എറണാകുളത്തുണ്ട് ഒരു ഗുഹ; കുമാരി സിനിമയുടെ ലൊക്കേഷൻ: വിഡിയോ

Mail This Article
മായികദൃശ്യങ്ങളാൽ ശ്രദ്ധേയമായ കുമാരി സിനിമയിലെ ലൊക്കേഷനുകളിലേക്ക് നിങ്ങൾക്കും പോകാം. ഇല്ലിമലച്ചാത്തനെ കാണാനാണ് ചൊക്കൻ എന്ന പയ്യൻ കാടും മേടും വെള്ളച്ചാട്ടവും കടന്നു ചെല്ലുന്നത്. ഒടുവിൽ മൺമതിലുകളിൽ പച്ചപ്പായൽപുതച്ച്, വൻമരങ്ങളുടെ വേരുകളാൽ ആലിംഗനം ചെയ്യപ്പെട്ട് ഒരു ഗുഹയിലേക്കാണു ചൊക്കൻ എത്തുക. തീപ്പന്തത്തിന്റെ വെളിച്ചത്തിൽ ചൊക്കൻ ഇല്ലിമലചാത്തന്റെ ഗുഹയിലേക്കു കയറിപ്പോകുമ്പോൾ അതൊരു സെറ്റാണെന്നു തോന്നിപ്പിക്കുന്നത്ര പൂർണതയുണ്ട് ദൃശ്യങ്ങൾക്ക്. എന്നാൽ ചൊക്കനെപ്പോലെ നിങ്ങൾക്കും ഇല്ലിമലച്ചാത്തന്റെ ഗുഹയിലേക്കു ചെല്ലാം. അതേ പച്ചപ്പും തണുപ്പും ആസ്വദിക്കാം. എറണാകുളത്തുനിന്ന് ഒരു മണിക്കൂർ യാത്ര ചെയ്താലെത്തുന്ന കൊച്ചരീക്കൽ ഗുഹയാണത്.

വൻമരങ്ങൾക്കു താഴെയൊരു ചെറിയ ഗുഹ. അതിലേക്കു മരവേരുകളിൽ പിടിച്ചു കയറാം. ആ ഗുഹയുടെ ഉള്ളിൽനിന്നുറവയെടുക്കുന്ന കുളിരരുവിയിൽ കുട്ടികളുമായി കളിക്കാം. വൻമരങ്ങളുടെ തണലിൽ സൊറ പറഞ്ഞിരിക്കാം. നീന്തൽപ്രിയരാണെങ്കിൽ താഴെയുള്ള കുളത്തിൽ ഒന്നുനീന്താം.എറണാകുളത്തുനിന്നു പോയിവരാവുന്ന നല്ലൊരു ഫാമിലി ലൊക്കേഷൻ ആണ് കൊച്ചരീക്കൽ. ഗുഹയ്ക്കൊരു ഹൊറർ ഫീൽ ആണെങ്കിലും സകുടുംബം മുകളിലേക്കു കയറിപ്പോകാം.
റൂട്ട്- എറണാകുളം-തൃപ്പൂണിത്തുറ-തിരുവാങ്കുളം-രാമമംഗലം- പാമ്പാക്കുട-(പിറമാടം)- കൊച്ചരീക്കൽ ഗുഹ

ദൂരം- 37 കിലോമീറ്റർ.
ശ്രദ്ധിക്കേണ്ട കാര്യം- നീന്തൽ അറിയുന്നവർ മാത്രം കുളത്തിലിറങ്ങുക. വഴുക്കലുള്ള പാറക്കെട്ടുകളിൽ സൂക്ഷിച്ചു നടക്കുക. പ്രദേശവാസികളുടെ കുടിവെള്ളമാണ് അരുവിയിൽ. അതു മലിനപ്പെടുത്തരുത്. കുട്ടികൾക്കുള്ള ലഘു ആഹാരവും പാനീയങ്ങളും വാങ്ങിക്കൊണ്ടു പോകാം(വേസ്റ്റ് അവിടെയിട്ടു പോരാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ).
കുമാരിയിലെ മറ്റു ഗ്രാമക്കാഴ്ചകൾ

കുമാരിയിലെ മറ്റു ഗ്രാമക്കാഴ്ചകൾ പാലക്കാടിന്റേതാണ്. കാച്ചാംകുറുശ്ശിയെന്ന അതിസുന്ദരമായ കാർഷികഗ്രാമത്തിന്റെ ഉള്ളിലൂടെയാണ് പിന്നീടു ക്യാമറ നീങ്ങുന്നത്. പഴയൊരു കേരളത്തിലേക്കു നടക്കാൻ കാച്ചാംകുറുശ്ശിയിലെത്തിയാൽ മതി. പരന്നുകിടക്കുന്ന വയലേലകൾ. കുഞ്ഞരുവികൾ. അരിപ്രാവുകളുടെ കുറുകലിന്റെ പശ്ചാത്തല സംഗീതമാസ്വദിച്ചു നടക്കാം കാച്ചാംകുറുശ്ശിയിലൂടെ. താറാപ്പറ്റങ്ങളുടെ ഇരതേടൽ കണ്ട് കുളങ്ങളുടെ പച്ചപ്പാസ്വദിച്ച് തിരികെ നഗരത്തിലേക്കു മടങ്ങാം.
English Summary: Kochareekkal Caves Tourist attraction in Ernakulam