'കുഞ്ഞുങ്ങൾക്കും സ്വകാര്യത വേണം, മകനെ കണ്ടന്റ് ആക്കാൻ താൽപര്യമില്ല'; ഇത് നല്ല അമ്മയെന്നു കമന്റുകൾ
Mail This Article
എലിസബത്ത് മാരി കെയ്ടൺ എന്ന ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റിയെപ്പറ്റി അധികമാരും അറിയാനിടയില്ല. എന്നാൽ 'എലിക്കുട്ടി' എന്ന പേര് കേട്ടാൽ, ഓ സോഷ്യൽമീഡിയയിൽ മലയാളം പഠിക്കുകയും പഠിപ്പിക്കുകയും ഒക്കെ ചെയ്യുന്ന ആളല്ലേ എന്ന് ചോദിക്കും. മലയാളിയായ അർജുൻ ഉല്ലാസിനെ വിവാഹം കഴിച്ചതോടെ വിദേശിയായ എലിസബത്ത് കേരളത്തിന്റെ മരുമകളായി. ഇരുവർക്കും കുഞ്ഞ് പിറന്നിട്ട് വളരെ കുറച്ച് മാസങ്ങൾ മാത്രമേ ആയിട്ടുള്ളു.
സോഷ്യൽമീഡിയയിൽ ഇതുവരെയും കുഞ്ഞിന്റെ മുഖം വ്യക്തമാകുന്ന ചിത്രങ്ങൾ പങ്കുവച്ചിട്ടില്ല. 'കുട്ടിയുടെ സ്വകാര്യത വളരെ പ്രധാനപ്പെട്ടതാണ്. എന്റെ പേജ് ഒരുപാട് ആൾക്കാർ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ട് എനിക്കു തോന്നുന്നത്, കുട്ടികളാണ് അവർക്ക് ഓൺലൈനിൽ വരണമോ വേണ്ടയോ എന്നു തീരുമാനമെടുക്കേണ്ടത്. ഈ പ്രായത്തിൽ എന്തായാലും അവന് അങ്ങനെയൊരു തീരുമാനം എടുക്കാൻ കഴിയില്ല. എന്റെ കുഞ്ഞിനെ കണ്ടന്റ് ആക്കാൻ എനിക്ക് താൽപര്യമില്ല. എന്റെ കുഞ്ഞ് ഒരു കണ്ടന്റല്ല. അതുകൊണ്ട് ഞാൻ വാവയുടെ ഫോട്ടോസ് പോസ്റ്റ് ചെയ്യാറില്ല'. എലിസബത്ത് കാരണം വ്യക്തമാക്കുന്നു.
പൊതുവേ കുട്ടികളുടെ പ്രൈവസിക്ക് ആരും വിലകൊടുക്കാറില്ലെന്നും, നിങ്ങൾ നല്ലൊരു അമ്മയാണെന്നുമാണ് കമന്റുകൾ പറയുന്നത്. ഈ അടുത്ത കാലത്ത് കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിഡിയോകൾ അത്ര നല്ലതല്ലെന്ന രീതിയിൽ ചർച്ചകൾ വന്നിരുന്നു. യാതൊരു ചിന്തയുമില്ലാതെ സ്വന്തം നേട്ടങ്ങൾക്കു വേണ്ടി കുട്ടികളെ കണ്ടന്റ് ആക്കുന്നത് വളരെ മോശം കാര്യമാണെന്നും ഭാവിയിൽ ഇത് കുട്ടികൾക്കു ദോഷം ചെയ്യുമെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ അത്തരം അപകടങ്ങളില്ലെന്നും ലൈഫ്സ്റ്റൈൽ വ്ലോഗേഴ്സിന് കുട്ടിയെ ഒഴിവാക്കി എങ്ങനെ വിഡിയോ ചെയ്യാനാകും എന്നും ചോദ്യങ്ങളുണ്ട്. എന്തായാലും സ്വന്തം കുട്ടിയുടെ സ്വകാര്യതയെ മാനിച്ചുകൊണ്ടുള്ള തീരുമാനം എടുത്ത ഈ അമ്മയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുകയാണ് സോഷ്യൽ മീഡിയ. ഒരു സ്വകാര്യ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് എലിസബത്ത് കുട്ടികളുടെ സ്വകാര്യതയെപ്പറ്റി സംസാരിച്ചത്.