നിത്യവും കൂവളത്തെ ഇങ്ങനെ വണങ്ങിയാൽ...

Mail This Article
ശിവഭഗവാന് ഏറ്റവും പ്രിയപ്പെട്ട വൃക്ഷമാണ് കൂവളം. സർവ രോഗസംഹാരിയായ കൂവളത്തെ അഷ്ടാംഗഹൃദയത്തിൽ ദിവ്യ ഔഷധങ്ങളുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ശിവപാർവതിമാർക്കു പ്രിയപ്പെട്ട ഈ വൃക്ഷം ശിവദ്രുമം, ശിവമല്ലി, വില്വം (ബില്വം) എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഓരോ തണ്ടിലും മൂന്ന് ദളങ്ങള്‍ വീതമുണ്ടാകുന്ന കൂവളത്തില പരമശിവന്റെ തൃക്കണ്ണിന്റെ പ്രതീകമാണെന്നാണ് വിശ്വാസം.
കൂവളം നടുന്നതും ശ്രദ്ധാപൂർവം പരിപാലിക്കുന്നതും ശിവപ്രീതിക്ക് അത്യുത്തമമാണ്. കൂവളം നശിപ്പിക്കുക, വേണ്ട രീതിയിൽ പരിപാലിക്കാതിരിക്കുക, പരിസരം ശുദ്ധമായി സൂക്ഷിക്കാതിരിക്കുക എന്നിവ അതീവ ദോഷകരമാണ്. നിത്യവും കൂവളച്ചുവട്ടിൽ ദീപം തെളിയിക്കുന്നത് കുടുംബൈശ്വര്യം നിലനിര്‍ത്താൻ ഉത്തമമാണ് .കൂവളച്ചുവട്ടിലിരുന്നു പഞ്ചാക്ഷരീമന്ത്രം (ഓം നമഃശിവായ) ചൊല്ലി ശിവപൂജ നടത്തിയാൽ സകലപാപങ്ങളും നീങ്ങി ദേവതുല്യനായിത്തീരും എന്നാണ് വിശ്വാസം.
വീടിന്റെ തെക്കു വശത്തോ പടിഞ്ഞാറു വശത്തോ കൂവളം നേടുന്നതാണ് നന്ന് . ഒരു കൂവളം നട്ടാൽ അശ്വമേധയാഗം നടത്തിയ ഫലം, കാശി മുതൽ രാമേശ്വരം വരെയുളള ശിവക്ഷേത്രദർശനം നടത്തിയ ഫലം, ആയിരം പേർക്ക് അന്നദാനം നടത്തിയ ഫലം, ഗംഗയിൽ നീരാടിയ ഫലം എന്നീ സൽഫലങ്ങൾ ലഭിക്കുമെന്നു പുരാണങ്ങളിൽ പറയുന്നു.
ദേവസാന്നിധ്യമുള്ള ഈ വൃക്ഷത്തിൽ നിന്ന് കുളിച്ചു ശരീരശുദ്ധി വരുത്തിയ ശേഷം മാത്രമേ ഇലകൾ അടർത്താവൂ. കൂവളത്തില തോട്ടിയിട്ട് ഒടിച്ചെടുക്കുകയോ തല്ലിപ്പറിക്കുകയോ ചെയ്യരുത്. മരത്തിൽ കയറിപ്പറിക്കുന്നതാണ് ഉത്തമം. കൂവളത്തിൽ കയറുമ്പോൾ വഴുതി വീഴാതിരിക്കാൻ പുലിയുടേതു പോലുളള കാലുകൾ നൽകണം എന്നു വരം ചോദിച്ച വ്യാഘ്രപാദമഹർഷിയുടെ കഥ പുരാണങ്ങളിലുണ്ട്.
English Summary : How to Worship Bilva Tree