മഹാവിഷ്ണുവിന്റെ അത്യപൂർവ ഭാവവുമായി ‘ദക്ഷിണ അമ്പാടി’; ആയിരങ്ങൾ തേടിയെത്തുന്ന സന്താനഗോപാമൂർത്തി
Mail This Article
സന്താനങ്ങൾ ഇല്ലാതെ മനംനൊന്ത് കഴിയുന്ന ആയിരങ്ങൾക്ക് ആശ്വാസമായി കൈകളിൽ ശിശുവിനെയുമേന്തി കുടികൊള്ളുന്ന സന്താനഗോപാലമൂർത്തി. മഹാവിഷ്ണുവിന്റെ അത്യപൂർവ്വ ഭാവത്തിലുള്ള ഈ പ്രതിഷ്ഠയുള്ളത് ദക്ഷിണ അമ്പാടി എന്നറിയപ്പെടുന്ന വൈകുണ്ഠേശ്വര സന്താനഗോപാല മൂർത്തി ക്ഷേത്രത്തിലാണ്. ചങ്ങനാശ്ശേരിയിലെ പുഴവാതിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ചരിത്രപെരുമകൊണ്ടും പ്രതിഷ്ഠാ മഹാത്മ്യംകൊണ്ടും ഏറെ പ്രസിദ്ധമാണ്. ഒരുകാലത്ത് ലക്ഷ്മീപുരം കൊട്ടാരം വക ക്ഷേത്രമായിരുന്നതിനാൽ കൊട്ടാരം അമ്പലം എന്നാണ് സമീപപ്രദേശങ്ങളിൽ ഈ ക്ഷേത്രം അറിയപ്പെടുന്നത്.
രണ്ടു കൈകളിൽ ശംഖും ചക്രവും മറ്റു രണ്ടു കൈകളിൽ ഒരു ശിശുവിനെയും എടുത്തിരിക്കുന്ന മഹാവിഷ്ണുവിന്റെ ചതുർബാഹു ഭാവമാണ് ഇവിടുത്തെ പ്രതിഷ്ഠ. സന്താനഭാഗ്യമില്ലാതെ മനോദുഃഖം അനുഭവിക്കുന്ന അനേകായിരം ദമ്പതികളുടെ അനുഗ്രഹ സ്ഥാനമാണ് ഇന്ന് ഈ ക്ഷേത്രം. അകമഴിഞ്ഞ ഭക്തിയോടെ സന്താനഗോപാലമൂർത്തിയെ ഉപാസിച്ചാൽ ദമ്പതികൾക്ക് ദോഷങ്ങൾ അകന്ന് ഇഷ്ട സന്താനലബ്ധി വരമായി ലഭിക്കുമെന്നാണ് ഇവിടുത്തെ വിശ്വാസം. ക്ഷേത്രത്തെക്കുറിച്ച് കേട്ടറിഞ്ഞ് ജാതിമതഭേദമന്യേ അന്യദിക്കുകളിൽ നിന്നുപോലും ആളുകൾ അനുഗ്രഹം തേടി ഇവിടെ വന്നുചേരുന്നു. സന്താനഗോപാലമൂർത്തി പൂർണ്ണത്രയീശഭാവത്തോടുകൂടി ദക്ഷിണേന്ത്യയിൽ കുടികൊള്ളുന്ന ഏക ക്ഷേത്രം എന്നതും ഇവിടുത്തെ പ്രത്യേകതയാണ്.
രേഖകൾ അനുസരിച്ച് 300 വർഷത്തെ പഴക്കമാണ് സന്താനഗോപാലമൂർത്തി പ്രതിഷ്ഠയ്ക്ക് ഉള്ളതെങ്കിലും ദേവ പ്രശ്നങ്ങളിൽ തെളിയുന്നത് പ്രകാരം ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപു തന്നെ ഇവിടെ ക്ഷേത്രം നിലനിന്നിരുന്നു. കാലങ്ങളോളം വിഷ്ണുക്ഷേത്രമായി തുടർന്നിരുന്ന ഇവിടം സ്വാതിതിരുനാൾ രാമവർമ മഹാരാജാവിന്റെ ജനനവുമായി ബന്ധപ്പെട്ടാണ് ഇന്ന് കാണുന്ന നിലയിൽ സന്താനഗോപാലമൂർത്തി പ്രതിഷ്ഠയോടെ പുനർ നിർമ്മിക്കപ്പെട്ടത്. ആ ചരിത്രം ഇങ്ങനെ :
തിരുവിതാംകൂർ രാജാവ് ബാലരാമവർമയുടെ മരണശേഷം രാജ്യത്തിന്റെ അധികാരസ്ഥാനം ഏറ്റെടുക്കാൻ പരമ്പരയിൽ മറ്റ് പുരുഷ സന്താനങ്ങൾ ഇല്ലാത്ത സാഹചര്യം ഉണ്ടായിരുന്നു. അതുമൂലം ബ്രിട്ടീഷുകാർ രാജ്യം കൈവശപ്പെടുത്തുമോ എന്ന ആശങ്കയും നിലനിന്നു. ഈ സാഹചര്യത്തിൽ തിരുവിതാംകൂർ മഹാറാണി ഗൗരി ലക്ഷ്മീബായിക്ക് പുത്രയോഗം ലഭിക്കുന്നതിനായി നാടുമുഴുവൻ പ്രാർത്ഥനകളും വഴിപാടുകളും നടന്നിരുന്നു. അങ്ങനെയിരിക്കെയാണ് ഒരു യോഗീശ്വരൻ ലക്ഷ്മീപുരം കൊട്ടാരത്തോട് ചേർന്നു സ്ഥിതിചെയ്യുന്ന വിഷ്ണു ക്ഷേത്രം പുനർനിർമ്മിച്ച് സന്താനഗോപാലമൂർത്തി പ്രതിഷ്ഠ നടത്താൻ നിർദ്ദേശിച്ചത്. ഈ നിർദ്ദേശം ശിരസാവഹിച്ച രാജരാജവർമ്മ കോയിത്തമ്പുരാൻ വിഷ്ണു ക്ഷേത്രം പുതുക്കി പണിയുകയും സന്താന ഗോപാലമൂർത്തിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. പ്രതിഷ്ഠ നടത്തി ഒരു വർഷത്തിനകം തമ്പുരാട്ടി സ്വാതി തിരുനാൾ മഹാരാജാവിന് ജന്മം നൽകുകയായിരുന്നു. അന്നുമുതൽ അഭീഷ്ട വരദായകനായി സന്താനഗോപാലമൂർത്തി ഇവിടെ വാണരുളുകയാണ്. പിന്നീട് നൂറ്റാണ്ടുകളോളം കൊട്ടാരത്തിന് കീഴിൽ തന്നെയാണ് ക്ഷേത്രം നിലനിന്നത്. 1984 ൽ കൊട്ടാരത്തിൽ നിന്നും ക്ഷേത്രം കേരള ക്ഷേത്ര സംരക്ഷണ സമിതിയെ ഏൽപ്പിക്കുകയും ചെയ്തു.