ദാരിദ്ര്യം നീങ്ങി ഐശ്വര്യം കൈവരുന്നതിന്...

Mail This Article
ശ്രീ ശങ്കരാചാര്യസ്വാമികളാൽ വിരചിതമായ കൃതിയാണ് സൗന്ദര്യലഹരി . ഇത് ശിഖരിണി എന്ന വൃത്തത്തിൽ രചിച്ചിട്ടുള്ളതാണ്. ശിവഭക്തനായിരുന്ന ശങ്കരാചാര്യ സ്വാമികൾ ദേവീ പ്രഭാവം തിരിച്ചറിഞ്ഞപ്പോൾ ശക്തിസ്വരൂപിണിയായ പാർവതീ ദേവിയുടെ മാഹാത്മ്യത്തിന്റെയും രൂപത്തിന്റെയും വർണ്ണനകളായി രചിച്ച നൂറോളം സംസ്കൃത ശ്ലോകങ്ങളടങ്ങിയ കൃതിയാണിത് .

ഇതിലെ ഓരോ ശ്ലോകങ്ങളും ചിട്ടയോടെ ജപിക്കുന്നത് ജീവിത സംസാരത്തിലെ ഓരോ ദുഃഖങ്ങൾ ശമിക്കുന്നതിന് ഉത്തമമാണെന്ന് വിശ്വസിക്കപ്പെടുന്നു . കടുത്ത ദാരിദ്ര്യം ശമിച്ച് ഐശ്വര്യം കൈവരുന്നതിന് സൗന്ദര്യ ലഹരിയിലെ ഒന്നാമത്തെ ശ്ലോകം സഹായിക്കും . മാസത്തിലെ സൗകര്യപ്രദമായ 18 ദിവസം തിരഞ്ഞെടുത്ത് ഒന്നാമത്തെ ശ്ലോകം നിത്യേന 27 തവണ ജപിച്ചു ശീലിക്കുക . സകലദുരിതങ്ങളും ഒഴിയും .
ഒന്നാമത്തെ ശ്ലോകം:
ശിവശ്ശക്ത്യാ യുക്തോ യദി ഭവതി ശക്തഃ പ്രഭവിതും
ന ചേദേവം ദേവോ ന ഖലു കുശലഃ സ്പന്ദിതുമപി
അതസ്ത്വാമാരാധ്യാം ഹരിഹരവിരിഞ്ചാദിഭിരപി
പ്രണന്തും സ്തോതും വാ കഥമകൃതപുണ്യഃ പ്രഭവതി
വാക്കുകളുടെ അർഥം:
ശിവ: = സർവമംഗള പ്രദനായ ശിവൻ
ശക്ത്യാ = മംഗളസ്വരൂപിണി ആയിരിക്കുന്ന മഹാത്രിപുരസുന്ദരിയോട്
യുക്തോ യദി = കൂടിയവൻ എങ്കിൽ
ഭവതി ശക്ത: = സമർഥൻ ആയി ഭവിക്കുന്നു.
പ്രഭവിതും = പ്രഭുവായി ഇരിക്കുന്നതിന്, അഥവാ പ്രപഞ്ചസൃഷ്ടിക്ക്
ന ചേദേവം ദേവ: = ആ പരമശിവൻ ഇങ്ങനെ ശക്തിയോടു കൂടിയിരുന്നില്ല എങ്കിൽ
ന ഖലു കുശല: = സമർഥനായി ഭവിക്കുന്നില്ല, നിശ്ചയം
സ്പന്ദിതും അപി = ഇളകുന്നതിനു പോലും
അത: = ഇതു ഹേതുവായിട്ടു
ആരാധ്യാം = ആരാധിക്കപ്പെടുവാൻ യോഗ്യയായ
ഹരിഹര വിരിഞ്ചാദിഭി : അപി = ഹരി ശിവബ്രഹ്മാദികളാലും
പ്രണന്തും = ശരീര വാങ്മനസ്സുകളാൽ നമഃ സ്കരിക്കുന്നതിനും
സ്തോതും വാ കഥം = സ്തോസ്ത്രം ചെയ്യുന്നതിനും എങ്ങനെ
അകൃതപുണ്യ: = ജന്മാന്തരത്തിൽ പുണ്യം ചെയ്യാത്തവൻ
പ്രഭവതി = സമർഥനായി ഭവിക്കുന്നു.
സാരം:
അല്ലയോ പരാശക്തിസ്വരൂപിണിയായ മഹാത്രിപുരസുന്ദരീ ! സർവ മംഗള പ്രദനായ പരമശിവൻ ശക്തിരൂപിണിയായ അവിടുത്തോടു കൂടിയവൻ ആയി ഭവിക്കുന്നു എങ്കിൽ പ്രപഞ്ചസൃഷ്ടിക്കു സമർഥനായിത്തീരുന്നു. ആ പരമശിവൻ അപ്രകാരം അവിടുത്തോട് കൂടിയിരുന്നില്ല എങ്കിൽ ഒന്ന് ചലിക്കുന്നതിനു പോലും സമർഥനാകുന്നില്ല. ബ്രഹ്‌മാവിഷ്ണുരുദ്രാദികളാലും ആരാധിക്കപ്പെടുവാൻ യോഗ്യയായ നിന്തിരുവടിയെ ത്രികരണങ്ങളെകൊണ്ടു നമസ്‌കരിക്കുന്നതിനും സ്തോസ്ത്രം ചെയ്യുന്നതിനും ജന്മാന്തരത്തിൽ പുണ്യം ചെയ്യാത്ത ഒരുവൻ ഒരിക്കലും സമർഥനാവില്ല.
English Summary : Significanve of Soundarya Lahari Slokam 01