സമ്പൂർണ വിഷുഫലം 2019, അശ്വതി നക്ഷത്രം : കാണിപ്പയ്യൂർ

Mail This Article
വിവിധങ്ങളും, വ്യത്യസ്തങ്ങളുമായ പ്രവൃത്തികൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തുതീർക്കുവാൻ സാധിക്കുന്നതിനാൽ ആത്മാഭിമാനം തോന്നും. വിദ്യാർഥികൾക്ക് ഉത്സാഹവും, വിദ്യാഗുണവും, പരീക്ഷയിൽ അർഹമായ വിജയവും ഉണ്ടാകും. പഠിക്കുമ്പോൾത്തന്നെ വന്നുചേരുന്ന ഉദ്യോഗാവസരങ്ങൾ നഷ്ടപ്പെടുമെങ്കിലും, ഉപരിപഠനത്തിന് സഹായകമാകയാൽ ആശ്വാസം തോന്നും.
പഴയ ഗൃഹത്തിന്റെ വിൽപന വിചാരിച്ച രീതിയിൽ സാധിക്കുകയില്ല. ദൂരദേശത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും. അവനവനിൽ നിക്ഷിപ്തമായ ചുമതലകൾ മറ്റൊരാളെ ഏൽപിച്ചാൽ അന്തിമമായി അബദ്ധമാകും. സുതാര്യതക്കുറവിനാൽ കൂട്ടുകച്ചവടത്തിൽ നിന്നും പിന്മാറി ലാഭശതമാന വ്യവസ്ഥകളോടുകൂടിയ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും. കുടുംബാംഗങ്ങളുടെ സാന്ത്വനവചനങ്ങളും പ്രോത്സാഹനവും കർമ്മമേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനുള്ള ഉത്സാഹത്തെ വർധിപ്പിക്കും.
കലാകായിക മത്സരങ്ങളിൽ നിഷ്കർഷക്കുറവിനാൽ ശോഭിയ്ക്കുവാൻ കഴിയുകയില്ല. ജാമ്യം നിൽക്കുവാനുള്ള സാഹചര്യത്തിൽ നിന്നും യുക്തിപൂർവം ഒഴിഞ്ഞുമാറുകയാണു ഭാവിയിലേക്കു നല്ലത്. ഭാഗത്തിൽ ലഭിച്ച പൂർവികസ്വത്തിൽ ഗൃഹനിർമ്മാണം പൂർത്തീകരിച്ച് ഗൃഹപ്രവേശനകർമ്മം നിർവഹിക്കും. അന്യദേശത്തോ വിദേശത്തോ പഠിക്കുവാനും അവസരമുണ്ടാകും. തന്മയത്ത്വത്തോടു കൂടിയ പ്രതികരണം ലക്ഷ്യപ്രാപ്തി കൈവരിക്കുവാൻ ഉപകരിക്കും. അപേക്ഷകൾ പൂർണ്ണത പോരാത്തതിനാൽ നിരസിക്കപ്പെടും.