അധ്യാപകരെ ഡിസൈനിങ് പഠിപ്പിച്ച് 7 വയസ്സുകാരി; ഇന്ത്യയിലും വിദേശത്തുമായി നിരവധി ശിഷ്യർ
Mail This Article
ഫാത്തിമ ഫർഹാന എന്ന 7 വയസ്സുകാരി ഇന്നൊരു ടീച്ചറാണ്. അതും പഠിപ്പിക്കുന്നത് തന്നെക്കാൾ മുതിർന്ന ആളുകളെയും ടീച്ചർമാരേയുമൊക്കെയാണ്. ഫാത്തിമ പഠിപ്പിക്കുന്ന വിഷയം ഇംഗ്ലീഷോ കണക്കോ സയൻസോ ഒന്നുമല്ല. ക്യാൻവാ എന്ന ഡിസൈൻ പ്ലാറ്റുഫോം ഉപയോഗിച്ച് പോസ്റ്ററുകളും അനിമേഷനുകളും പ്രെസെന്റേഷനുമെല്ലാം തയ്യാറാക്കാനാണ് ഈ കൊച്ചുമിടുക്കി പഠിപ്പിക്കുന്നത്
ചെറുപ്പം മുതലേ ഫാത്തിമ പിതാവിന്റെ മൊബൈൽ ഫോണിൽ മറ്റുള്ള കുട്ടികൾക്ക് ക്ലാസുകൾ എടുക്കുന്ന രീതിയിൽ വിഡിയോകൾ പോസ്റ്റ് ചെയ്യുമായിരുന്നു. ഹാഷ് ഫ്യുച്ചർ സ്കൂൾ എന്ന സ്കൂളിൽ ചേർന്നപ്പോൾ ഫാത്തിമക്ക് സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് ഡിസൈൻ ചെയ്യുവാൻ അവസരം ലഭിച്ചു. സ്കൂളിലേക്കു വേണ്ടി പഠിച്ച കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് സ്വയം റിപ്പോർട്ട് നൽകുന്ന പോർട്ട്ഫോളിയോ പ്രസന്റേഷൻ ഒക്കെ ക്യാൻവായിൽ വളരെ മനോഹരമായി ചെയ്തു. ഇതു കണ്ടപ്പോൾ തങ്ങളെയും ഡിസൈൻ പഠിപ്പിക്കണം എന്ന ആവശ്യവുമായി കൂട്ടുകാർ ഫാത്തിമയെ സമീപിച്ചു .ഇങ്ങനെയാണ് ഫാത്തിമ മറ്റു കുട്ടികളെ കൂടി പഠിപ്പിച്ചു തുടങ്ങിയത്. ഓൺലൈനിലൂടെ പഠിക്കുവാൻ മുതിർന്നവരും വിദേശത്തുള്ളവരും എത്തിയപ്പോൾ ഫാത്തിമയുടെ ക്ലാസ്സുകൾ പ്രസിദ്ധമായി.
ഇന്ന് ഇന്ത്യയിലും വിദേശത്തുമായി 100 ൽ പരം വിദ്യാർത്ഥികൾ ഫാത്തിമയുടെ ക്യാൻവാ ക്ലാസ്സിലൂടെ ഡിസൈൻ പഠിച്ചു കഴിഞ്ഞു. ഫാത്തിമ തന്നെയാണ് സ്വന്തമായി പോസ്റ്ററുകൾ ഡിസൈൻ ചെയ്യുന്നതും മാർക്കറ്റിംഗ്, സെയിൽസ് എന്നിവയും ചെയ്യുന്നത്. പെരുമ്പാവൂർ സ്വദേശികളായ ശിഹാബുദ്ധീൻ-റെബിന ദമ്പതികളുടെ മകളായ ഫാത്തിമയുടെ മൂത്ത സഹോദരൻ മുഹമ്മദ് അമീൻ 10 വയസ്സിൽ സ്വന്തമായി ABCCODERS എന്ന സ്ഥാപനം തുടങ്ങി മാധ്യമ ശ്രദ്ധ നേടിയിരുന്നു. ആദില, അബ്ദുല്ല എന്നിവരും ഫാത്തിമയുടെ സഹോദരങ്ങളാണ്.
Content Summary : Fathima the seven year old designing teacher