മലബാറില്‍ നിന്നും രാമേശ്വരത്തേക്ക് പുതിയ ട്രെയിന്‍; യാത്രക്കാർക്ക് സമയനഷ്ടവും അധിക ചെലവും ഒഴിവാക്കാം
Mail This Article
മംഗലാപുരത്തുനിന്ന് രാമേശ്വരത്തേക്ക് പുതിയ ട്രെയിന്‍ അനുവദിക്കാന്‍ ടൈം ടേബിള്‍ കമ്മിറ്റി റെയില്‍വേ ബോര്‍ഡിനു വീണ്ടും ശുപാര്‍ശ നല്കിയിരിക്കുന്നു. മലബാറില്‍ നിന്നും രാമേശ്വരത്തേയ്ക്കു ട്രെയിനില്‍ നേരിട്ടു പോകാമെന്ന സാധ്യതയാണ് ഇതു വഴി തുറക്കുന്നത്. ക്ഷേത്ര നഗരമായ രാമേശ്വരം മാത്രമല്ല രാമേശ്വരത്തിന്റെ തെക്കു കിഴക്കേ അറ്റത്തുള്ള പ്രേത നഗരമെന്ന വിശേഷണമുള്ള ധനുഷ്കോടിയിലേക്കുമുള്ള യാത്രകളാണ് ഈ ട്രെയിന്‍ യാഥാര്‍ഥ്യമായാല്‍ സുഗമമാവുക.
മംഗളൂരു - രാമേശ്വരം ട്രെയിന്‍ 2015 മുതലുള്ള ആവശ്യമാണ്. പാലക്കാട് പോത്തന്നൂര്‍ വഴി ഈ ട്രെയിന്‍ അനുവദിക്കുന്നതിനെതിരെ യാത്രക്കാര്‍ക്കിടയില്‍ എതിര്‍പ്പുണ്ട്. പാലക്കാട് പൊള്ളാച്ചി വഴിയാണെങ്കില്‍ സമയനഷ്ടവും അധിക ടിക്കറ്റ് ചെലവും ഒഴിവാക്കാനാവും. രാമേശ്വരം മാത്രമല്ല പഴനിയിലേക്കുള്ള തീര്‍ഥാടകര്‍ക്കും കൊടൈക്കനാലിലേയ്ക്കുള്ള വിനോദ സഞ്ചാരികള്‍ക്കും ഈ ട്രെയിന്‍ വലിയ അനുഗ്രഹമാകും. തികച്ചും വ്യത്യസ്തമാണ് രാമേശ്വരത്തേയും ധനുഷ്കോടിയിലേയും കാഴ്ചകള്‍.
Read More : മനസ്സിലും ചെറുശംഖിലും സൂക്ഷിക്കുന്നു, ഈ യാത്രയുടെ കടലിരമ്പം...
ഇന്ത്യന്‍ ഉപദ്വീപില്‍ നിന്നും മാറി കടലിലുള്ള പാമ്പന്‍ ദ്വീപിലാണ് തമിഴ്നാട്ടിലെ രാമേശ്വരം പട്ടണമുള്ളത്. ശ്രീലങ്കയിലെ മന്നാര്‍ ദ്വീപില്‍ നിന്നും അമ്പതു കിലോമീറ്റര്‍ അകലെയാണ് പാമ്പന്‍ ദ്വീപ്. പാമ്പന്‍ പാലമാണ് രാമേശ്വരത്തെ ഇന്ത്യയുടെ മുഖ്യ ഭൂമിയുമായി ബന്ധിപ്പിക്കുന്നത്. ഈ പാലത്തിലൂടെ തിരകളില്‍ അമ്മാനമാടിക്കൊണ്ടുള്ള ട്രെയിന്‍ യാത്ര തന്നെ പുതിയ അനുഭവമായിരിക്കും. ഇന്നും പരിമിതമായ സൗകര്യങ്ങളും വ്യത്യസ്ത കാലാവസ്ഥയുമുള്ള രാമേശ്വരത്ത് വന്നിറങ്ങുന്നതോടെ കാഴ്ചകള്‍ ആരംഭിക്കുകയായി.
ധനുഷ്കോടി
ഒരു കാലത്തു കേരളത്തില്‍ നിന്നും സിലോണിലേക്ക്(ഇന്നത്തെ ശ്രീലങ്ക) ടിക്കറ്റെടുത്ത് യാത്ര ചെയ്യാമായിരുന്നു. മലയാളിയുടെ ട്രെയിന്‍ യാത്ര ധനുഷ്കോടിയിലാണ് അവസാനിച്ചിരുന്നത്. ഇവിടെനിന്നും ബോട്ടുകളില്‍ ശ്രീലങ്കയിലേക്കു പോവുകയും ചെയ്യുമായിരുന്നു. 1964 ഡിസംബര്‍ 22 ന് ആഞ്ഞടിച്ച ചുഴലിക്കാറ്റിലും കടല്‍ക്ഷോഭത്തിലും ധനുഷ്കോടിയെന്ന ചെറു തുറമുഖ നഗരം പൂര്‍ണമായും തകര്‍ന്നടിഞ്ഞു. അന്ന് ധനുഷ്കോടിയിലുണ്ടായിരുന്ന 1800ഓളം പേര്‍ക്ക് ജീവന് നഷ്ടമാവുകയും പാമ്പന്‍ – ധനുഷ്കോടി പാസഞ്ചര്‍ ട്രെയിനും അതിലെ 115 യാത്രക്കാരും ഒലിച്ചു പോവുകയും ചെയ്തു.
ഇന്ത്യയുടെ ഭൂപടത്തില്‍ ശ്രീലങ്കയിലേക്കു വരച്ചിട്ടും എത്താതെ പോയ പോലെ കിടക്കുന്ന ഭൂമിശാസ്ത്ര അത്ഭുതമായ ധനുഷ്കോടി ഇന്ന് ഒരു പ്രേത നഗരമാണ്. രാമേശ്വരത്തു നിന്നും 18 കിലോമീറ്റര്‍ ദൂരമുണ്ട് ധനുഷ്കോടിയിലേക്ക്. ധനുഷ്കോടിയിലേക്കുള്ള യാത്രക്കിടെ കിഴക്കു ബംഗാള്‍ ഉള്‍ക്കടലും പടിഞ്ഞാറ് അറബിക്കടലും നിങ്ങള്‍ക്ക് ഒരേ സമയം കാണാനാവും. ഒരു കാലത്ത് സജീവമായിരുന്ന പിന്നീട് മനുഷ്യവാസയോഗ്യമല്ലാതെ മാറിയ ധനുഷ്കോടിയില്‍ പഴയ പള്ളിയുടേയും പോസ്റ്റ്ഓഫീസിന്റേയും വീടുകളുടേയും റെയില്പാതയുടേയുമെല്ലാം അവശിഷ്ടങ്ങളുണ്ട്.
രാമനാഥ സ്വാമി ക്ഷേത്രം
ഹൈന്ദവ വിശ്വാസികളുടെ നാല് ഹിന്ദു മഹാക്ഷേത്രങ്ങളില്‍ ഒന്നായ ശ്രീ രാമനാഥ സ്വാമി ക്ഷേത്രം രാമേശ്വരത്താണ്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ പാണ്ഡ്യ രാജാക്കന്മാരുടെ കാലത്തു നിര്‍മിക്കപ്പെട്ടതാണ് ഈ ക്ഷേത്രമെന്നു കരുതപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും നീളമേറിയ ഇടനാഴിയുള്ളതും രാമനാഥപുരം ക്ഷേത്രത്തിലാണ്. നിരവധി സിനിമകളിലും ചിത്രങ്ങളിലും കണ്ടു പരിചയമുള്ള ഇടനാഴിയാണിത്.
കലാമിന്റെ വീട്
നമ്മുടെ മുന്‍ രാഷ്ട്രപതിയും ഡോ. എ.പി.ജെ അബ്ദുള്‍കലാം ജനിച്ചു വളര്‍ന്നതു രാമേശ്വരത്താണ്. രാമേശ്വരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും അര കിലോമീറ്റര്‍ മാത്രം അകലെയാണ് കലാമിന്റെ വീട്. രണ്ടു നിലയുള്ള വീടിന്റെ മുകളിലെ നില സഞ്ചാരികള്‍ക്കു കാണാവുന്ന മ്യൂസിയമാണ്.
പാമ്പന്‍ പാലം
പാമ്പന്‍ ദ്വീപിനെ ഇന്ത്യയുടെ മുഖ്യകരയുമായി ബന്ധിപ്പിക്കുന്ന പാലവും റെയില്‍ പാലവുമുണ്ട്. 1914ല്‍ ബ്രിട്ടീഷുകാരാണ് ആദ്യം രാമേശ്വരത്തേയ്ക്ക് റെയില്‍ പാലം നിര്‍മിക്കുന്നത്. ഇത് 1964ലെ ചുഴലിക്കാറ്റില്‍ നശിച്ചു. പിന്നീടു കുറഞ്ഞ സമയം കൊണ്ടു പാമ്പന്‍ റെയില്‍ പാലം പുനര്‍നിര്‍മിക്കുകയായിരുന്നു. ഇ ശ്രീധരനായിരുന്നു ഇതിന്റെ മേല്‍നോട്ട ചുമതല. പുലര്‍കാലത്തും വൈകുന്നേരങ്ങളിലും പാമ്പന്‍ പാലത്തിനു മുകളില്‍ കടല്‍ക്കാറ്റും ആസ്വദിച്ചുകൊണ്ട് പാമ്പന്‍ ദ്വീപിലെ മത്സ്യ ബന്ധനവും റെയില്‍വേ പാലത്തിലൂടെയുള്ള ട്രെയിനുകളുടെ വരവും ആസ്വദിച്ചു കാണേണ്ട കാഴ്ചയാണ്.
Content Summary : New train to Rameswaram, a long-term demand of Kerala commuters met by Railways.