ഓട്ടോറിക്ഷകൾ നിർമിക്കുന്നത് തിരുവനന്തപുരം നഗരമധ്യത്തിൽനിന്ന് ഏകദേശം 18 കിലോമീറ്റർ തെക്ക്, ദേശീയ പാത 66 കടന്നുപോകുന്ന ഈ പട്ടണം നെയ്യാർ നദിയുടെ തീരത്ത് 29.5 കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു കൈത്തറി വ്യവസായം സജീവമാണ് നെയ്യാറ്റിൻകരയിലും സമീപപ്രദേശങ്ങളിലും. ഇന്ന് തിരുവനന്തപുരം നഗരാതിർത്തി വരെ നെയ്യാറ്റിൻകര വളർന്ന് എത്തിയിരിക്കുന്നു.
ഇവിടുത്തെ ശ്രീകൃഷ്ണസ്വാമിക്ഷേത്രം പോലെ കമുകിൻകോട് സെന്റ് ആന്റണി ദേവാലയവും നെയ്യാറ്റിൻകരയ്ക്ക് അടുത്തുള്ള അരുവിപ്പുറവും പ്രശസ്തമായ തീർഥാടന കേന്ദ്രങ്ങളാണ്. കർണാടക സംഗീതജ്ഞനായ നെയ്യാറ്റിൻകര വാസുദേവൻ, പ്രശസ്ത കവി മധുസൂദനൻ നായർ, പ്രശസ്ത ചലച്ചിത്ര നടൻ ജഗദീഷ് ഇവരെല്ലാം നെയ്യാറ്റിൻകരക്കാരാണ്.
English Summary: Neyyattinkara in Thiruvananthapuram