എന്തെളുപ്പം! സ്വിഗ്ഗിയിലും സൊമാറ്റോയിലും ഇനി മുതൽ പണമടയ്ക്കാന് പണിപ്പെടേണ്ട

Mail This Article
സ്വിഗ്ഗിയും, സൊമാറ്റോയും മൊബൈൽ ആപ്ലിക്കേഷനുകളിൽ പുതിയ പേയ്മെന്റ് സംവിധാനങ്ങൾ തുടങ്ങി. ഇത് ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യമാണ്.
സ്വിഗി യു പി ഐ
പണമടക്കുന്നതിനായി വേറെ പേയ്മെന്റ് ആപ്ലിക്കേഷനിലേക്ക് മാറാതെ 'സ്വിഗ്ഗി യുപിഐ' വഴി നേരിട്ട് പണമടയ്ക്കാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന ഇൻ-ആപ്പ് യുപിഐ പേയ്മെന്റ് സംവിധാനമാണ് സ്വിഗ്ഗി അവതരിപ്പിച്ചിരിക്കുന്നത്. ചെക്കൗട്ട് പ്രക്രിയ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് കൊണ്ടുവന്നിരിക്കുന്നത്.
സ്വിഗ്ഗി യുപിഐ ഉപയോഗിക്കുന്നതിന് ഉപഭോക്താക്കൾ അവരുടെ ബാങ്ക് അക്കൗണ്ട് ലിങ്കുചെയ്യണം. ഇത് സജ്ജീകരിച്ചുകഴിഞ്ഞാൽ സ്വിഗ്ഗി അപ്ലിക്കേഷനിൽ നേരിട്ട് യുപിഐ പിൻ നൽകി പേയ്മെന്റുകൾ നടത്താം. ഈ സവിശേഷത ഫുഡ് ഓർഡറുകളിൽ മാത്രമല്ല ഇൻസ്റ്റാമാർട്ട്പോലുള്ള മറ്റ് സ്വിഗ്ഗി സേവനങ്ങളിലേക്കും വ്യാപിപ്പിക്കും.
സൊമാറ്റോ മണി
സൊമാറ്റോ ബ്ലിങ്കിറ്റുമായി ചേർന്ന് അതിന്റെ ഇൻ-ആപ്പ് ഡിജിറ്റൽ വാലറ്റായ സൊമാറ്റോ മണിയുടെ പ്രവർത്തനം വിപുലീകരിച്ചു. സൊമാറ്റോ മണി ഓപ്ഷൻ ഇപ്പോൾ ബ്ലിങ്കിറ്റിന്റെ ഹോംപേജിൽ ലഭ്യമാണ്.
മുൻപ് സൊമാറ്റോ മണി ഭക്ഷണ ഓർഡറുകൾക്കും ഡൈനിങ്-ഔട്ട് പേയ്മെന്റുകൾക്കുമായി ഉപയോഗിച്ചിരുന്നു. ഇപ്പോൾ ഗ്രോസറി ഓർഡറുകൾക്കും മറ്റു സേവനങ്ങൾക്കും ഇത് ലഭ്യമാണ്. ഉപഭോക്താക്കൾക്ക് അവരുടെ സൊമാറ്റോ മണി ബാലൻസ് ടോപ്പ് അപ്പ് ചെയ്യാൻ കഴിയും. ഇതിന് നാല് വർഷത്തേക്ക് വാലിഡിറ്റി ഉണ്ടാകും.
ക്യാഷ് ഓൺ ഡെലിവറി (സിഒഡി) ഓർഡറുകൾക്കും സൊമാറ്റോ മണി ഉപയോഗിക്കാം. കഴിഞ്ഞ വർഷം, സിഒഡി ഇടപാടുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് അവരുടെ സൊമാറ്റോ മണി അക്കൗണ്ടിലേക്ക് ബാലൻസ് തുക ചേർക്കാൻ അനുവദിക്കുന്ന ഒരു ഓപ്ഷൻ സൊമാറ്റോ അവതരിപ്പിച്ചിരുന്നു. പണമിടപാട് സമയത്ത് ബാക്കി നൽകാൻ കൃത്യം ചില്ലറ ഇല്ലാതെ വരുമ്പോൾ അസൗകര്യം ഒഴിവാക്കുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ ബാലൻസ് പിന്നീട് ഡെലിവറി ഓർഡറുകൾക്കോ ഡൈനിങ് ഔട്ട് ചെയ്യുന്നതിനോ ഉപയോഗിക്കാം.
പുതിയ അപ്ഡേറ്റുകളിലൂടെ, സ്വിഗ്ഗിയും സൊമാറ്റോയും, ഇടപാടുകൾ സുഗമവും സൗകര്യപ്രദവുമാക്കുന്നതിന് ഡിജിറ്റൽ പേയ്മെന്റ് സൗകര്യങ്ങൾ വർധിപ്പിക്കുകയാണ്. യുപിഐ അധിഷ്ഠിത പേയ്മെന്റുകളും ഡിജിറ്റൽ വാലറ്റുകളും സംയോജിപ്പിക്കുന്നതിലൂടെ, ഈ പ്ലാറ്റ്ഫോമുകൾ ഓർഡറുകൾ കൂട്ടാനാണ് ശ്രമിക്കുന്നത്.
ഉപഭോക്താക്കൾ സ്വിഗി-സൊമാറ്റോ ആപ്പുകൾക്ക് പുറത്തേക്ക് പോയി പണമടയ്ക്കാൻ ശ്രമിക്കുമ്പോൾ ചിലപ്പോൾ ചില സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാകുകയും ഓർഡർ കാൻസലാകുകയും ചെയ്യാറുണ്ട്. ഇത് ഒഴിവാക്കാൻ ഉപഭോക്താവിനെ ആപ്പിനുള്ളിൽ നിർത്തി പണമടപ്പിച്ച്, പെട്ടെന്ന് ഓർഡർ ചെയ്യാൻ പ്രേരിപ്പിക്കുന്നതിനാണ് സ്വിഗിയുടെയും, സൊമാറ്റോയുടെയും ശ്രമം.