യൂറോപ്പിലെ ഉയരം കൂടിയ കേബിൾ കാർ ക്രോസിങ്; 2 മണിക്കൂർ, ഗംഭീര കാഴ്ചകൾ കണ്ട് ഇറ്റലിയിൽ എത്താം
Mail This Article
ഇനി സ്വിറ്റ്സർലൻഡിൽനിന്ന് ആളുകൾ രണ്ടു മണിക്കൂറിനുള്ളിൽ ഇറ്റലിയിലെത്തും. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കേബിൾ കാർ സർവീസിലൂടെയാണ് ഇതു സാധിക്കുക. ഇത് യൂറോപ്പിലെ ഏറ്റവും ഉയരത്തിലുള്ള കേബിൾ കാർ ക്രോസിങ് കൂടിയാണ്. 4,000 മീറ്റർ അതായത് ഏകദേശം 13123.36 അടി ഉയരത്തിലാണ് ഈ കാർ സഞ്ചരിക്കുന്നത്.
സ്വിറ്റ്‌സർലൻഡിലെ മാറ്റർഹോൺ പർവത മേഖലയിലെ ഗ്രാമമായ സെർമാറ്റിനും ഇറ്റലിയിലെ ബ്രൂയിൽ-സെർവിനിയയ്ക്കും ഇടയിലുള്ള സമയം ഈ സർവീസ് ഗണ്യമായി കുറയ്ക്കും. മുൻപ് യാത്രക്കാർക്ക് സ്കീയിങ് വഴി മാത്രമേ ഈ ഇറ്റാലിയൻ പട്ടണത്തിൽ എത്താൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ സ്കിയിങ് അറിയാത്തവർക്കുംഇനി ത്രീ-സ്ട്രിങ് കേബിൾ കാർ വഴി ഇരു രാജ്യങ്ങൾക്കുമിടയിൽ യാത്ര ചെയ്യാനും മഞ്ഞുമൂടിയ മലനിരകളുടെ കാഴ്ചകൾ ആസ്വദിക്കാനും കഴിയും. ഈ കേബിൾ കാർ സർവീസിന്റെ മറ്റൊരു പ്രത്യേകത ടെസ്റ്റ ഗ്രിഗിയ സ്റ്റേഷനു സമീപം നിർത്തുമെന്നതാണ്. സ്വിറ്റ്സർലൻഡും ഇറ്റലിയും അതിർത്തി പങ്കിടുന്ന സ്ഥലമാണിത്. അവിടെ യാത്രക്കാർക്ക് ഒരേ സമയം ഇറ്റലിയിലും സ്വിറ്റ്സർലൻഡിലും നിൽക്കാൻ കഴിയും..
Read Also ജീവിതത്തിൽ ഒരിക്കലെങ്കിലും ഒന്ന് നേരിട്ട് കാണണമെന്ന് ആഗ്രഹിച്ചിട്ടുള്ള ആ മാറ്റർ ഹോണിനെ അടുത്ത് ...
35 ആഡംബര ക്യാബിനുകളാണ് റൈഡിനുള്ളത്. കേബിൾ കാറിന് ഒൻപത് സ്റ്റോപ്പുകളുണ്ട്, അതിൽ അഞ്ചെണ്ണം സ്വിറ്റ്സർലൻഡിലും നാലെണ്ണം ഇറ്റലിയിലുമാണ്. ഇതിലിരുന്ന് മാറ്റർഹോൺ പർവതത്തിന്റെ കാഴ്ച ആസ്വദിക്കാം.
സ്വിറ്റ്‌സർലൻഡിനും ഇറ്റലിക്കും ഇടയിലുള്ള അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മാറ്റർഹോൺ പർവതം ആൽപ്‌സിലെ പ്രമുഖ കൊടുമുടിയാണ്. സ്വിറ്റ്‌സർലൻഡിലെ സെർമാറ്റ് ഗ്രാമത്തിൽനിന്ന് ഏകദേശം 6 മൈൽ തെക്കുപടിഞ്ഞാറായാണ് ഈ പർവതം സ്ഥിതി ചെയ്യുന്നത്. മാറ്റർഹോൺ എന്ന വാക്കിന്റെ അർഥം 'പുൽമേടുകളിലെ കൊടുമുടി' എന്നാണ്. 4478 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പിരമിഡാകൃതിയിലുള്ള ഭീമാകാരമായ മാറ്റർഹോൺ ആൽപ്‌സിലെയും യൂറോപ്പിലെയും ഏറ്റവും ഉയരം കൂടിയ ആറാമത്തെയും പർവതമാണ്.
Content Summary : The Matterhorn Alpine Crossing has opened in Switzerland and it is now Europe's highest cable car.