സമ്പൂർണ വിഷുഫലം 2019, ഭരണി നക്ഷത്രം : കാണിപ്പയ്യൂർ

Mail This Article
ആശയവിനിമയങ്ങൾ പങ്കുവയ്ക്കുവാനുമവസരമുണ്ടാകും. അഭിലാഷങ്ങൾ സഫലമാകയാൽ പ്രത്യേകം വഴിപാടുകൾ നേരും. ഉദ്യോഗം ഉപേക്ഷിച്ച്, സുഹൃത്തിന്റെ വ്യാപാരവ്യവസായ സ്ഥാപനത്തിന്റെ സർവാധികാരിസ്ഥാനം വഹിക്കുവാനിടവരും. കക്ഷിരാഷ്ട്രീയ പ്രവർത്തകരുടെ മധ്യസ്ഥതയിൽ അതിർത്തിതർക്കം പരിഹരിക്കും.
ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. വ്യാപാര സ്ഥാപനത്തിന്റെ ഉപശാഖകള്‍ മറ്റു പട്ടണങ്ങളിൽ തുടങ്ങുവാൻ അവസരമുണ്ടാകും. സംരക്ഷിക്കപ്പെടേണ്ടവരിൽ നിന്നും ഉപേക്ഷാമനഃസ്ഥിതി വന്നുചേരുന്നതിനാൽ മനോവിഷമം തോന്നും. പുത്രന് തന്നേക്കാൾ പ്രശസ്തിയും പദവിയും ഉണ്ടെന്നറിഞ്ഞതിനാൽ ആത്മാഭിമാനം തോന്നും. ചിരകാലാഭിലാഷപ്രാപ്തിയായ വിദേശയാത്ര സഫലമാകും. ഉദ്യോഗത്തിനോടനുബന്ധമായി ഉപരിപഠനത്തിനു ചേരും.
നിലവിലുള്ളതിനേക്കാൾ സൗകര്യവും വിസ്തൃതിയുമുള്ള ഗൃഹം വാങ്ങി താമസിച്ചു തുടങ്ങും. സമാനചിന്താഗതിയിലുള്ളവരുമായി സംസർഗ്ഗത്തിലേർപ്പെടുവാനും ആശയവിനിമയങ്ങൾ പങ്കുവയ്ക്കുവാനും ബൃഹത്പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും യോഗമുണ്ട്. സ്തുത്യർഹമായ സേവനം കാഴ്ചവയ്ക്കുവാൻ സാധിച്ചതിനാല്‍ ആത്മാഭിമാനം തോന്നും. ആഭരണങ്ങള്‍ മാറ്റി വാങ്ങും. അനുദിനം വർധിച്ചുകൊണ്ടിരിക്കുന്ന ചെലവുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാൻ നിർബന്ധിതനാകും. പിതൃതുല്യനായ ബന്ധുവിന്റെ അകാലവിയോഗത്തിൽ അതീവദുഃഖമനുഭവപ്പെടും.