മാപ്പിട്ട് വഴി തെറ്റല്ലേ... മഴക്കാല യാത്രയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
Mail This Article
വഴി കാണിക്കാനുള്ള ഗൂഗിള്‍ മാപ്പ് വഴി തെറ്റിച്ചതിന്റെ അനുഭവമില്ലാത്തവര് കുറവായിരിക്കും. മഴക്കാലമായതോടെ ഈ വഴി തെറ്റിക്കലിനും അപകടത്തിനുമുള്ള സാധ്യത പല മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. ദിവസങ്ങള്‍ക്കു മുമ്പാണ് മൂന്നാറില്‍ നിന്നും ആലപ്പുഴയിലേക്കുള്ള യാത്രക്കിടെ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച കാര്‍ തോട്ടിലേക്ക് മറിഞ്ഞത്. വഴിക്കായി ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ചതാണ് ഹൈദരാബാദ് സ്വദേശികള്‍ക്ക് വിനയായത്. ഈ അപകടത്തില്‍ എല്ലാവരും രക്ഷപ്പെട്ടെങ്കിലും കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ മാപിനെ വിശ്വസിച്ച് യാത്ര ചെയ്ത് കാര്‍ തോട്ടിലേക്കു മറിഞ്ഞ് രണ്ട് ഡോക്ടര്‍മാര്‍ മരിച്ച സംഭവവും ഉണ്ടായിരുന്നു. ഇത് യാത്രകളില്‍ ഒട്ടു മിക്കവരും ഉപയോഗിക്കുന്ന ഗൂഗിള്‍ മാപ്പിനെ സൂക്ഷിച്ചില്ലെങ്കില്‍ വലിയ അപകടമുണ്ടാവാമെന്ന മുന്നറിയിപ്പു കൂടിയായി. മഴ കനത്തതോടെ റോഡും തോടും തിരിച്ചറിയാനാവാതെ പോവുന്നതും മഴയും ഇരുട്ടുമൊക്കെ അപകടസാധ്യതകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. അപരിചിത വഴികളിലൂടെയുള്ള യാത്രകളില്‍ ഗൂഗിള്‍ മാപിനെ ആശ്രയിക്കുമ്പോള്‍ സഞ്ചാരികള്‍ എന്തൊക്കെ മുന്‍ കരുതലുകള്‍ സ്വീകരിക്കണമെന്ന് നോക്കാം.
യാത്രയ്ക്കു മുമ്പേ
യാത്ര പുറപ്പെടും മുമ്പേ പോകേണ്ട സ്ഥലത്തെക്കുറിച്ചും വഴികളെക്കുറിച്ചും പഠിക്കാന്‍ ശ്രമിക്കണം. നാവിഗേഷന്‍ ആപ്പ് കാണിച്ചു തരുന്ന വഴികളുടെ സവിശേഷതകളും അപകട മേഖലകളും വഴിയോടു ചേര്‍ന്നുള്ള തോടുകളും പുഴകളും ജലാശയങ്ങളുമെല്ലാം മനസിലാക്കാന്‍ ശ്രമിക്കണം. മേഖലയിലെ കാലാവസ്ഥ സംബന്ധിച്ച വാര്‍ത്തകളും ഗതാഗത തിരക്കിന്റെ സാധ്യതകളും പരിശോധിക്കണം. എന്തെങ്കിലും കാരണവശാല്‍ പോകാന്‍ ഉദ്ദേശിക്കുന്ന വഴി തടസപ്പെട്ടാല്‍ ബദല്‍ മാര്‍ഗം ഏതാണെന്നു കൂടി മനസ്സിലാക്കി വയ്ക്കുന്നതും നല്ലതാണ്. സാധ്യമെങ്കില്‍ ഓഫ്ലൈന് മാപ്പുകളും ഡൗണ്‍ലോഡു ചെയ്തു വയ്ക്കുന്നത് റേഞ്ച് നഷ്ടപ്പെട്ടാലും വഴിതെറ്റാതിരിക്കാന്‍ സഹായിക്കും.
അറിയാത്ത സ്ഥലങ്ങളാണെങ്കില്‍ രാത്രി യാത്രകള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് കാലാവസ്ഥ കൂടി പ്രതികൂലമാവുന്ന മഴക്കാലത്ത്. മണ്ണിടിച്ചിലും വെള്ളപ്പാച്ചിലുമൊക്കെ പൊടുന്നനെ സംഭവിക്കുന്ന മലയോര മേഖലകളിലൂടെയാണ് യാത്രയെങ്കില്‍ പ്രത്യേകിച്ചും. എന്തെങ്കിലും തരത്തിലുള്ള രാത്രി യാത്രാ നിയന്ത്രണങ്ങള്‍ മേഖലയിലുണ്ടോ എന്ന് യാത്രയ്ക്കു മുമ്പേ അന്വേഷിച്ച് ഉറപ്പിക്കുന്നതും ഗുണം ചെയ്യും.
ആപ്പ് അപ്ഡേഷന്
യാത്രക്കു മുമ്പേ ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് മാപ്പിങ് ആപ്ലിക്കേഷന്‍ അപ്ഡേറ്റു ചെയ്യുകയെന്നത്. ഇത് ഏറ്റവും പുതിയതും സുപ്രധാനവുമായ വിവരങ്ങള്‍ നഷ്ടമാവുന്നില്ലെന്ന് ഉറപ്പിക്കാനാവും. ഓട്ടോ അപ്ഡേഷന് ഓണാക്കി ഇടുന്നതും ഗുണം ചെയ്യും. വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധ മാറാതിരിക്കാന്‍ വോയ്സ് കമാന്‍ഡ് ഓപ്ഷന് ഉപയോഗിക്കുന്നതും നല്ലതാണ്.
ഒരിക്കല്‍കൂടി പരിശോധിക്കാം
എന്തുകാര്യവും ഒരിക്കല്‍ കൂടി പരിശോധിച്ച് ഉറപ്പിക്കുന്നത് നല്ലതാണ്. അത് നാവിഗേഷന്‍ മാപ്പിന്റേയും യാത്രയുമായി ബന്ധപ്പെട്ട് ലഭ്യമായ വിവരങ്ങളെക്കുറിച്ചാണെങ്കിലും. നാവിഗേഷന്‍ ആപ്പ് എന്തുപറഞ്ഞാലും കണ്ണടച്ചു വിശ്വസിക്കരുത്. സാമാന്യബോധത്തിനു നിരക്കാത്ത എന്തെങ്കിലും ഈ വിവരങ്ങളിലുണ്ടെന്ന സംശയമുണ്ടെങ്കില്‍ ഒരിക്കല്‍ കൂടി പരിശോധിക്കണം.
നാവിഗേഷന്‍ മാപ്പ് വഴി ലഭിച്ച വിവരങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ ഏറ്റവും നല്ലത് നിങ്ങള്‍ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന വഴിയെക്കുറിച്ച് മുന്‍പരിചയമുള്ളവരാണ്. അതുവഴി നേരത്തെ യാത്ര ചെയ്ത പരിചയക്കാരേയോ പോകുന്ന പ്രദേശങ്ങളില്‍ താമസമുള്ളവരേയോ ഇതിനായി ഉപയോഗിക്കാം. ഇനി യാതൊരു സാധ്യതയുമില്ലെങ്കില്‍ ഓണ്‍ലൈന്‍ ട്രാവല്‍ ഗ്രൂപ്പുകളെയോ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളേയോ വിവരങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ ഉപയോഗിക്കാവുന്നതാണ്. ലഭ്യമായതില്‍ ഏറ്റവും കുറഞ്ഞ സമയത്തില്‍ എത്താവുന്ന വഴിയാണ് നാവിഗേഷന്‍ സാധാരണ മാപ്പ് കാണിച്ചു തരിക. ഈ വഴിയുടെ വലിപ്പം കുറവാണെന്നോ വെള്ളക്കെട്ടുകളോ മണ്ണിടിച്ചിലിനുള്ള സാധ്യതയോ ഉണ്ടെന്നോ തോന്നിയാല്‍ സുരക്ഷിതമായ സമാന്തര പാതകളുണ്ടോ എന്നു പരിശോധിച്ച് തെരഞ്ഞെടുക്കുന്നതാണ് ഉചിതം.
ലൊക്കേഷന്‍ പങ്കുവയ്ക്കാം
നിങ്ങള്‍ ഒറ്റക്കാണ് യാത്ര ചെയ്യുന്നതെങ്കില്‍ ലൈവ് ലൊക്കേഷന്‍ കുടുംബത്തിലേയോ കൂട്ടത്തിലേയോ വിശ്വസ്ഥരുമായി പങ്കുവെക്കുന്നതും നല്ലതാണ്. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ വളരെയെളുപ്പം സഹായം ഉറപ്പിക്കാന്‍ ഇത് സഹായിക്കും. നിങ്ങള്‍ യാത്ര പോവുന്ന സ്ഥലത്തെക്കുറിച്ചും വഴികളെക്കുറിച്ചും മറ്റുള്ളവര്‍ക്കു കൂടി ധാരണയുണ്ടാവുന്നതോടെ കാലാവസ്ഥാ-അപകട മുന്നറിയിപ്പുകള്‍ അറിയാനുള്ള ഒരു സാധ്യത കൂടിയാണ് തുറക്കുന്നത്. മഴക്കാലത്തെ യാത്രകളില്‍ സാധാരണയെ അപേക്ഷിച്ച് കൂടുതല്‍ മുന്നൊരുക്കവും തയ്യാറെടുപ്പുകളും യാത്രകളെ കൂടുതല്‍ സുരക്ഷിതമാക്കും.