'ഡംബൽ ഈസീ ഡാ'; അമ്മയ്ക്കൊപ്പം ജിമ്മിൽ പരിശീലനം നടത്തി ജൂനിയർ ചീരു

Mail This Article
തെന്നിന്ത്യൻ സിനിമാപ്രേമികൾക്ക് വളരെ പ്രിയങ്കരിയായ നടിയാണ് മേഘ്ന രാജ്. കുഞ്ഞ് ഉണ്ടായതിനു ശേഷം മകന്റെ ഓരോ കുഞ്ഞു കുഞ്ഞു വിശേഷങ്ങളും മേഘ്ന ആരാധകരുമായി പങ്കു വെയ്ക്കാറുണ്ട്. റയാൻ രാജ് സർജ എന്നാണ് കുഞ്ഞിന്റെ മുഴുവൻ പേര്. ഇത്തവണ ജിമ്മിൽ നിന്നുള്ള വിഡിയോ ആണ് മേഘ്ന ആരാധകരുമായി പങ്കുവെച്ചത്.
ഞായറാഴ്ചകളിൽ ഞങ്ങൾ സാധാരണയായി ചെയ്യാറുള്ളത് എന്ന തലക്കെട്ടോടെയാണ് ജിമ്മിൽ നിന്നുള്ള ഒരു വിഡിയോ മേഘ്ന പങ്കുവെച്ചത്. അമ്മയ്ക്കൊപ്പം ജിം ആക്ടിവിറ്റികളിൽ വളരെ ഉത്സാഹത്തോടെ ഏർപ്പെടുന്ന റയാൻ രാജിനെയാണ് വിഡിയോയിൽ കാണുന്നത്. ഡംബൽ എടുത്ത് വ്യായാമം ചെയ്യുകയും പ്ലാങ്ക് ചെയ്യാൻ പഠിക്കുന്നതുമെല്ലാം വിഡിയോയിൽ കാണാം. പ്ലാങ്ക് 20 സെക്കൻഡ് വരെ എണ്ണുന്നുണ്ട്.
അതിനു ശേഷം ഒരു ഷോർഡർ ബാഗിൽ ഡ്രസ് ഒക്കെയായി നിറഞ്ഞ ചിരിയോടെ എത്തുന്ന കുഞ്ഞിനോട്' ഐ ലവ് യു ബേബി' എന്ന് മേഘ്ന പറയുന്നു. അതിനു മറുപടിയായി കുഞ്ഞും 'ഐ ലവ് യു' എന്ന് ചിരിച്ചു കൊണ്ട് പറയുകയാണ്. 'ഞായറാഴ്ചകളിൽ ഞങ്ങൾ സാധാരണയായി ചെയ്യാറുള്ളത്... ആരോഗ്യപരമായ അന്തിമതീരുമാനങ്ങളിലേക്ക് എത്തുന്നതിനു മുമ്പ്, എന്നോടൊപ്പം ജിമ്മിലേക്ക് അവൻ വരാറുണ്ട്. ചിലപ്പോൾ വെറുതെ കളിക്കാനും മറ്റു ചിലപ്പോൾ ഞാൻ വർക് ഔട്ട് ചെയ്യുന്നത് കാണാനും. ഞാൻ ചെയ്യുന്ന കാര്യങ്ങൾ അനുകരിക്കാൻ അവൻ ആഗ്രഹിച്ച ഒരു ദിവസമായിരുന്നു ഇത്' - എന്ന അടിക്കുറിപ്പോടെയാണ് മേഘ്ന വിഡിയോ പങ്കുവെച്ചത്.
കുഞ്ഞു റയാന് സ്നേഹം അറിയിച്ച നിരവധി കമന്റുകളാണ് ആരാധകർ കുറിച്ചിരിക്കുന്നത്. വിഡിയോയിൽ അമ്മ പറയുന്നതെല്ലാം നിറഞ്ഞ ചിരിയോടെ അനുസരിക്കുന്ന കുഞ്ഞു റയാനെയാണ് കാണുക. മേഘ്ന മൂന്നു മാസം ഗർഭിണി ആയിരുന്നപ്പോഴാണ് ഭർത്താവ് ചിരഞ്ജീവി സർജ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞത്. ജൂനിയർ ചീരു എന്നാണ് ആരാധകരും കുഞ്ഞു റയാനെ സ്നേഹപൂർവം വിളിക്കുന്നത്.