ലാത്തിയും ക്യാമറയും ഒരുപോലെ വഴങ്ങുന്ന സഞ്ചാരിയായ പൊലീസുകാരൻ
Mail This Article
ജോലി പൊലീസ് ഉദ്യോഗമാണെങ്കിലും സേതുലാലിന്റെ പാഷൻ പക്ഷിനിരീക്ഷണമാണ്. വ്യത്യസ്തങ്ങളായ പക്ഷികളെ കാണാനും നിരീക്ഷിക്കാനും യാത്രകൾ ചെയ്യുന്ന എഎസ്ഐ സേതുലാൽ അതിനുവേണ്ടി സ്വന്തമായി ഫൊട്ടോഗ്രഫിയും പഠിച്ചു. അപൂർവ പക്ഷികളെ കാണാൻ ഭൂട്ടാനിലേക്കും സുമാത്രയിലേക്കും യാത്ര നടത്തി. കോവിഡ് കാലത്തൊഴികെ, എല്ലാ വർഷവും ഹിമാലയം സന്ദർശിക്കുന്ന സേതുലാലിന് യാത്രകൾ ജീവിതത്തിന്റെ ഭാഗമാണ്. ഭൂരിഭാഗം യാത്രകളിലും സഹോദരനും ഒപ്പമുണ്ടാകാറുണ്ട്. സാമ്പത്തിക നേട്ടമൊന്നുമില്ലെന്നു മാത്രമല്ല, സമ്പാദ്യം സഞ്ചാരങ്ങൾക്കായി ചെലവാക്കുമ്പോഴും വിഷമം തോന്നാറില്ല, കാരണം പലപ്പോഴും ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാനാകുന്ന കഴ്ചകളിലേക്കാണ് ഈ മനുഷ്യൻ ഇറങ്ങിച്ചെല്ലുന്നത്.
പൊലീസ് ഉദ്യോഗവും ഫൊട്ടോഗ്രഫിയും
പക്ഷിനിരീക്ഷണം താൽപര്യമുള്ളയാളായിരുന്നു സേതുലാൽ. എന്നാൽ, കിട്ടിയ ജോലിക്ക് അതുമായി ബന്ധമില്ലാത്തതിനാൽ ആദ്യമൊന്നും ഒന്നിനും സമയം കിട്ടിയിരുന്നില്ല. എന്നാൽ പാഷൻ എന്നത് മനസ്സിലെ ആലയിൽ കിടന്ന് ചൂടേറ്റ് തകർക്കാനാവാത്ത ഒന്നായിത്തീർന്നതോടെ അതിനു പുറകേ പോകാൻ ഈ പൊലീസുകാരൻ തീരുമാനിക്കുകയായിരുന്നു. തട്ടേക്കാട് പോലെയുള്ള സമീപ പക്ഷിസങ്കേതങ്ങളായിരുന്നു ആദ്യകാല സന്ദർശനയിടങ്ങൾ. എന്നാൽ പോകെപ്പോകെ യാത്രകളോടും പക്ഷികളോടുമുള്ള അഭിനിവേശം സേതുലാലിനെ നാടും കാടും താണ്ടാൻ കൂട്ടുവിളിക്കാൻ തുടങ്ങി. അവിടെ, പൊലീസ് ഉദ്യോഗവും ഫൊട്ടോഗ്രഫിയും ഒന്നിക്കുന്ന ജീവിതയാത്രയ്ക്ക് തുടക്കമായി.
അപൂർവയിനം പക്ഷികളെ കാണണമെങ്കിൽ ചില പ്രത്യേക സ്ഥലങ്ങളിൽ പോകണം. ചിലപ്പോൾ ദിവസങ്ങൾ തന്നെയെടുക്കും ഒരെണ്ണത്തിനെ കണ്ടുമുട്ടാൻ. പലപ്പോഴും ജോലിയുടെ സമയം അതിനൊരു പ്രശ്നമായിത്തുടങ്ങിയതോടെ സേതുലാൽ വർഷത്തിലൊരിക്കൽ ഒരു നീണ്ട യാത്ര എന്നാക്കാൻ തുടങ്ങി. ഒരു കാര്യം നടത്തിയെടുക്കാൻ നമ്മൾ തീരുമാനിച്ചാൽ ഈ ലോകം തന്നെ കൂടെ നിൽക്കുമെന്നാണല്ലോ പൗലോ കൊയ്ലോ വരെ പറഞ്ഞിരിക്കുന്നത്. യാത്രയാണ് പാഷൻ എന്ന് തിരിച്ചറിയുകയും അതിനൊപ്പം സഞ്ചരിക്കാൻ തീരുമാനമെടുക്കുകയും ചെയ്തപ്പോൾ പ്രതിബന്ധങ്ങൾ ഉണ്ടാകുമെന്ന് അറിയാമായിരുന്നു. പക്ഷേ അതെല്ലാം തരണം ചെയ്യാനാവുമെന്ന് ഉറപ്പുമുണ്ടായിരുന്നു. കുടുംബം പിന്തുണ നൽകി കൂടെ നിൽക്കുന്നതുകൊണ്ടുകൂടിയാണ് തനിക്ക് ഇങ്ങനെ സഞ്ചരിക്കാനാവുന്നതെന്നു സേതുലാൽ പറഞ്ഞു. ഇപ്പോൾ കൊച്ചി സിറ്റി ഡിസ്ട്രിക്റ്റ് ഹെഡ് ക്വാർട്ടേഴ്സിൽ എഎസ്ഐ ആണ് സേതുലാൽ.
ഫൊട്ടോഗ്രഫി സ്വയം പഠിച്ചെടുത്തതാണെന്ന് സേതുലാൽ. ആദ്യമൊരു ചെറിയ ക്യാമറയായിരുന്നു. നാട്ടിലെയും ചുറ്റുവട്ടത്തെയും പക്ഷികളെ അതിൽ പകർത്തി പഠിക്കാൻ തുടങ്ങി. ഓഫ് ഡേകളിൽ തട്ടേക്കാടും മറ്റും പോയി. എന്നാൽ പക്ഷിനീരീക്ഷണം സീരിയസ് പ്രഫഷനാണെന്നും അതിന് ഏറെ തലങ്ങളുണ്ടെന്നും മനസ്സിലാക്കിയതോടെ, ചെയ്തുകൊണ്ടിരിക്കുന്നത് കുറച്ചുകൂടി പ്രാധാന്യത്തോടെ തുടരണമെന്ന് തോന്നി. കേരളത്തിൽ ബേഡിങ് ചെയ്യുന്നവരുടെ കൂട്ടായ്മയിലൂടെ പുതിയ സ്ഥലങ്ങൾ പരിചയപ്പെടാൻ തുടങ്ങി. അങ്ങനെയാണ് ഭൂട്ടാൻ യാത്ര സംഭവിക്കുന്നത്. 2017 ലായിരുന്നു ആ യാത്ര. തന്റെ ആദ്യ ക്രോസ് കൺട്രി യാത്രയെക്കുറിച്ച് സേതുലാൽ പറയുന്നു.
വിലപിടിപ്പുള്ളതുപോലും വഴിയിൽ വച്ചുപോകാം, ആരും എടുക്കില്ല, അതാണ് ഭൂട്ടാൻ
‘‘ഭൂട്ടാനിലേക്ക് 10 ദിവസത്തെ ക്രോസ് കൺട്രി യാത്രയായിരുന്നു. യാത്രയ്ക്കു മുൻപ്, പോകുന്ന സ്ഥലത്തെ പ്രശസ്തരായ ഗൈഡുകളെയായിരിക്കും ആദ്യം അന്വേഷിക്കുക. റെയർ ആയിട്ടുള്ള പക്ഷികളുടെ ആവാസ സ്ഥലവും മറ്റും അവർക്കായിരിക്കും കൃത്യമായി അറിയുകയുള്ളു, അവരെ കോൺടാക്ട് ചെയ്താണ് ബാക്കി കാര്യങ്ങൾ തീരുമാനിക്കുന്നത്. ഏതു സമയത്ത് പക്ഷികളെ കാണാനാകും എന്നും മറ്റുമുള്ള വിശദാംശങ്ങൾ ഗൈഡ് നൽകും. അതുവച്ച് നമ്മൾ ട്രിപ്പ് പ്ലാൻ ചെയ്യും. ഡിമാൻഡ് അവർക്കായതിനാൽ അവർ പറയുന്ന പൈസ കൊടുക്കേണ്ടിവരും. അവിടെയെത്തിയാൽ പിന്നെ അവർ എല്ലാം സെറ്റാക്കിത്തരും. 2017 ലായിരുന്നു ഭൂട്ടാനിലേക്കുളള യാത്ര. ഇന്ത്യയ്ക്കകത്ത് നിരവധി യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് രാജ്യത്തിനു പുറത്തേക്കു പോകുന്നത്. ഇത്രയും ശാന്തസുന്ദരമായൊരു നാട് ഞാൻ കണ്ടിട്ടില്ല. ഭൂട്ടാനിലെ കാടകങ്ങൾ അതിമനോഹരമാണ്. 70 % ത്തിലധികം വനമേഖലയും ലോകത്തിലെ ആദ്യത്തെ കാർബൺ-നെഗറ്റീവ് രാജ്യവുമാണ് ഭൂട്ടാൻ എന്ന് പറയുന്നതിൽ തെല്ലും തെറ്റില്ലെന്ന് അവിടെ ചെല്ലുമ്പോൾ മനസ്സിലാകും.
കണ്ടറിയാൻ ഒരു ഭൂട്ടാൻ മാത്രമല്ല; നിരവധിയുണ്ടെന്നു പറയണം. അവിടുത്തെ മനുഷ്യരും അവരുടെ ആതിഥ്യമര്യാദയുമാണ് എടുത്തുപറയേണ്ടത്. എല്ലാത്തരം ഭക്ഷണങ്ങളും എനിക്ക് ചിലപ്പോൾ പറ്റാറില്ല. പലപ്പോഴും യാത്രകളിലും മറ്റും കഴിക്കുന്ന ഫുഡിൽനിന്നു പ്രശ്നമുണ്ടാകാറുണ്ട്, എന്നാൽ ഭൂട്ടാനിലായിരുന്ന പത്തുദിവസവും എനിക്ക് യാതൊരു പ്രശ്നവും ഉണ്ടായില്ല. ശ്വാസസംബന്ധമായ അസുഖമുളളയാളാണ് ഞാൻ. പക്ഷേ ഭൂട്ടാന്റെ കാടുകളിലൂടെ സഞ്ചരിച്ചപ്പോൾ എനിക്ക് ഒരു ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ല. ഭൂട്ടാൻ ഒരു സാധാരണ സ്ഥലമല്ലെന്നു പറയാൻ കാരണം, എന്റെ ജോലി വച്ച് നോക്കുമ്പോൾ എന്തിനേയും നമ്മൾ സംശയത്തോടെ വീക്ഷിക്കും. പക്ഷേ ഞാൻ ആശ്ചര്യപ്പെട്ടുപോയത് അവിടുത്തെ ആളുകളുടെ സമീപനം കണ്ടപ്പോഴാണ്. നമുക്ക് എന്തും, അത് എത്ര വിലപിടിപ്പുള്ളതാണെങ്കിലും ആ നാട്ടിൽ എവിടെ വേണമെങ്കിലും വച്ചിട്ടുപോകാം. വാഹനമൊന്നും ലോക്ക് ചെയ്യേണ്ട ആവശ്യമില്ല. ആരും അത് നോക്കുക പോലുമില്ല.
അവിടെയെത്തി ഒരു ദിവസം ചുറ്റിക്കറങ്ങാമെന്നു കരുതി ഞങ്ങൾ വണ്ടി ഒരിടത്ത് പാർക്ക് ചെയ്ത് ബാഗും ക്യാമറും മറ്റും അതിൽ വച്ച് മുന്നോട്ടു നടന്നു. നമ്മൾ ഉപയോഗിക്കുന്ന ക്യാമറയും ലെൻസുമെല്ലാം നല്ല വിലയുള്ളതാണല്ലോ. അത് വണ്ടിയിൽ വച്ച് പോരുന്നത് സുരക്ഷിതമല്ലെന്ന് പറഞ്ഞ് ഞങ്ങൾ അതെടുക്കാനായി തിരിച്ചുനടന്നപ്പോൾ ഭൂട്ടാൻകാരനായ ഗൈഡ് പറഞ്ഞത്, നിങ്ങൾ വണ്ടി ലോക്ക് പോലും ചെയ്യേണ്ട ആവശ്യമില്ല, സാധനങ്ങൾ എടുത്തു കയ്യിൽ പിടിച്ച് വാഹനം ലോക്ക് ചെയ്യുന്നത് അവരെ അപമാനിക്കുന്നതിനു തുല്യമാണെന്നാണ്. വണ്ടി തുറന്നിട്ടുപോയാലും എത്ര വിലയുള്ള സാധനമായാലും ആരുമത് എടുക്കില്ലെന്ന് അയാൾ പറഞ്ഞപ്പോഴും എന്റെയുള്ളിലെ പോലീസുകാരൻ അത് സമ്മതിച്ചുകൊടുക്കാൻ തയാറല്ലായിരുന്നു. എന്നാൽ അതാണ് സത്യമെന്ന് ആ നാട്ടിലൂടെ സഞ്ചരിക്കുമ്പോൾ നമുക്ക് ബോധ്യമാകും. അതാണ് ഭൂട്ടാൻ. ഞാൻ കണ്ടതിലും അറിഞ്ഞതിലും ഏറ്റവും സുരക്ഷിതമായ രാജ്യം. നമ്മുടെ നാട്ടിലെവിടെയും ഇങ്ങനെയൊരു സാഹചര്യം സമീപ ഭാവിയിൽപ്പോലും സംഭവിക്കില്ലെന്ന് അപ്പോൾ തോന്നി.’’
പാഷന് പുറകെ പോകാൻ തീരുമാനിച്ചവർ പണത്തെക്കുറിച്ച് ചിന്തിക്കരുത്
തന്റെ പിഎഫ് അടക്കമുള്ള സമ്പാദ്യങ്ങളെല്ലാം ബേഡിങ്ങിനും യാത്രകൾക്കുമായി ചെലവാക്കുമ്പോഴും ഒട്ടും വിഷമം തോന്നില്ലെന്ന് സേതു പറയുന്നു. വർഷത്തിലൊരിക്കൽ 15-20 ദിവസം ലീവെടുത്താണ് സേതുലാൽ ദീർഘദൂര യാത്രകളെല്ലാം നടത്തുന്നത്. ഷിംല, സിക്കിം, ഉത്തരാഖണ്ഡ്, ഹിമാലയം എന്നിവിടങ്ങളിലേക്ക് എല്ലാ വർഷവും പോകാറുണ്ട്. കൊറോണ കാലത്തു മാത്രമാണ് തടസം നേരിട്ടത്. പക്ഷികളുടെ ദേശാടന സമയവും മറ്റും കണക്കാക്കിയാണ് മിക്ക യാത്രകളും. എപ്പോഴും എല്ലാ ട്രിപ്പുകളും വിജയിക്കണമെന്നില്ല. ചിലപ്പോൾ രണ്ടും മൂന്നും ദിവസം നടന്നാൽപ്പോലും ഒരു പക്ഷിയെപ്പോലും കാണാനാവാതെ മടങ്ങേണ്ടിവന്നിട്ടുണ്ട്. ഇത്തവണത്തെ ഹിമാലയൻ യാത്ര അങ്ങനെയായിരുന്നു. കാലാവസ്ഥ വ്യതിയാനം കാരണം മഞ്ഞുമില്ല, പക്ഷിയുമില്ല. എങ്കിലും ഓരോ യാത്രയും സമ്മാനിക്കുന്നത് പുതിയ അനുഭവങ്ങളാണ്. അതിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണ് അടുത്തതിലേക്കു ചുവടുവയ്ക്കുന്നത്.
തായ്ലൻഡ്, സുമാത്ര എന്നിവിടങ്ങളിലേക്കും ഇദ്ദേഹം യാത്രകൾ നടത്തിയിട്ടുണ്ട്. സുമാത്രയിലേക്കുള്ള യാത്ര മറക്കാനാവില്ലെന്നു സേതുലാൽ. നൂറുകണക്കിന് അപൂർവ്വയിനം പക്ഷികളുടെ നാടാണ് സുമാത്ര. ഭൂട്ടാന്റെ പ്രകൃതിയിൽനിന്ന് ഏറെ വ്യത്യസ്തം. റെയർ ഷ്നൈഡേഴ്സ് പിത്ത, സുമാത്രൻ പീകോക്ക് ഫെസന്റ്, സാൽവഡോറിസ് ഫെസന്റ്, ഗ്രേസ്ഫുൾ പീത്ത, സൺ ബേർഡ്സ് തുടങ്ങി ജീവിതത്തിൽ കാണാനാഗ്രഹിച്ച ക്ഷിവർഗങ്ങളെ ആ യാത്രയിൽ സേതുലാൽ കണ്ടുമുട്ടി. മനസ്സുനിറയെ ചിത്രങ്ങൾ പകർത്തി. തായ്ലൻഡിലെത്തിയപ്പോഴാണ് അതിനേക്കാൾ കൂടുതൽ അവസരങ്ങൾ ലഭിച്ചതെന്നും സേതുലാൽ പറയുന്നു. എല്ലാവരും തായ്ലൻഡിന്റെ തിരക്കേറിയ തെരുവോരങ്ങളും വിനോദസഞ്ചാരകേന്ദ്രങ്ങളും സന്ദർശിക്കുമ്പോൾ താൻ കണ്ടത് തായ്ലൻഡിന്റെ മറ്റൊരു മുഖമായിരുന്നുവെന്ന് ഇദ്ദേഹം. തായ്ലൻഡിന്റെ ആ വശം സഞ്ചാരികളധികം എക്സ്പ്ലോർ ചെയ്യാത്തതാണ്. എല്ലാവരും സ്ഥിരം കാഴ്ചകളിലേക്കു തിരിയുമ്പോൾ തന്നെ സന്തോഷിപ്പിക്കുന്നത് ഇത്തരം അനുഭവങ്ങളാണെന്നു സേതുലാൽ പറയുന്നു.
എല്ലാവർക്കുമുണ്ടാകുമുണ്ടാകും ഒരിക്കലെങ്കിലും പോകണമെന്ന് ആഗ്രഹിക്കുന്ന ഒരു സ്വപ്നയിടം. സേതുവിന്റെ ലൊക്കേഷൻ ഓസ്ട്രേലിയയ്ക്കടുത്തുള്ള പാപ്പുവ ന്യൂഗിനി എന്ന നാടാണ്. 39 ഇനം അപൂർവ പക്ഷികളുടെ വാസസ്ഥലമാണത്. അവയെ നേരിൽ കാണുക എന്നത് ഭാഗ്യവും ശ്രമകരവുമാണ്. ക്യാമറയിൽ കിട്ടുക എന്നത് അതിനേക്കാൾ ദൈവാനുഗ്രഹം വേണ്ടതും. ഇനി തന്റെ ലക്ഷ്യം അതാണെന്നും അടുത്ത കോപ്പുകൂട്ട് അതിനായിട്ടായിരിക്കുമെന്നും സേതു പറഞ്ഞു.