ഭീമൻ ഇലകളുമായി ആനത്താമര; അദ്ഭുതപ്പെടുത്തും നിലമ്പൂർ തേക്ക് മ്യൂസിയത്തിലെ കാഴ്ച

Mail This Article
മലപ്പുറം ∙ 5 കിലോഗ്രാം വരെ ഭാരം താങ്ങാൻ കഴിയുന്ന ഭീമൻ ഇലകളുമായി കാണികളെ അദ്ഭുതപ്പെടുത്തി നിലമ്പൂർ തേക്ക് മ്യൂസിയത്തിലെ ആനത്താമര. ആമസോൺ നദീതടങ്ങളിൽ കണ്ടുവരുന്ന ഈ പ്രത്യേകതരം താമരയുടെ തൈ ബെംഗളൂരുവിലെ ലാൽബാഗിൽ നിന്നാണ് നിലമ്പൂരിലെത്തിച്ചത്.

സാധാരണ താമരപ്പൂക്കൾ അധികം ദിവസം നിൽക്കുമെങ്കിലും ആനത്താമരയുടെ പൂക്കൾക്ക് ഒരു ദിവസമാണ് ആയുസ്സ്. അതിരാവിലെ വിരിയുന്ന പൂവിന് വെള്ള നിറമായിരിക്കും. വൈകിട്ടോടെ ഇത് പിങ്ക് നിറമായി മാറും. അടിയിൽ മുള്ളുകൾ നിറഞ്ഞ താമരയിലയ്ക്ക് ഒരു മീറ്ററോളം ചുറ്റളവുണ്ടാകും.

ആനയുടെ പാദത്തിന്റെ ആകൃതിയിൽ വലുപ്പമേറിയ ഇലകളുള്ളതിനാലാണ് ഇതിന് ആനത്താമര എന്നു പേരു വന്നതെന്ന് മ്യൂസിയം മേധാവി ഡോ. മല്ലികാർജുന സ്വാമി പറഞ്ഞു. എല്ലാ കാലാവസ്ഥയിലും പൂവിടുന്ന ആനത്താമര ഇന്ത്യയിൽ ചുരുക്കം സ്ഥലങ്ങളിൽ മാത്രമാണ് സംരക്ഷിക്കപ്പെടുന്നത്.
English Summary: Big Lotus in Teak Museum at Nilambur