ADVERTISEMENT

കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിൽ ‘കവര് കണ്ടിട്ടുണ്ടോ?’ എന്നു ചോദിക്കുന്ന ഒരു സീനുണ്ട്. രാത്രിയുടെ ഇരുളിമയിൽ നീലനിറത്തിൽ തിളങ്ങുന്ന തിരമാലകൾ നിങ്ങളുടെ കാലുകളെ തഴുകിപ്പോകുന്നത് ഒരിക്കലെങ്കിലും അനുഭവിക്കേണ്ടതാണ്. ബയോലുമിനെസെന്റ് ബീച്ചുകൾ നിങ്ങളുടെ അടുത്ത യാത്രയിൽ ഉൾപ്പെടുത്താം. ബാക്ടീരിയ, ഫംഗസ്, ആൽഗ പോലെയുള്ള സൂക്ഷ്മ ജീവികൾ പ്രകാശം പുറത്തുവിടുന്നതാണ് ബയോലുമിൻസെൻസ് എന്നറിയപ്പെടുന്ന കവര്. സാധാരണ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലാണ് കവരു പൂക്കുന്നത്. വെള്ളത്തിന് ഇളക്കം തട്ടിയാൽ മാത്രമേ കവരിന്റെ യഥാർഥ കാഴ്ച ആസ്വദിക്കുവാൻ സാധിക്കൂ. വെള്ളത്തിൽ ഇളക്കം തട്ടുന്നതോടെ ഇളംനീല വെളിച്ചത്തിൽ ഇവ ദൃശ്യമാവും. വെള്ളത്തിൽ ഉപ്പിന്‍റെ അളവ് കൂടുന്തോറും പ്രകാശവും വർധിക്കും. അങ്ങനെയൊരു ബീച്ചാണ് നിങ്ങൾ തിരയുന്നതെങ്കിൽ ഇവയാണ് അതിനുള്ള ഉത്തരം.  

Image Credit : Memories Over Mocha/shutterstock
Image Credit : Memories Over Mocha/shutterstock

രാധാനഗർ ബീച്ച്

ആൻഡമാൻ നിക്കോബാർ ദ്വീപുസമൂഹത്തിലെ ഹാവ്‌ ലോക്ക് ദ്വീപുകളിൽ സ്ഥിതി ചെയ്യുന്ന രാധാനഗർ ബീച്ച്, ബയോലുമിനെസെൻസ് പ്രതിഭാസത്തിന് പേരുകേട്ടതാണ്. ഈ കാഴ്ച സ്വപ്നതുല്യമാണ്. ഈ നീലവെളിച്ചം മൂലമുണ്ടാകുന്ന മനോഹര കാഴ്ചയ്ക്കു സാക്ഷ്യം വഹിക്കാൻ ഏറ്റവും അനുയോജ്യമായ സമയം മഴക്കാലമാണ് അതായത് ജൂൺ മുതൽ സെപ്റ്റംബർ വരെ. ഈ സമയത്ത് ഉയർന്ന വേലിയേറ്റം കാരണം വെള്ളം കലങ്ങാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ അത് കാണുന്നതിനായി രാത്രിയിൽ ബോട്ട് സവാരി നടത്തുക. ബോട്ടിന്റെ പ്രഭവത്തിൽ ഓളം തല്ലുന്ന വെള്ളത്തിൽ നിങ്ങൾക്ക് ആ അദ്ഭുതകരമായ കാഴ്ച ആവോളം ആസ്വദിക്കാം. 

മോർജിം ബീച്ച്

ഗോവയിലെ ഏറ്റവും മനോഹരമായ ബീച്ചുകളിൽ ഒന്നായ മോർജിം രാത്രികാല സൗന്ദര്യത്തിന് പേരുകേട്ടതാണ്. ഇവിടെ ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് ബയോലുമിനെസെൻസ് പ്രതിഭാസം ആസ്വദിക്കാൻ പറ്റിയ സമയം. ഇവിടെ നിങ്ങൾക്കു സധൈര്യം നീല വെളിച്ചത്തിൽ നീന്താം. ബയോലുമിനെസെൻസ് മനുഷ്യർക്ക് ദോഷകരമല്ലാത്തതിനാൽ പൂർണമായും സുരക്ഷിതമാണ്. ബയോലുമിനെസെൻസ് പ്ലാങ്ക്ടണുകൾക്കു പുറമേ, ഒലിവ് റിഡ്‌ലി കടലാമകൾ കൂടുകെട്ടുന്ന സ്ഥലം കൂടിയാണ് മോർജിം ബീച്ച്. സെപ്റ്റംബർ അവസാനത്തോടെയാണ് ഇവിടെ സന്ദർശിക്കുന്നതെങ്കിൽ കടലാമകൾ മുട്ടയിടുന്നതു കാണാൻ കഴിഞ്ഞേക്കാം.

Reprasentative image. Credit: divedog/shutterstock
Reprasentative image. Credit: divedog/shutterstock

ബംഗാരം ദ്വീപുകൾ

ലക്ഷദ്വീപിലെ ബംഗാരം ജനവാസമുള്ള ദ്വീപാണ്. അഗത്തി ദ്വീപിൽനിന്ന് സ്പീഡ് ബോട്ടിൽ 20 മിനിറ്റിനുള്ളിൽ ഇവിടെ എത്തിച്ചേരാം. രാജ്യാന്തര വിനോദസഞ്ചാരികളും ലക്ഷദ്വീപിൽ ഹണിമൂൺ ആസൂത്രണം ചെയ്യുന്നവരുമാണ് ഈ ദ്വീപ് പ്രധാനമായും സന്ദർശിക്കുന്നത്, കാരണം ഇത് ഒറ്റപ്പെട്ട, ശാന്തമായ, തെങ്ങുകളാൽ ചുറ്റപ്പെട്ട മനോഹരമായ ബീച്ചുകളാൽ സമ്പന്നമാണ്. പകൽ മുഴുവൻ ഒന്നും ചെയ്യാതെ, പ്രകൃതിയുടെ സൗന്ദര്യത്തിൽ മതിമറന്ന് ഇരിക്കാം. എന്നാൽ രാത്രിയിൽ നിങ്ങൾക്ക് ഇവിടുത്തെ കടലോരങ്ങളിൽ കവര് കണ്ട് സ്വയം മറന്ന് ആനന്ദിക്കാം. ഇവിടെയെത്തുന്നവർ കൂടുതലും സ്വകാര്യ ദ്വീപുകളിലാണ് തങ്ങുന്നത് എന്നതിനാൽ തിരക്കും കുറവായിരിക്കും. ഒരു ഫാന്റസി സിനിമയിലെ സീൻ പോലെ തോന്നിപ്പിക്കും ഇവിടുത്തെ കവരിന്റെ സ്വപ്നതുല്യമായ കാഴ്ച.  

ആഗോളതാപനത്തിന്റെ തോതിലുള്ള ദ്രുതഗതിയിലുള്ള വർധന കാരണം, ബയോലുമിനെസെൻസ് സ്പീഷീസുകളിൽ ഇപ്പോൾ വളരെയധികം കുറവുണ്ടായിക്കൊണ്ടിരിക്കുകയാണ്. ബയോലുമിനെസെൻസ് പ്രദേശങ്ങൾ സന്ദർശിക്കുമ്പോൾ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒഴിവാക്കാൻ ശ്രദ്ധിക്കണം. ഉത്തരവാദിത്തമുള്ള വിനോദ സഞ്ചാരികളാകാം. ഓരോയിടത്തും അവിടെ നിഷ്കർഷിച്ചിരിക്കുന്ന വ്യവസ്ഥകൾ പാലിച്ച് നിയമങ്ങൾ കണക്കിലെടുത്തു മുന്നോട്ടു സഞ്ചരിക്കാം. പലയിടത്തും ബയോലുമിനെസെൻസ് കാണാനാകുമെങ്കിലും അധികൃതർ നിർദ്ദേശിക്കുന്നയിടങ്ങളിൽ മാത്രം സന്ദർശനം നടത്താൻ ശ്രമിക്കാം. 

English Summary:

Bioluminescent Beaches Of India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com