ഫോബ്സ് പട്ടികയിൽ ഇടംപിടിച്ച് മാലിന്യ നിർമാർജനത്തിനുള്ള ആക്രി ആപ്പ്

Mail This Article
കൊച്ചി ∙ ഫോബ്സ് മാസികയുടെ പ്രോമിസിങ് സ്റ്റാർട്ടപ് പട്ടികയിൽ ആദ്യ 100 ൽ ഇടം നേടി മലയാളി സ്റ്റാർട്ടപ്പായ ആക്രി ആപ്. അമേരിക്കൻ എംബസിയുടെ നെക്സസ് പരിപാടിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട 10 ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലും ആക്രി ആപ് ഉൾപ്പെട്ടിരുന്നു. സുസ്ഥിര മാലിന്യ നിർമാർജന രംഗത്തു പ്രവർത്തിക്കുന്ന ആക്രി ആപ് ഇതുവരെ കൈകാര്യം ചെയ്തതു പതിനായിരം ടൺ മാലിന്യം. പാർപ്പിടങ്ങൾ, ബിസിനസ് സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെ അംഗീകൃത മാലിന്യ നിർമാർജന സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കുകയാണ് ആക്രി ആപ്പിലൂടെ ചെയ്യുന്നത്.
തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണു കേരളത്തിൽ സേവനം. 87 നഗരസഭകളിലേക്കും രണ്ടു കോർപറേഷനുകളിലേയ്ക്കും കൂടി പ്രവർത്തനം വ്യാപിപ്പിക്കുമെന്നു സ്ഥാപകൻ സി.ചന്ദ്രശേഖർ പറഞ്ഞു. കേരളത്തിലെ ബയോമെഡിക്കൽ മാലിന്യം സംസ്കരിക്കുന്നതിനുള്ള സംവിധാനം കൊച്ചിയിൽ മാത്രമേയുള്ളൂ. രണ്ട് ആധുനിക മെഡിക്കൽ മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ കൂടി ഉചിതമായ സ്ഥലത്ത് ആരംഭിക്കും. മാലിന്യം ശേഖരിക്കേണ്ട സമയം, എവിടേക്കു കൊണ്ടുപോകുന്നു തുടങ്ങിയ കാര്യങ്ങളും ആപ് മുഖേന അറിയാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.