ബാങ്കിങ്, ഫിനാൻസ് പിന്തുണയിൽ പിടിച്ചു നിന്ന് ഇന്ത്യൻ വിപണി

Mail This Article
എഫ്&ഓ ക്ളോസിങ് ദിനത്തിൽ ബാങ്കിങ്, ഫിനാൻസ് സെക്ടറുകളുടെ പിന്തുണയിൽ മുൻനിര സൂചികകൾ നഷ്ടമൊഴിവാക്കിയെങ്കിലും വില്പന സമ്മർദ്ധത്തിൽ ഇന്ത്യൻ വിപണിയിൽ ഇന്നും നഷ്ടം സംഭവിച്ചു. എൻവിഡിയയുടെ പ്രതീക്ഷ മറികടന്ന റിസൾട്ട് ഇന്ന് ഏഷ്യൻ വിപണിയിൽ കാര്യമായ ചലനം സൃഷ്ടിക്കാതെ പോയതും ട്രംപിന്റെ തുടർ താരിഫ് പ്രഖ്യാപനങ്ങളും എഫ്&ഓ ക്ളോസിങ് സമ്മർദ്ദങ്ങളും ഇന്ത്യൻ വിപണിക്ക് ക്ഷീണമേകി.
ഏഷ്യൻ വിപണികൾ മിക്സഡ് ക്ളോസിങ് നടത്തിയപ്പോൾ ട്രംപ് താരിഫ് കെണിയിൽപ്പെട്ട യൂറോപ്യൻ വിപണി നഷ്ടത്തിലാണ് ഇന്ന് വ്യാപാരം തുടരുന്നത്. എൻവിഡിയ റിസൾട്ടിന്റെ ആവേശത്തിൽ അമേരിക്കൻ ഫ്യൂച്ചറുകൾ നേട്ടത്തിൽ വ്യാപാരം തുടരുന്നത് നാളെ ഇന്ത്യൻ ഐടിക്ക് പ്രതീക്ഷയാണ്.
അവസാന മണിക്കൂറിൽ പിന്തുണ നഷ്ടമായി 22508 പോയിന്റിലേക്ക് വീണ നിഫ്റ്റിയുടെ ഇന്നത്തെ ക്ളോസിങ് ആവറേജ് 22545 പോയിന്റാണ്. സെൻസെക്സ് 10 പോയിന്റ് നേട്ടത്തിൽ 74612 പോയിന്റില്‍ ക്ളോസ് ചെയ്തു.

ആർബിഐ സർക്കുലർ
ബാങ്കുകൾ എൻബിഎഫ്സികൾക്കും, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്കും നൽകുന്ന റിസ്ക് വെയ്റ്റ് 125%ൽ നിന്നും 100%ലേക്ക് പുനഃസ്ഥാപിച്ചത് ബാങ്കിങ് ഓഹരികൾക്കും, എൻബിഎഫ്സി ഓഹരികൾക്കും മുന്നേറ്റം നൽകി. ആർബിഐയുടെ നടപടി ബാങ്കുകളിലെ അധികപണം സ്വകാര്യ ധനകാര്യ സ്ഥാപങ്ങളിലേക്കും മൈക്രോഫിനാൻസ് കമ്പനികളിലേക്കും എത്തുന്നതിന് സഹായകമാകും. ക്രെഡിറ്റ് ആക്സസ് ഇന്ന് 12% മുന്നേറിയപ്പോൾ ശ്രീറാം ഫിനാൻസും, എൽ&ടി ഫൈനാൻസും, എം&എം ഫൈനാൻസും 4%ൽ കൂടുതല്‍ മുന്നേറി.
മോർഗൻ സ്റ്റാൻലി കാപിറ്റൽ ഇൻഡക്സ്
നാളെ വിപണി അവസാനിച്ചതിന് ശേഷം നടക്കാനിരിക്കുന്ന എംഎസ് സിഐ ഗ്ലോബൽ സ്റ്റാൻഡേർഡ് ഇൻഡക്സിന്റെ റീബാലൻസിങ്ങും ഇന്ത്യൻ വിപണിയിൽ സ്വാധീനം ചെലുത്തിയേക്കും. മുൻ നിര ഓഹരികളുടെ വെയ്റ്റേജിൽ കുറവ് വരുന്നത് ക്ഷീണമാണ്.
അൾട്രാ ടെക്ക് കേബിൾ
അൾട്രാടെക്ക് സിമന്റ് ലിമിറ്റഡ് 1800 കോടി രൂപ മുതൽമുടക്കിൽ ഗുജറാത്തിലെ ബറൂച്ചിൽ കേബിളുകളും വയറുകളും നിർമിക്കുന്ന ഫാക്ടറി സ്ഥാപിക്കുന്ന വാർത്ത ഓഹരിക്ക് ഇന്ന് 5% വരെ തിരുത്തൽ നൽകി. ഓഹരി 10,447 രൂപയിലാണ് ക്ളോസ് ചെയ്തത്.
അൾട്രാടെക്കിനെ പോലൊരു ബ്രാൻഡിന്റെ വരവ് മറ്റ് മുൻനിര കേബിൾ നിർമാതാക്കളുടെ വിപണി വിഹിതത്തിൽ ഇടിവുണ്ടാക്കിയേക്കാമെന്ന ഭയത്തിൽ കേബിൾ ഓഹരികളും ഇന്ന് നഷ്ടം കുറിച്ചു. കീ ഇന്‍ഡസ്ട്രീസ് 21%വും, പോളിക്യാബ്‌സ് 19%വും വീണു.
എൻവിഡിയ
പ്രതീക്ഷിച്ചത് പോലെ എൻവിഡിയയുടെ നാലാം പാദ ഇപിഎസ് വിപണി അനുമാനത്തിനപ്പുറം പോയതും, മികച്ച ഗൈഡൻസ് പ്രഖ്യാപിച്ചതും ലോക വിപണിയെ കാത്തു. പ്രീമാർക്കറ്റ് വ്യാപാരത്തിൽ അമേരിക്കൻ ടെക്ക് ഓഹരികൾ നേട്ടത്തിൽ വ്യാപാരം തുടരുന്നത് പ്രതീക്ഷയാണ്.
ഇന്ന് വരുന്ന അമേരിക്കൻ ജിഡിപി കണക്കുകളും അൺഎംപ്ലോയ്‌മെന്റ് കണക്കുകളും നാളെ വരാനിരിക്കുന്ന അമേരിക്കൻ പിസിഇ പണപ്പെരുപ്പക്കണക്കുകളും അമേരിക്കൻ വിപണിക്ക് പ്രധാനമാണ്.

രൂപ
അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപ 87.21 എന്ന നിരക്കിലാണ് തുടരുന്നത്. അമേരിക്ക ജിഡിപി, പിസിഇ ഡേറ്റകൾ ഇന്നും നാളെയുമായി ഡോളറിനെ സ്വാധീനിക്കാനിരിക്കുന്നത് രൂപക്കും മറ്റ് രാജ്യാന്തര നാണയങ്ങൾക്കും സ്വർണത്തിനും ഓഹരി വിപണിക്കും നിർണായകമാണ്.
സ്വർണം
പ്രീമിയം നഷ്‌ടമായ സ്വർണം നിർണായക പിന്തുണമേഖലയായ 2900 ഡോളറിലേക്ക് വീണു. ഇന്ന് 2889 ഡോളർ വരെ വീണ രാജ്യാന്തര സ്വർണവില 2904 ഡോളറിലാണ് വ്യാപാരം തുടരുന്നത്.
ക്രൂഡ് ഓയിൽ
യുദ്ധങ്ങൾ അവസാനിക്കുന്നത് ‘വാർ പ്രീമിയ’ത്തിൽ ഇടിവുണ്ടാക്കുന്നത് ക്രൂഡ് ഓയിലിന് ക്ഷീണമാണ്. വ്യാപാരയുദ്ധം കനക്കുന്നത് എണ്ണയുടെ ആവശ്യകതയിൽ കുറവുണ്ടാക്കുമെന്ന പ്രതീതി പരത്തുന്നതും റഷ്യയുടെയും, ഇറാന്റെയും എണ്ണ കൂടി വിപണിയിൽ സുലഭമായേക്കാവുന്നതും എണ്ണവിലയ്ക്ക് ക്ഷീണമാണ്.
ബ്രെന്റ് ക്രൂഡ് ഓയിൽ72 ഡോളറിന് മുകളിലാണ് വ്യാപാരം തുടരുന്നത്.
എൻഎസ്ഡിഎൽ ഐപിഓ മാർച്ചിൽ
നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി സർവീസസ് ലിമിറ്റഡിന്റെ 3000 കോടി രൂപയുടെ ഐപിഓ മാർച്ചിൽ നടക്കുന്നത് എക്സ്ചേഞ്ച് ഓഹരികൾക്കും, ഓഹരികൾ വിൽക്കുന്ന പ്രൊമോട്ടർ ബാങ്കുകൾക്കും ഒരു പോലെ പ്രധാനമാണ്. ഐഡിബിഐ ബാങ്ക് രണ്ട് കോടിയിലേറെ ഓഹരികൾ വിൽക്കുമ്പോൾ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 56 ലക്ഷവും എസ്ബിഐയും, എച്ച്ഡിഎഫ്സി ബാങ്കും 40 ലക്ഷം വീതവും ഓഹരികളും വിറ്റഴിക്കുന്നത് ബാങ്കുകളുടെ അടുത്ത റിസൽട്ടിലും പ്രതിഫലിക്കും.

ടാറ്റ കാപിറ്റൽ ഐപിഓ
മുൻനിരയിലുള്ള എൻബിഎഫ്സി കമ്പനികൾ ഐപിഓ നടത്തേണ്ട അവസാന തീയതിയായ സെപ്റ്റംബർ 30ന് മുൻപേ ഐപിഓ നടത്താനായി ഡയറക്ടർ ബോർഡ് അനുമതി നൽകിയത് ടാറ്റ ഇൻവെസ്റ്റ്മെന്റ് കോർപറേഷന് മുന്നേറ്റം നൽകിയിരുന്നു.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക