ADVERTISEMENT

ജീവികൾ പ്രകാശം പരത്തുന്ന പ്രതിഭാസം ബയോലൂമിനെൻസ് എന്നാണ് അറിയപ്പെടുന്നത്. അവതാർ എന്ന സിനിമയിലെ പൻഡോറ എന്ന ഗ്രഹത്തിലുള്ള മുഴുവൻ ജീവജാലങ്ങൾക്കും ഈ സവിശേഷതയുണ്ട്. ശലഭങ്ങൾക്കും പറവകൾക്കും നാവി എന്നറിയപ്പെടുന്ന അവിടത്തെ മനുഷ്യർക്കും അങ്ങനെ എല്ലാത്തിനും. എന്തു രസമായിരിക്കും അല്ലേ, അവിടെ?

 

ബയോലൂമിനൻസിന് ഉദാഹരണം കാണാനായി പൻഡോറ വരെയൊന്നും പോകേണ്ട.ഭൂമിയിൽ തന്നെ ധാരാളം ജീവികൾക്ക് ഈ പ്രതിഭാസമുണ്ട്. ഏറ്റവും മികച്ച ഉദാഹരണം നമ്മുടെ പറമ്പിലും തൊടിയിലുമൊക്കെ കാണുന്ന മിന്നാമിന്നികൾ തന്നെ. സ്വശരീരത്തിൽ നിന്ന് രാസവസ്തുക്കൾ ഉപയോഗിച്ചാണ് പ്രകൃതിയുടെ ഈ മിന്നാമിന്നി ബൾബുകൾ പ്രകാശം പുറത്തുവിടുന്നത്.

 

എന്നാൽ മിന്നാമിന്നികൾക്ക് മാത്രമല്ല കേട്ടോ ഈ സവിശേഷതയുള്ളത്. സമുദ്രത്തിലെ ഒട്ടേറെ ജീവികൾക്ക് ബയോലൂമിനൻസ് പുറപ്പെടുവിക്കാനുള്ള കഴിവുണ്ട്. ചിലയിനം ജെല്ലിഫിഷുകൾക്കും ഫംഗസുകൾക്കുമൊക്കെ ഇതിനു കഴിയും. ആഴക്കടലിലെ മത്സ്യങ്ങളായ ആംഗ്ലർഫിഷ്, ലാന്റേൺഫിഷ് തുടങ്ങിയ വിദ്വാൻമാരും ശരീരത്തിൽ നിന്ന് പ്രകാശം പുറപ്പെടുവിക്കുന്നവരാണ്. ന്യൂസീലൻഡിന്റെ കിഴക്കൻ മേഖലയിൽ പര്യവേക്ഷണം നടത്തിയ ശാസ്ത്രജ്ഞർ ചിലയിനം സ്രാവുകൾ പ്രകാശം പുറപ്പെടുവിക്കുന്നതായും കണ്ടെത്തിയിരുന്നു. ആഴക്കടലിൽ ഇരകളെ വേട്ടയാടാനായാണ് ഈ പ്രകാശത്തെ ഇത്തരം മത്സ്യങ്ങളും ജീവികളും ഉപയോഗിക്കുന്നത്. 

 

മനുഷ്യർക്ക് പ്രകാശം പുറപ്പെടുവിക്കാൻ കഴിയുമോ? കഴിയുമെന്നാണ് 2009ൽ ജപ്പാനിൽ നടത്തിയ ഒരു പഠനത്തിനു ശേഷം ഗവേഷകർ അഭിപ്രായപ്പെട്ടത്. ജപ്പാനിലെ ടൊഹോക്കു ഇൻസ്റ്റിറ്റ്യൂട്ട് എന്ന ഗവേഷണസ്ഥാപനത്തിലെ വിദഗ്ധരായിരുന്നു പഠനത്തിനു പിന്നിൽ. മനുഷ്യരും പ്രകാശം പുറപ്പെടുവിക്കുന്നുണ്ടെന്നും എന്നാൽ വളരെ തീവ്രത കുറഞ്ഞ പ്രകാശമായതിനാൽ നമുക്ക് അത് ദൃഷ്ടിഗോചരമാകുന്നില്ലെന്നുമായിരുന്നു ഗവേഷകരുടെ പഠനത്തിലുണ്ടായിരുന്നത്. 

 

നമ്മുടെ കണ്ണുകളുടെ സെൻസിറ്റിവിറ്റിക്ക് യോജിക്കുന്ന പ്രകാശതീവ്രതയെക്കാൾ 1000 മടങ്ങ് കുറവാണത്രേ ഈ പ്രകാശം. സൂപ്പർ സെൻസിറ്റീവ് ഗണത്തിൽപെടുന്ന ക്യാമറകളുപയോഗിച്ചാണ് ഗവേഷകസംഘം ഈ കണ്ടെത്തൽ നടത്തിയത്. 5 വൊളന്റിയർമാരെ പ്രത്യേകം തയാർ ചെയ്ത മുറിയിലാക്കിയായിരുന്നു ഗവേഷണം.നെറ്റി, കഴുത്ത്, കവിളുകൾ എന്നീ ഭാഗങ്ങളിലാണ് ഏറ്റവും മികച്ച പ്രകാശം അനുഭവപ്പെടുന്നതെന്നും ശാസ്ത്രജ്ഞർ കണ്ടെത്തി.

 

English Summary : Bioluminescence imaging in humans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com