ADVERTISEMENT

സമുദ്രനിരപ്പില്‍ നിന്നും 3000 അടി ഉയരത്തില്‍ പൊങ്ങി നില്‍ക്കുന്ന രണ്ടു പര്‍വത ഭാഗങ്ങള്‍. അവയ്ക്കിടയില്‍ തങ്ങി നില്‍ക്കുന്ന ഒരു ഉരുളന്‍ പാറ. ആ പാറയുടെ മുകളില്‍ കയറി നിന്നുകൊണ്ട് ലണ്ടനില്‍ നിന്നുള്ള ഒരു യുവാവ് തന്‍റെ കാമുകിയോട് പ്രണയാഭ്യർഥന നടത്തുന്ന ചിത്രം രണ്ടു വര്‍ഷം മുന്‍പ് സമൂഹമാധ്യമത്തിൽ വൈറലായിരുന്നു. അങ്ങനെ നില്‍ക്കുന്നത് അങ്ങേയറ്റത്തെ അപകടമായതിനാല്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ യുവാവിനു വിമര്‍ശനവുമായെത്തി.

Kjeragbolten-Climb1

നോർവേയിലെ റോഗാലാൻഡ് കൗണ്ടിയിലെ സാൻഡ്‌നെസ് മുനിസിപ്പാലിറ്റിയിലുള്ള ജെരാഗ് പര്‍വതത്തിന്‍റെ ഭാഗമായ പ്രദേശമായിരുന്നു അത്. ഏകദേശം 1,110 മീറ്റർ (3,640 അടി) ഉയരമുള്ള ഈ പർവതം പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ ലൈസ്ബോട്ടൻ ഗ്രാമത്തിന്‍റെ തെക്കുപടിഞ്ഞാറായാണ് സ്ഥിതിചെയ്യുന്നത്.

വൈറലായ ചിത്രത്തില്‍ കാണുന്നത് ജെരാഗ്‌ബോൾട്ടൻ എന്നറിയപ്പെടുന്ന ഭാഗമാണ്. രണ്ട് പാറകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന, 5 ക്യുബിക് മീറ്റർ വലുപ്പമുള്ള പാറക്കല്ലാണ് ഇവിടുത്തെ ടൂറിസ്റ്റ് ആകര്‍ഷണം. പാറകളില്‍ കയറുന്നതിനുള്ള പ്രത്യേക ഉപകരണങ്ങളുടെ സഹായമൊന്നും കൂടാതെ തന്നെ ഇതിനു മുകളില്‍ കയറാം. പക്ഷേ, ഇത് സുരക്ഷിതമല്ല; ഒന്ന് കാലുതെന്നിയാല്‍ 984 മീറ്റർ (3,228 അടി) ആഴത്തിലേക്കായിരിക്കും വീഴുന്നത്.

ഇതിന്‍റെ വടക്കുഭാഗത്തായി 984 മീറ്റർ (3,228 അടി) ഉയരത്തിൽ ലിസ്ജോര്‍ദന്‍ തടാകക്കരയിലായി ഒരു വലിയ മലഞ്ചെരുവുണ്ട്. ഇവിടെ പിക്നിക്കിനായി നിരവധി പേരാണ് എത്തുന്നത്. തടാകത്തിലേക്ക് പതിക്കുന്ന കെജരാഗ്ഫോസെൻ വെള്ളച്ചാട്ടത്തിന്‍റെ കാഴ്ചയും ഇവിടെ നിന്നും കാണാം. ലോകത്തിലെ ഏറ്റവും ഉയരമുള്ള വെള്ളചാട്ടങ്ങളില്‍ ഒന്നാണിത്. 

സാഹസികപ്രേമികളുടെ ഇഷ്ടയിടം

ഹൈക്കിങ്ങിനും ട്രെക്കിങ്ങിനുമെല്ലാം ഏറെ ജനപ്രിയമാണ് ജെരാഗ്. അധികം ജനക്കൂട്ടമൊന്നും ഇല്ലാത്തതിനാല്‍, ശാന്തത ഇഷ്ടപ്പെടുന്ന ആളുകള്‍ ഇവിടേക്ക് എത്തുന്നു. സന്ദർശക കേന്ദ്രം സ്ഥിതിചെയ്യുന്ന എഗാർഡ്‌സ്റ്റെലനിലാണ് ഏറ്റവും എളുപ്പമുള്ള ഹൈക്കിംഗ് റൂട്ട്. ഏകദേശം 2.5-3 മണിക്കൂർ നടക്കാന്‍ പറ്റുന്ന നിരവധി റൂട്ടുകള്‍ ഉണ്ട് ഇവിടെ. 

Kjeragbolten-Climb3

കുത്തനെയുള്ള നിരവധി പര്‍വത ശിഖരങ്ങള്‍ നിറഞ്ഞ ജെരാഗ് ഒരു ജനപ്രിയ ബേസ് ജമ്പിങ് ഡെസ്റ്റിനേഷൻ കൂടിയാണ്; ഉയരമുള്ള പാറകളില്‍ കയറി നിന്ന് താഴേക്ക് ചാടുന്നതിനായി നിരവധി ആളുകള്‍ ഇവിടേക്ക് എത്തുന്നു. എന്നാല്‍ ഇതല്‍പ്പം അപകടം നിറഞ്ഞ ഒരു വിനോദമാണ്. ഈ പ്രദേശത്ത് ഇന്നുവരെ ഏകദേശം 131 അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നോർവീജിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷന്‍റെ കണക്കനുസരിച്ച് ഇതില്‍ 11പേര്‍ ബേസ് ജമ്പർമാരാണ്. റോക്ക് ക്ലൈംബിങ്ങ് ആണ് മറ്റൊരു ജനപ്രിയ സാഹസിക വിനോദം. കുത്തനെയുള്ള പാറകളില്‍ പിടിച്ചു കയറി മുകളിലെത്തുന്നതും സാഹസിക സഞ്ചാരികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു വിനോദമാണ്‌.

അടുത്തുള്ള പ്രധാന നഗരമായ സ്റ്റാവഞ്ചറിൽ നിന്നും ഏകദേശം 2 മണിക്കൂർ ഡ്രൈവ് ചെയ്‌താല്‍ ഇവിടെയെത്താം. ശൈത്യകാലത്ത് ഈ റോഡ്‌ അടയ്ക്കും. വേനൽക്കാലത്ത് ലാവ്‌വിക് നഗരത്തില്‍ നിന്ന് ലൈസ്ബോട്ടനിലേക്ക് ടൂറിസ്റ്റ് കടത്തുവള്ളങ്ങള്‍ സര്‍വീസ് നടത്താറുണ്ട്‌. ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് ഇവിടം സന്ദര്‍ശിക്കാനുള്ള ഏറ്റവും മികച്ച സീസൺ. 

English Summary: Scenic Hike to Kjeragbolten in Norway

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com